ട്വിസ്റ്റിൽ ഏക്നാഥ്
മുംബൈ• ഉദ്വേഗഭരിതവും നാടകീയവുമായ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബി.ജെ.പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി. ഗവർണർ ഭഗത് സിങ് കോഷിയാരി ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
വിമത എം.എൽ.എമാരുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ ഭാഗമാകാനില്ലെന്നും ഇത് ഷിൻഡെയുടെ സർക്കാരാണെന്നുമായിരുന്നു വൈകിട്ട് നാലരയോടെ ബി.ജെ.പിയുടെ പ്രതികരണം. എന്നാൽ, മൂന്നു മണിക്കൂർ കഴിഞ്ഞതോടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഫഡ്‌നാവിസിനോട് സ്ഥാനമേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
രാത്രി 7.30ന് രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ചായിരുന്നു ഷിൻഡെയുടെ സത്യപ്രതിജ്ഞ. അധികാരമേറ്റയുടൻ ഷിൻഡെ പ്രധാനമന്ത്രിക്കും ഫഡ്‌നാവിസിനും നന്ദി അറിയിച്ചു. അവരാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഷിൻഡെയെയും ഫഡ്‌നാവിസിനെയും വിളിച്ച് ആശംസകൾ നേർന്നു. താഴേക്കിടയിൽ നിന്നുയർന്നുവന്ന നേതാവാണ് ഷിൻഡെയെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഷിൻഡെയ്ക്ക് ആശംസ നേർന്ന എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, മഹാരാഷ്ട്രയുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാൻ ഷിൻഡെയ്ക്ക് സാധിക്കട്ടെയെന്ന് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഫഡ്‌നാവിസും ഷിൻഡെയും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചത്.
പുതിയ സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം രണ്ടു ദിവസത്തിനകം മന്ത്രിസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്നും മറ്റു മന്ത്രിമാർ ചുമതലയേൽക്കുമെന്നും ഷിൻഡെ അറിയിച്ചു.
നാനാ പടോളി രാജിവച്ചശേഷം സ്പീക്കറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റത് വിമത എം.എൽ.എമാർ ലഡു വിതരണം ചെയ്തും നൃത്തം ചെയ്തുമാണ് ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."