വ്യാപക ലോക്ക്ഡൗൺ ഇന്ന് പിൻവലിച്ചേക്കും; പ്രാദേശിക നിയന്ത്രണങ്ങൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക ലോക്ക്ഡൗൺ ഇന്ന് പിൻവലിച്ചേക്കും. ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരുന്നുണ്ട്.
പ്രാദേശിക നിയന്ത്രണങ്ങൾ ഏർപെടുത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സൂചന. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന തരത്തിലുള്ള ഇളവുകൾ ഘട്ടംഘട്ടമായി നൽകാനാണ് ആലോചന. മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ഓട്ടോ, ടാക്‌സി സർവീസുകൾ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ച് അനുവദിച്ചേക്കും. വർക്ക് ഷോപ്പുകൾക്കും ബാർബർ ഷോപ്പുകൾക്കും പ്രവർത്തനാനുമതി നൽകാനാണ് ആലോചന. കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയും നൽകിയേക്കും. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്‌സുകൾ എന്നിവക്ക് ഈ 'അൺലോക്ക്' പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല.
ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൊവിഡ് ചികിത്സയിൽ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികൾ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."