സ്വർണക്കടത്തു കേസ് ; സരിത്തിന്റെ കസ്റ്റഡി, വിചിത്ര മറുപടിയുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സ്വർണക്കടത്തുകേസ് പ്രതി സരിത്തിനെ പാലക്കാട്ടെ വീട്ടിൽ നിന്നു വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി. സരിത്തിനെ വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. എന്നാൽ സരിത്തിന്റെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അടുത്ത ചോദ്യത്തിന് 'ഫോൺ പിടിച്ചെടുത്തത് നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണെന്നും' മറുപടി നൽകി.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു വിജിലൻസ് സംഘം സരിത്തിനെ വീട്ടിൽനിന്നു പിടിച്ചുകൊണ്ടുപോയത്. അന്നുതന്നെയാണ് ഫോണും പിടിച്ചെടുത്തത്. എന്നാൽ എം.എൽ.എമാരുടെ ആദ്യ ചോദ്യത്തിന് വിജിലൻസ് നടപടി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു മറുപടി നൽകിയ മുഖ്യമന്ത്രി പിന്നീടുള്ള ചോദ്യങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകിയെന്നതും വിചിത്രമാണ്.
പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ പറയുന്നുണ്ട്. നിയമാനുസൃതമായ നടപടിക്രമങ്ങളിലൂടെയാണ് ഫോൺ എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഫോൺ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വർണക്കടത്തുകേസിലെ പ്രതിയുടെ പുതിയ വെളിപ്പെടുത്തലുകളിൽ ഗൂഢാലോചന ആരോപിച്ചുള്ള പരാതികളിൽ അന്വേഷണം നടക്കുന്നു. കെ.ടി ജലീൽ എം.എൽ.എ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലിസും അഡ്വ. സി.പി പ്രമോദിന്റെ പരാതിയിൽ പാലക്കാട് കസബ പൊലിസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാരും അവിഹിതമായി ഇടപ്പെട്ടില്ല. അത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി എടുക്കും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്ത് കസ്റ്റംസ് അന്വേഷിച്ച് തുടർനടപടി എടുത്തതാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും ഇടനിലക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷണ ഉദ്യേഗസ്ഥരാണ് നടപടി സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."