വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ട് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല, പ്രോത്സാഹിപ്പിക്കരുത്; ഛത്തീസ്ഗഡ് വനിതാ കമ്മീഷന്‍
വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ട് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല
റായ്പൂര്‍: വിവാഹത്തിന് മുമ്പുള്ള ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്ന പ്രവണത പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഢ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായക്. കമ്മീഷനില്‍ എത്തിയ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍റെ പരാമര്‍ശം. വിവാഹത്തിന് മുമ്പ് പ്രീ വെഡിങ് ഫോട്ടോഷൂട്ടും, വീഡിയോ ഷൂട്ടുമെല്ലാം കഴിഞ്ഞതിന് ശേഷം വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്.
വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍ വീട്ടുകാര്‍ വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ച പണം തിരികെ നല്‍കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചു. ഇതിന് പുറമെ വരന്റെ കൂടെയെടുത്ത ഫോട്ടോകളില്‍ പെണ്‍കുട്ടിക്ക് ആശങ്കയുണ്ടായിരുന്നു. കമ്മീഷന്‍ ഇടപെട്ട് പണം തിരികെ വാങ്ങി വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കി. എടുത്ത എല്ലാ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു.
ഇത്തരം സംസ്‌കാരം നമ്മുടെ സമൂഹത്തിന് നല്ലതല്ലെന്നും ആളുകള്‍ തെറ്റായ വഴിക്ക് പോകുമെന്നും അതിന്റെ അനന്തരഫലങ്ങള്‍ ഭാവിയില്‍ അപകടകരമാകുമെന്നും തോന്നുന്ന നിരവധി കേസുകള്‍ കമ്മീഷന്റെ മുന്നില്‍ വന്നിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഞാന്‍ ഇക്കാര്യം പറയുന്നത്. വിവാഹത്തിന് മുമ്പുള്ള ഷൂട്ടിംഗ് പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണ്, രക്ഷിതാക്കള്‍ ഇത്തരം പ്രവണത പ്രോത്സാഹിപ്പിക്കരുത്,' ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ വനിതാ കമ്മീഷനെ സമീപിക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."