വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച 11 പേര്‍ പൊലിസ് കസ്റ്റഡിയില്‍; മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
പരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞ് പട്ടാപ്പകല്‍ പെരുമ്പാവൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ 11 പേര്‍ പൊലിസ് കസ്റ്റഡിയില്‍. ഇതില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരുമ്പാവൂര്‍ എം.എച്ച് കവലയില്‍ താമസിക്കുന്ന മാവിന്‍ചുവട് സ്വദേശി ചെന്താര വീട്ടില്‍ അജിംസ് (36), കോട്ടപ്പുറം ആലങ്ങാട് സ്വദേശി മുട്ടുങ്ങല്‍ വീട്ടില്‍ സനൂപ് (26), കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി വട്ടപ്പനപറമ്പില്‍ വീട്ടില്‍ റഹീസ് (20) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ അജിംസ്.
കവര്‍ച്ച നടന്ന പാറപ്പുറം പാളിപ്പറമ്പില്‍ വീട്ടില്‍ സിദ്ധിഖിന്റെ വീടിന് സമീപത്ത് കഴിഞ്ഞ ഒന്നര വര്‍ഷം വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് അജിംസ്. നാല് മാസം മുമ്പാണ് ഇയാള്‍ അവിടെ നിന്നും താമസം മാറിയത്. സിദ്ധീഖും കുടുംബവുമായി അടുത്ത ബന്ധമാണ് അജിംസിനുള്ളതെന്ന് പൊലിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് വീടിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
സംഭവദിവസം മറ്റ് സംഘാഗങ്ങളെത്തിയ ഇന്നോവ കാറിന് അകമ്പടിയായി സിദ്ധീഖിന്റെ വീടിന് സമീപമുള്ള അമ്പലത്തിലെ ആല്‍ത്തറ വരെ അജിംസും റഹീസും എത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍കയറിയ സമയവും ഇവര്‍ ഓള്‍ട്ടോ കാറില്‍ പുറത്തുണ്ടായിരുന്നു.
സനൂപ് സംഭവ ദിവസം രംഗത്തുണ്ടായിരുന്നില്ല. ഈ സമയം ഇയാള്‍ ഭാര്യ വീട്ടിലായിരുന്നുവെന്നാണ് വിവരം. ഒരാഴ്ച്ച മുമ്പാണ് സനൂപിന്റെ വിവാഹം കഴിഞ്ഞത്. സനൂപാണ് സുഹൃത്ത് കൂടിയായ റഹീസ് ഓടിക്കുന്ന ഓള്‍ട്ടോ കാര്‍ ഏര്‍പ്പാട് ചെയ്ത് അജിംസിന് കൊടുത്തത്. വ്യാജ നമ്പര്‍ പതിച്ച ഇന്നോവ കാറിലാണ് പ്രതികള്‍ മോഷണത്തിനെത്തിയത്.
സിദ്ധീഖിന്റെ വീടിന് സമീപത്തുള്ളവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അജിംസ് പിടിയിലാകുന്നത്. അജിംസിന്റെ മുന്‍കാലത്തെ കേസുകള്‍ സംബന്ധിച്ചും പൊലിസ് അന്വേഷിച്ചിരുന്നു. സംഭവത്തിനായി ഉപയോഗിച്ച ഇന്നോവ കാറും ഓള്‍ട്ടോ കാറും ദിവസവാടകയ്ക്ക് എടുത്തതാണെന്ന് തെളിഞ്ഞു. ഓള്‍ട്ടോ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യ പ്രതിയായ അജിംസിന്റെ എം.എച്ച് കവലയിലുള്ളവീട്ടില്‍ പോലീസ് ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലിസ് പറഞ്ഞു. കവര്‍ച്ച നടത്തിയ വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു ഐപാഡ്, 25,000 രൂപ എന്നിവയാണ് പ്രതികള്‍ മോഷ്ടിച്ചത്. നഷ്ടപ്പെട്ട 55 പവനും മറ്റ് വസ്തുക്കളും ഭാഗികമായി കണ്ടെടുത്തായി സൂചനയുണ്ട്. പ്രതികളെ ഇന്ന് ആലുവ പൊലിസ് ക്ലബില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."