ഇസ്‌ലാമിന്റെ യഥാർഥ പാത
ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ
ആരോഗ്യ അവശതകൾ കാരണം വീട്ടിൽ വിശ്രമത്തിലാണ് ഞാൻ. സമസ്തയിൽ നിലവിലെ അംഗങ്ങളിൽ പ്രായം ഏറ്റവും കൂടുതൽ എനിക്കാണ്. 90 വയസ്സായി. പഠന കാലത്തുതന്നെ സമസ്ത നേതാക്കളുടെ പ്രഭാഷണ സദസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, പതി അബ്ദുൽഖാദർ മുസ്‌ലിയാർ, പറവണ്ണ ഉസ്താദ് തുടങ്ങിയവരുടെ ഖണ്ഡന പ്രഭാഷണങ്ങൾ കേൾക്കാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു. 1951ൽ വടകരയിൽ നടന്ന സമസ്ത സമ്മേളനത്തിൽ പങ്കെടുത്തത് ഒളിമങ്ങാത്ത ഓർമയാണ്. ഈ സമ്മേളനത്തിലായിരുന്നു വിദ്യാഭ്യാസ ബോർഡിന് രൂപം നൽകിയത്. ബോർഡ് രൂപീകരണ പ്രമേയം അവതരിപ്പിച്ച ശേഷം 'അവതാരകൻ ഞാൻ തന്നെ' എന്ന പറവണ്ണ ഉസ്താദിന്റെ അവതരണ ശൈലി ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. ഇത് സമസ്തയുടെയും കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും വലിയ നാഴികക്കല്ല് ആയിരുന്നു.
വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നെങ്കിലും അന്നുതന്നെ സമസ്തയോട് അടങ്ങാത്ത സ്‌നേഹമുള്ള സജീവ പ്രവർത്തകനായിരുന്നു. പഠനത്തിനുശേഷം ജോലി ചെയ്യുന്ന കാലത്തും അന്നത്തെ സമസ്ത നേതാക്കളുമായി വലിയ ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ജാമിഅ നൂരിയ്യയിൽ ജോലി ചെയ്യുന്ന കാലത്ത് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടാൻ ഹേതുവായതെന്നാണ് വിശ്വാസം.
2004ലാണ് മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. വടകര താലൂക്ക് ജംഇയ്യത്തുൽ ഖുളാത്ത് പ്രസിഡന്റായാണ് നേതൃരംഗത്ത് എത്തിയത്. പിന്നീട് സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. നിലവിൽ സമസ്തയുടെ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കരുതുന്നത്. ആരോഗ്യമനുവദിച്ച കാലമത്രയും നാഥന്റെ തൗഫീഖിനാൽ മുശാവറ യോഗങ്ങളിൽ പങ്കെടുക്കാനും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്.
പഴയ കാലത്ത് പണ്ഡിത സംഘടന മാത്രമായതിനാൽ സമസ്തയുടെ പ്രവർത്തനങ്ങൾ പൊതുജനത്തിനിടയിൽ സജീവമല്ലെങ്കിലും പുത്തൻവാദികൾക്കെതിരേ പ്രതിരോധം തീർക്കുന്നതിൽ മുൻപന്തിയിലായിരുന്നു. പല പരിപാടികൾക്കും ദൂരേദിക്കുകളിൽ നടന്നുപോയ അനുഭവങ്ങളുണ്ട്. പിന്നീടാണ് പൊതുജനങ്ങൾക്കിടയിലേക്ക് വിവിധ ഉപഘടകങ്ങൾ രൂപീകരിക്കപ്പെട്ടത് സംഘടനയുടെ വളർച്ചക്ക് ആക്കം കൂട്ടിയത്.
ഇസ്‌ലാമിന്റെ തനതായ രൂപമാണ് സമസ്ത. ഈ പ്രസ്ഥാനത്തെ പിന്തുടർന്ന് ജീവിക്കാൻ നമുക്ക് സാധിക്കണം. കാലഘട്ടം മലീമസമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സമസ്തയുടെ പോഷകഘടകങ്ങളിൽ പ്രവർത്തിക്കുകയും അതുവഴി ഇരുലോകത്തും വിജയിക്കാൻ യുവാക്കളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."