പൂട്ട് തുറന്നു; റോഡില്‍ ഒഴുകി ജനം...
തിരുവനന്തപുരം: നാല്‍പതുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനം ഇന്നലെ പൂട്ടുതുറന്നതോടെ റോഡില്‍ പരന്നൊഴുകി ജനം. ഇന്നലെ മുതല്‍ ടി.പി.ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ എല്ലാ കടകളും പ്രവര്‍ത്തിച്ചുതുടങ്ങി. കെ.എസ്.ആര്‍.ടി.സി സര്‍വിസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്കുമാറി.
ഇന്നലെ രാവിലെ തന്നെ ബസുകളില്‍ തൊഴില്‍ മേഖലയിലേക്ക് എത്തിയവര്‍ നിരവധിയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും നിരത്തുകളില്‍ സജീവമായി. സെക്രട്ടേറിയറ്റടക്കമുള്ള ഓഫിസുകളും സജീവമായി. സെക്രട്ടേറിയറ്റില്‍ ഇന്നലെ മുതല്‍ പകുതി ജീവനക്കാരും എത്തി. പൊതുമേഖല സ്ഥാപനങ്ങളും സര്‍ക്കാര്‍ കമ്പനികളിലും വീണ്ടും ആളനക്കംവച്ചു.വടക്കന്‍ കേരളത്തില്‍ സ്വകാര്യബസ് സര്‍വിസുകള്‍, ഓട്ടോ, ടാക്‌സി സര്‍വിസുകളും നിരത്തിലിറങ്ങി. സംസ്ഥാനത്താകെ ദേശീയപാതയിലും നഗരങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. കൂടുതല്‍ ട്രെയിന്‍ സര്‍വിസുകളും ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്.
ആഴ്ചകളായി അടഞ്ഞുകിടന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും ഇന്നലെ തുറന്നതോടെ തിരക്ക് അനുഭവപ്പെട്ടു. പല ഔട്ട്‌ലെറ്റുകളിലും അതിരാവിലെ തന്നെ ആളുകള്‍ വരിനിന്ന് തുടങ്ങിയിരുന്നു. ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലിസ് സാന്നിധ്യവും ഉണ്ടായിരുന്നു.ജനം റോഡിലിറങ്ങിയപ്പോള്‍ ചില സ്ഥലങ്ങളില്‍ പൊലിസ് പരിശോധനയും പേരിനായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനടക്കം ഭൂരിഭാഗം നഗരപ്രദേശങ്ങളും ടി.പി.ആര്‍ 20ന് താഴെയായതിനാല്‍ ഭാഗിക നിയന്ത്രണങ്ങളേയുള്ളൂ.
അതേസമയം, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് പൊലിസ് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ ഒഴികെ എല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇതുവഴി കടന്നുപോകുന്നതിന് തടസമില്ല.സംസ്ഥാനത്ത് എല്ലായിടത്തും ഹോട്ടലുകളില്‍ പാഴ്‌സലുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. ഇനി അടുത്ത ബുധനാഴ്ച വീണ്ടും പുതിയ ടി.പി.ആര്‍ പരിഗണിച്ച് ഇളവിലും നിയന്ത്രണങ്ങളിലും ജില്ലാ കലക്ടര്‍മാര്‍ മാറ്റം വരുത്തും. ഇന്ന് കൂടുതല്‍ ഇളവുകള്‍ ഉള്ളതിനാല്‍ കൂടുതല്‍ കടകള്‍ തുറക്കും. നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക്ഡൗണാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."