കാലടിയിൽ ഗവേഷക വിദ്യാർഥികളെ അധ്യാപകരായി നിയമിക്കാനുള്ള നീക്കം നിർത്തിവച്ചു
സുനി അൽഹാദി
കൊച്ചി
കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർഥികളെ അധ്യാപകരായി നിയമിക്കാനുള്ള നീക്കം നിർത്തിവച്ചു. ഇതു സംബന്ധിച്ച് വൈസ്ചാൻസലർ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റിസർച്ച് സ്കോളർമാരെ ടീച്ചിങ് അസിസ്റ്റൻ്റുമാരായി നിയോഗിക്കാനുള്ള നടപടികൾ നിർത്തിവയ്ക്കുന്നു എന്ന ഒറ്റവരി നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സർവകലാശലയിലെ 237 ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിട്ട് ഗവേഷക വിദ്യാർഥികളെ അധ്യാപകരായി നിയമിക്കാൻ നിർദേശിച്ച കാര്യം കഴിഞ്ഞ ബുധനാഴ്ച 'സുപ്രഭാതം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജോലി നഷ്ടപ്പെട്ട ഗസ്റ്റ് അധ്യാപകർ യുനൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലക്ച്ചേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ 23ന് ചേർന്ന സർവകലാശാല സിന്ധിക്കേറ്റ് യോഗത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സർവകലാശാലയുടെ നയപരമായ തീരുമാനങ്ങൾ എടുക്കൻ അധികാരമുള്ള സിൻഡിക്കേറ്റിനെ മറികടന്ന് വകുപ്പ് തലവന്മാരുടെ യോഗത്തിലാണ് ഗവേഷക വിദ്യാർഥികളെ അധ്യാപക സഹായികളായി നിയോഗിച്ച് ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.
ഇക്കാര്യത്തിൽ സിൻഡിക്കേറ്റിനെ മറികടന്നത് നിയമക്കുരുക്കിലേക്ക് നീളുമെന്ന സൂചന ലഭിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് തീരുമാനത്തിന് നിയമസാധുത ലഭിക്കുന്നതിനായി അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തത്. എന്നാൽ, പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പുതിയ നീക്കം നിർത്തിവയ്ക്കാൻ അധികൃതർ നിർബന്ധിതരായി. ഒറ്റക്കെട്ടായി അധ്യാപകർ നടത്തിയ സമരത്തിൻ്റെ വിജയമാണ് പുതിയ തീരുമാനമെന്ന് യുനൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലക്ച്ചേഴ്സ് ഫോറം സംസ്ഥാന കൺവീനർ വിദ്യാ ആർ. ശേഖർ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."