പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍
കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. നേരത്തെ എല്ലാ മത സംഘടനാ നേതാക്കളും ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉടനടി സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ),
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ), കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി
(പ്രസിഡന്റ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ ), എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള), ടി.പി അബ്ദുല്ലക്കോയ മദനി
(പ്രസിഡന്റ്, കേരള നദ്‌വതുല്‍ മുജാഹിദീന്‍ ), കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത് ഫെഡറേഷന്‍)
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വൈസ് പ്രസിഡന്റ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍), വി.എച്ച് അലിയാര്‍ ഖാസിമി (ജനറല്‍ സെക്രട്ടറി, ജംഇയ്യതുല്‍ ഉലമാ ഹിന്ദ് കേരള), സി.പി ഉമര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, കെ.എന്‍.എം മര്‍കസുദ്ദഅ്‌വ) എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."