പ്രവാസികൾക്ക് തിരിച്ചടി: ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള നിയമങ്ങൾ പരിഷ്കരിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ആണ് പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ലൈസൻസുകളുടെ കാലാവധി സംബന്ധിച്ചാണ് പ്രവാസികളെ ബാധിക്കുന്ന മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
സ്വകാര്യ കാറുകൾ, ടാക്സികൾ, ട്രാൻസ്പോർട്ട് കാറുകൾ എന്നിവ ഓടിക്കുന്നതിന് നൽകുന്ന ‘സ്പെഷ്യൽ മാർക്കറ്റ് ലൈസൻസുകൾ’ ഇപ്പോൾ കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്ക് ലഭിക്കും. അതേസമയം, കേരളത്തിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള കുവൈത്തികളല്ലാത്തവർക്ക് ഒരു വർഷത്തേക്ക് മാത്രമാകും ലൈസൻസ് ലഭിക്കുക.
ട്രാഫിക് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട 1976 ലെ 81-ാം നമ്പർ പ്രമേയത്തിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം, 'ജനറൽ മാർക്കറ്റ് ലൈസൻസുകൾ' രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാറ്റഗറി 'എ' 25-ൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങൾ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ്. 7 മുതൽ 25 വരെ യാത്രക്കാരെ വഹിക്കുന്ന പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനങ്ങളും 2 ടണ്ണിൽ കൂടുതൽ 8 ടൺ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളും കാറ്റഗറി ‘ബി’യിൽ ഉൾപ്പെടുന്നു. ഈ ലൈസൻസുകൾക്ക് കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും 10 വർഷവും പ്രവാസികൾക്ക് ഒരു വര്ഷത്തേക്കുമാണ് ലഭിക്കുക.
പുതുക്കിയ ചട്ടങ്ങൾ മോട്ടോർബൈക്ക് ലൈസൻസുകളെയും രണ്ടായി തിരിച്ചിരിക്കുന്നു. കാറ്റഗറി ‘എ’യിൽ, എല്ലാത്തരം മോട്ടറൈസ്ഡ് സൈക്കിളുകളും, മോട്ടോറൈസ്ഡ് സൈക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉൾക്കൊള്ളുന്നു. മൂന്നോ അതിലധികമോ ചക്രങ്ങളുള്ള എല്ലാത്തരം മോട്ടോർ സൈക്കിളുകളും ഓടിക്കാൻ കാറ്റഗറി 'ബി' അനുവദിക്കുന്നു. കുവൈറ്റ് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും ലൈസൻസ് മൂന്ന് വർഷത്തേക്ക് സാധുതയുള്ളതാണ്. ഈ ലൈസൻസും പ്രവാസികൾക്ക് ഒരു വർഷത്തേക്ക് മാത്രമാകും ലഭിക്കുക.
നിർമ്മാണം, വ്യാവസായിക, കാർഷിക അല്ലെങ്കിൽ ട്രാക്ടർ വാഹനങ്ങൾക്കുള്ള ലൈസൻസുകളുടെ കാര്യത്തിൽ, കുവൈറ്റികൾക്കും ജിസിസി പൗരന്മാർക്കും മൂന്ന് വർഷവും പ്രവാസികൾക്ക് ഒരു വർഷവുമാണ് സാധുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."