ഉപതെരഞ്ഞെടുപ്പ് ; പഞ്ചാബിൽ അടിപതറി എ.എ.പി
ന്യൂഡൽഹി
അഞ്ചു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്‌സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബിൽ എ.എ.പിക്കും ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കും കനത്ത തിരിച്ചടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാജിവച്ച ലോക്‌സഭാ സീറ്റിൽ ശിരോമണി അകാലിദൾ വിജയിച്ചു.
സിമ്രൻജിത് സിങ് മാൻ ആണ് വിജയിച്ചത്. നേരത്തെ ഭഗവന്ത് മാൻ എം.പിയായിരുന്ന സൻഗരൂർ മണ്ഡലം എ.എ.പിയുടെ ശക്തികേന്ദ്രമാണ്.
7,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ സിമ്രൻജിത് സിങ് മാൻ വിജയിച്ചത്. ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ 6,104 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി (എസ്.പി) മണ്ഡലങ്ങളിൽ ബി.ജെ.പി നേട്ടമുണ്ടാക്കി. അഅ്‌സം ഖാന്റെ റാംപൂർ ബി.ജെ.പി സ്ഥാനാർഥി ഗ്യാൻശ്യാം ലോധി 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തു.
അസംഗ്രയിൽ ബി.ജെ.പി സ്ഥാനാർഥി ദിനേശ് ലാൽ യാദവ് എസ്.പിയുടെ ധർമേന്ദ്ര യാദവിനെ തോൽപിച്ചു.
അസംഗഢിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും രാംപൂരിൽ അഅ്സം ഖാനും രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ മൂന്നു സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. ഡൽഹിയിലെ രജീന്ദർ നഗർ ആം ആദ്മി പാർട്ടി (എ.എ.പി) നിലനിർത്തി.
ദുർഗേഷ് പഥക് 11,000 വോട്ടിനാണ് ജയിച്ചത്. രാജ്യസഭാ എം.പിയായതോടെ എ.എ.പി നേതാവ് രാഘവ് ചന്ദ രാജിവച്ചതിനെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്.
ജാർഖണ്ഡിൽ കോൺഗ്രസ് എം.എൽ.എ ബന്ധു തിർകെ അഴിമതിക്കേസിൽ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൾ ശിൽപി നേഹ 23,000 വോട്ടിന് ജയിച്ച് സീറ്റ് നിലനിർത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."