ഉദയ്പൂര്‍ കൊലപാതകം: രാജസ്ഥാനില്‍ കനത്ത ജാഗ്രത, ഒരു മാസം നിരോധനാജ്ഞ, 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം
ജയ്പൂര്‍: ഉദയ്പൂരില്‍ നുപൂര്‍ ശര്‍മയെ അനുകൂലിച്ചയേളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ കനത്ത ജാഗ്രത. 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനവും ഒരു മാസത്തേക്ക് നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. ഉദയ്പൂരിലും പരിസരത്തും സര്‍ക്കാര്‍ 600 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.
തയ്യല്‍ക്കാരനായ കനയ്യ ലാല്‍ സാഹു എന്നയാള്‍ ഇന്നലെയാണ് കൊല്ലപ്പെട്ടത്. നിരവധി തവണ കുത്തുകയും കഴുത്തറുക്കുകയും ചെയ്തിരുന്നു. കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളുമായി രണ്ട് ചെറുപ്പക്കാര്‍ സമൂഹ്യമാധ്യമങ്ങളില്‍ കൊലവിളി നടത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമര്‍ശിച്ചു ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. കടയുടമയുടെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു കൊലപാതകം.
കൊലപാതകം ഉദയ്പൂരിന് പുറമെ സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും സമാധാനത്തിനായി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'ഈ സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് സമാധാന അന്തരീക്ഷം നശിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വീഡിയോ ഷെയര്‍ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുകയെന്ന കുറ്റവാളിയുടെ ലക്ഷ്യം വിജയിപ്പിക്കും.' മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു.
വീഡിയോ ഷെയര്‍ ചെയ്യരുതെന്നും പൊലിസ് അഭ്യര്‍ത്ഥിച്ചു. വളരെ പ്രകോപനപരമായ ഉള്ളടക്കമായതിനാല്‍ വീഡിയോ സംപ്രേക്ഷണം ചെയ്യരുതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ്, ലോ ആന്‍ഡ് ഓര്‍ഡര്‍ മുതിര്‍ന്ന പൊലിസ് ഓഫീസര്‍ ഹവാസിംഗ് ഘുമാരിയ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."