സുവേന്ദു അധികാരിക്ക് കോടതിയിലും തിരിച്ചടി
കൊല്‍ക്കത്ത: ബി.ജെ.പി എം.എല്‍.എമാര്‍ കൂറുമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് കോടതിയിലും തിരിച്ചടി. മുനിസിപ്പാലിറ്റി ഓഫിസില്‍നിന്നു ലക്ഷക്കണക്കിനു രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ കട്ടുകടത്തിയ കേസില്‍ പൊലിസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന സുവേന്ദു അധികാരിയുടെ ആവശ്യം കൊല്‍ക്കത്ത ഹൈക്കോടതി അംഗീകരിച്ചില്ല.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുവേന്ദു നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഈ മാസം 22ന് കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കാന്‍ ജസ്റ്റിസ് തീര്‍ത്ഥാങ്കര്‍ ഘോഷ് പൊലിസിനു നിര്‍ദേശം നല്കി.
കേസ് ഡയറി പരിശോധിക്കാതെ ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നു കോടതി പറഞ്ഞു. വേണമെങ്കില്‍ ഹരജിയിലെ ആവശ്യത്തില്‍ അന്വേഷണം സ്റ്റേ ചെയ്യുന്നതല്ലാത്ത മാറ്റം വരുത്താനും കോടതി സുവേന്ദുവിന് അനുമതി നല്കി. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റി ഓഫിസില്‍നിന്നു ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയെന്ന കേസില്‍ സുവേന്ദുവിന്റെ സഹോദരന് സൗമേന്ദു അധികാരിയും പ്രതിയാണ്.
തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന വാദമാണ് സുവേന്ദു കോടതിയില്‍ ഉന്നയിച്ചത്. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയാണ് പൊലിസില്‍ പരാതി നല്‍കിയിരുന്നത്. മെയ് 29നാണ് മോഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."