24 മണിക്കൂറും പൊലിസ് സുരക്ഷയുള്ള 'വി.ഐ.പി'; പ്രായം വെറും രണ്ടു മാസം!
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് 24 മണിക്കൂറും സുരക്ഷയേര്‍പ്പെടുത്തി പൊലിസ്. രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായതോടെയാണ് കുഞ്ഞിന് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്.
24 മണിക്കൂറും പൊലിസ് സുരക്ഷ ലഭിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഈ കുഞ്ഞായിരിക്കുമെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാന്ധിനഗറിലെ അദലാജിലെ ചേരിയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. ആക്രി വില്‍പനയാണ് ഉപജീവനമാര്‍ഗം.
കഴിഞ്ഞ ഏപ്രിലില്‍ കുഞ്ഞ് ജനിച്ചു രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍നിന്ന് ആദ്യം തട്ടിക്കൊണ്ടുപോയത്. ജിഗ്‌നേഷ്, അസ്മിത ഭാരതി എന്നിവര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയ്ക്കുള്ളില്‍ പൊലിസ് മോചിപ്പിച്ചു. ജൂണ്‍ അഞ്ചിനു വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കുട്ടികളില്ലാത്ത ദിനേശ്-സുധ ദമ്പതിമാരാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ റോഡരികില്‍നിന്നു പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ സൈക്കിളില്‍ കിടത്തിയിരുന്ന കുഞ്ഞിനെ ഇരുവരും കൊണ്ടുപോകുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ നാലു ദിവസത്തിനു ശേഷം പൊലിസ് കുഞ്ഞിനെ കണ്ടെത്തി. ഇതോടെ ഇനി മുഴുസമയ സുരക്ഷ നല്‍കാമെന്നു തീരുമാനിക്കുകയായിരുന്നു. വീട്ടിലും മാതാപിതാക്കളുടെ ജോലിസ്ഥലങ്ങളിലും പൊലിസ് നിരീക്ഷണമുണ്ടാകും. മാത്രമല്ല, കുടുംബത്തിനു സ്ഥിരമായ വാസസ്ഥലം ഒരുക്കാനും മാതാപിതാക്കള്‍ക്കു നല്ലൊരു ജോലി കണ്ടെത്തിക്കൊടുക്കാനും പൊലിസിനു പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."