എം.എസ്.എഫ് നിയമസഭാ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം
വിവിധ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചയ്ക്ക് 12 ഓടെ പാളയത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതിനിടയിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു.
ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമത്തിനിടെ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയതോടെ പൊലിസ് ലാത്തികൊണ്ട് അടിച്ചു. ഇതിനിടയിൽ ആറോളം പ്രവർത്തകർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ രണ്ടു പ്രവർത്തകരെ മെഡിക്കൽ കോളജിലും മറ്റുള്ളവരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹാരിക്കുക, നിർത്തലാക്കിയ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ആബിദ് ആറങ്ങാടി അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ സി.കെ നജാഫ്, ബിലാൽ റഷീദ്, ശറഫുദ്ധീൻ പിലാക്കൽ, കെ.ടി റഊഫ്, ഫാരിസ് പൂക്കോട്ടൂർ, റംഷാദ് പള്ളം, ഫിറോസ് പള്ളത്ത്, അംജദ്, ഫൈസൽ, റമീസ് മരുതമല, കെ.പി യാസിർ, അഖിൽ ആനക്കയം, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു, ഭാരവാഹികളായ റുമൈസ റഫീഖ്, ആയിഷ മറിയം, ലബീബ, ഫിദ, അദീല ഫർസാന എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."