ആകാശംമുട്ടി വിമാന നിരക്ക്
ബലിപെരുന്നാളിനുംഗൾഫിലെ വേനലവധിക്കും നാട്ടിലെത്താനുള്ള ആഗ്രഹത്തിന് തടസം
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
വിമാന ഇന്ധന നിരക്ക് വർധനവിനെ തുടർന്ന് രാജ്യത്ത് അന്താരാഷ്ട്ര-ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനത്തിലേറെ വർധന. കഴിഞ്ഞ ജനുവരി മുതൽ ജൂൺ വരെ ആറ് മാസത്തിനിടെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത്. ബലിപെരുന്നാളും, ഗൾഫിലെ വേനലവധിയും ഒരുമിച്ചെത്തിയതോടെ നാട്ടിലേക്ക് മടങ്ങാൻ കൊതിച്ച പ്രവാസി കുടുംബങ്ങൾക്കും നിരക്ക് വർധന തിരിച്ചടിയായി.
ഗൾഫിൽ സ്‌കൂളുകളുടെ മധ്യവേനലവധിക്ക് നാട്ടിൽ വന്നുപോകുന്നത് മലയാളികളുടെ പതിവാണ്. യു.എ.ഇയിൽ വേനലവധി ഈ മാസം 30നാണ് തുടങ്ങുന്നത്. ഓഗസ്റ്റ് 29ന് അധ്യയനം പുനരാരംഭിക്കും. ഇത്തവണ അവധി ആഘോഷത്തിന് നാട്ടിൽ വന്നുപോകാൻ തയാറെടുക്കുന്നതിനിടെയാണ് ഉയർന്ന ടിക്കറ്റ് നിരക്ക് ഇവർക്ക് തിരിച്ചടിയായത്. കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് 28,000 രൂപയായിരുന്നു. ഇതാണ് ആറുമാസത്തിനിടയ്ക്ക് 40,000 രൂപയ്ക്ക് മുകളിലെത്തിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയ്ക്ക് നിരക്ക് കൂടും. ഒരാൾക്ക് 50,000 മുതൽ 75,000 രൂപ വരെ ചെലവഴിച്ചാൽ മാത്രമാണ് അവധിക്ക് നാട്ടിൽ വന്നുപോകാനാവുക. ആഭ്യന്തര വിമാന സർവിസുകളിലും നിരക്ക് കൂടിയിട്ടുണ്ട്. ജനുവരിയിൽ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 5,675 രൂപയായിരുന്നു നിരക്ക്. ഇതിപ്പോൾ 8,576 രൂപയായി. ഓരോ ആഭ്യന്തര സെക്ടറിലേക്കും 40 ശതമാനം മുതൽ 50 ശതമാനം വരെയാണ് നിരക്ക് കൂടിയത്. വിമാന ഇന്ധന വില ക്രമേണ വർധിച്ചതാണ് വിമാന നിരക്ക് ഉയരാൻ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."