ജുഡിഷ്യറിയുടെ നിലപാട് പ്രതീക്ഷയേകുന്നു: മുസ്‌ലിം ലീഗ്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരേ സ്വീകരിക്കുന്ന പ്രതികാര നടപടികളെ മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശകസമിതി യോഗം ശക്തമായി അപലപിച്ചു.
മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും പൗരത്വ പ്രക്ഷോഭകര്‍ക്കുമെതിരേ അന്യായമായി ചുമത്തപ്പെട്ട കേസുകളില്‍ രാജ്യത്തെ ജുഡിഷ്യറി സ്വീകരിക്കുന്ന നിലപാട് പ്രതീക്ഷയേകുന്നതാണെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
കേദാര്‍നാഥ് വിധി പുനഃപരിശോധിക്കാന്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതും മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിലവിലുള്ള സെഡീഷന്‍ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് മറ്റൊരു വിധിയില്‍ വ്യക്തമാക്കിയതും ഉദാഹരണമാണ്. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയ കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയതും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ കേസിലെ പല വകുപ്പുകളും നിലനില്‍ക്കുന്നതല്ലെന്ന് മഥുര കോടതി വ്യക്തമാക്കിയതും മതേതര, ജനാധിപത്യ ഇന്ത്യയ്ക്ക് കരുത്തുപകരുന്നതാണെന്ന് യോഗം വിലയിരുത്തി.ലക്ഷദ്വീപ് വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാതെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും.
കേരളത്തില്‍ മറ്റെല്ലാ മേഖലകളിലും ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാപരമാണ്. ആരാധനാലയങ്ങള്‍ തുറക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ലീഗ് ഹൗസില്‍ നടന്ന യോഗം ദേശീയ ഉപദേശകസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് സമദാനി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ദസ്തഗീര്‍ ഇബ്രാഹിം ആഗ, ഖുര്‍റം അനീസ് ഒമര്‍, സിറാജ് ഇബ്‌റാഹീം സേട്ട്, പ്രത്യേക ക്ഷണിതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ്, പി.എം.എ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."