ചരിത്രമാകുന്ന 2,000 രൂപ
ഡോ. എൻ.പി അബ്ദുൽ അസീസ്
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2,000 രൂപയുടെ നോട്ടുകളും ഇനി ചരിത്രമാവുകയാണ്. 2016 നവംബറിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന വാര്‍ത്തകളും തുടര്‍ന്നുള്ള ദിനരാത്രങ്ങളും ആര്‍ക്കും മറക്കാനാവില്ല. പ്രചാരത്തിലുള്ള കറന്‍സിയുടെ ഏതാണ്ട് 86 ശതമാനമായിരുന്നു അന്ന് അസാധുവാക്കിയത്.
കള്ളപ്പണത്തിനെതിരേ പോരാടുക, വ്യാജനോട്ടുകള്‍ ഇല്ലാതാക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍വഴി പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുക, തീവ്രവാദ-ഭീകരര്‍ക്കുള്ള ധനസഹായം തടഞ്ഞുനിര്‍ത്തി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നിങ്ങനെയുള്ള സുപ്രധാന ലക്ഷ്യങ്ങളാണ് ഇതിനുപിന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. പണത്തെമാത്രം ആശ്രയിച്ചിരുന്ന നിരവധി ഇടപാടുകളും മേഖലകളും പൊതുജനങ്ങളുമാണ് ഈ നീക്കത്തിന്റെ ഇരകളായത്.
നോട്ടുനിരോധനത്തിനെ തുടര്‍ന്ന് പണം തിരികെ പ്രചാരത്തില്‍ കൊണ്ടുവരാന്‍ നമ്മുടെ ബാങ്കിങ് സംവിധാനങ്ങള്‍ ഒരുപാട് പ്രയാസപ്പെട്ടു. ആസമയം സമ്പദ്‌വ്യവസ്ഥയില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ സ്വീകരിച്ച എളുപ്പമാര്‍ഗമയാണ് 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ 1934ലെ ആര്‍.ബി.ഐ നിയമത്തിലെ സെക്ഷന്‍ 24 (1) പ്രകാരം പുറത്തിറക്കിയത്. എന്നാല്‍, പിന്നീടാണ് ഉയര്‍ന്ന മൂല്യമുള്ള ഇത്തരം കറന്‍സികള്‍ അച്ചടിച്ചത് തികച്ചും മണ്ടത്തരമായോ എന്ന് തോന്നിത്തുടങ്ങിയത്.
നോട്ടുനിരോധനം, അഴിമതിയും കള്ളപ്പണവും വ്യാജകറന്‍സികളും ഇല്ലാതാക്കാനുള്ള നീക്കമെന്നനിലയില്‍ ഉയര്‍ന്ന മൂല്യമുള്ള 2,000 രൂപയുടെ നോട്ടുകള്‍ അവതരിപ്പിക്കുന്നതിന്റെ യുക്തിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അന്നുതന്നെ പലരും ഉന്നയിച്ചിരുന്നു. സാധാരണഗതിയില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ പ്രചാരം കള്ളപ്പണം രൂപപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാക്കും. അതുപോലെതന്നെ, ഇത് പണപ്പെരുപ്പ അപകടസാധ്യതകള്‍ ഗണ്യമായി വര്‍ധിക്കുന്നതോടൊപ്പം നികുതി വെട്ടിപ്പിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാവുകയും ചെയ്യും.
എന്നാല്‍, പ്രചാരത്തിലുള്ള നോട്ടുകള്‍ വര്‍ധിക്കുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭ്യമാവുകയും ചെയ്തതോടെ 2018-19 മുതല്‍ 2,000 രൂപയുടെ നോട്ടുകളുടെ അച്ചടി ആര്‍.ബി.ഐ നിര്‍ത്തിവയ്ക്കുകയായിരുന്നു. 2017 മാര്‍ച്ച് മാസവസാനം പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ മൂല്യത്തില്‍ 2,000 രൂപ നോട്ടുകളുടെ വിഹിതം 50.2 ശതമാനമായിരുന്നു. പിന്നീടത് അടുത്ത വര്‍ഷം 37.3, 2019ല്‍ 31.2, 2020ല്‍ 22.6, 2021ല്‍ 17.3, 2022ല്‍ 13.8, 2023ല്‍ 10.8 ശതമാനവുമായി കുറഞ്ഞു. 2017ലെ മൊത്തം അച്ചടിച്ച കറന്‍സി നോട്ടുകളുടെ എണ്ണത്തിന്റെ 3.3 ശതമാനമായിരുന്ന ഈ നോട്ടുകള്‍ എന്നാല്‍ ഇപ്പോഴത് വെറും ഒരു ശതമാനമാത്രമാണുള്ളത്. 2,000 രൂപ മൂല്യമുള്ള നോട്ടുകളില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുമ്പാണ് പുറത്തിറക്കിയത്. എന്നാല്‍, ഈ നോട്ടുകള്‍ പിന്നീട് വിപണിയില്‍ നിന്ന് ഏറെക്കുറെ ഘട്ടഘട്ടമായി പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. എ.ടി.എമ്മുകളില്‍ നിന്നുപോലും 2,000 രൂപയുടെ നോട്ടുകള്‍ പുറത്തേക്ക് വന്നിരുന്നില്ല. ഈ നോട്ടുകളുടെ അസാധുവാക്കലിനെക്കുറിച്ചുള്ള പല അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങിയിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് ഈ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നിരവധി ചെറുകിട സ്ഥാപനങ്ങളും വ്യാപാരികളും തങ്ങളുടെ കാഷ്യര്‍മാരെ ഉപദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2,000 രൂപ നോട്ടുകള്‍ ജനപ്രിയമല്ലെന്നും ഇടപാടുകള്‍ക്ക് ഇത്തരം നോട്ടുകള്‍ സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും ആര്‍.ബി.ഐയുടെ കണ്ടെത്തല്‍. കൂടാതെ, ചെറിയ അളവിലുള്ള നോട്ടുകളും 100, 500 രൂപ മൂല്യങ്ങളിലുള്ള നോട്ടുകളും മതിയായ അളവില്‍ രാജ്യത്ത് ലഭ്യമാണ് എന്നുള്ളതും ഇത് പിന്‍വലിക്കാന്‍ കാരണമായി. കഴിഞ്ഞ 67 വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകളുടെയും ഇ-കൊമേഴ്‌സിന്റെയും എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ നോട്ടുകള്‍ പ്രചാരത്തില്‍ നിന്നും പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് നിരവധിപേര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് വര്‍ഷം മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനം അസാധുവാക്കിയതിനെ അപേക്ഷിച്ച് 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കല്‍ അത്രതന്നെ തടസമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കാരണം, പ്രചാരത്തിലുള്ള കറന്‍സികളുടെ 10.8 ശതമാനം മാത്രമാണ് 2,000 രൂപയുടെ നോട്ടുകളുള്ളത്. എന്നിരുന്നാലും, ഇപ്പോഴും പണത്തെ മാത്രം ആശ്രയിക്കുന്ന ഇന്ത്യയില്‍ 2,000 മൊത്തത്തിലുള്ള പണമിടപാടില്‍ പ്രകടമായ കുറവുണ്ടാക്കും.
മറ്റൊരു പ്രധാന കാരണം, 2,000 രൂപ നോട്ടുകള്‍ കള്ളപ്പണത്തിന്റെ പര്യായമായിമാറി എന്നതാണ്. നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യം സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് വ്യാജനോട്ടുകള്‍ ഇല്ലാതാക്കുക എന്നതായിരുന്നല്ലോ. നോട്ടുനിരോധനത്തിന് ശേഷം 2,000 രൂപയുടെ നോട്ടവതരിപ്പിച്ചപ്പോള്‍, പരമാവധി സുരക്ഷിതമാണെന്ന് ആര്‍.ബി.ഐ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. രസകരമെന്നുപറയട്ടെ, സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി നാനോ ജി.പി.എസ് ചിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന തീര്‍ത്തും അടിസ്ഥാനരഹിത കിംവദന്തികള്‍ പോലും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, ഈ നോട്ടുകള്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍നിന്നുമായി വന്‍തോതില്‍ വ്യാജ കറന്‍സികള്‍ പിടികൂടിയത്.
അവിശ്വസനീയമാംവിധം, ഈ പുതിയ നോട്ടുകള്‍ ഒറിജിനലാണോ അതോ വ്യാജനാണോ എന്ന് തിരിച്ചറിയാത്തവിധം മികവുറ്റതാണെന്നതാണ് യാഥാര്‍ഥ്യം.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടനുസരിച്ച്, 2016ല്‍ 15.1 കോടി, 2017ല്‍ 28.1 കോടി, 2018ല്‍ 17.95 കോടി 2019ല്‍ 25.39 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളാണ് പിടിച്ചെടുത്തത്. എന്നാലിത് 2020ല്‍ മാത്രം 92.17 കോടി എന്ന റെക്കോര്‍ഡിലെത്തുകയായിരുന്നു. അഥവാ 2019നെ അപേക്ഷിച്ച് 190.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, 2021ല്‍ ഇത് 20.39 കോടിയായി കുറഞ്ഞു. ഈ പിടിച്ചെടുത്ത വ്യാജ കറന്‍സികളില്‍ കൂടുതലും 2,000 രൂപയുടെ നോട്ടുകളാണെന്നതാണ് വാസ്തവം. എന്‍.സി.ആര്‍.ബിയുടെ കണക്കുകള്‍ പ്രകാരം, 2017ല്‍, നിയമപാലകര്‍ പിടിച്ചെടുത്ത മൊത്തം വ്യാജകറന്‍സിയുടെ മൂല്യത്തിന്റെ 53.3 ശതമാനവും 2,000 രൂപയുടെ നോട്ടുകളായിരുന്നു. 2018ല്‍, ഇത് 61.01ശതമാനം, 2019ല്‍ 71.3 ശതമാനം, 2020ല്‍ 53.1ശതമാനം, 2021ല്‍ 60 ശതമാനം എന്നിങ്ങനെയാണ്.
അതുപോലെ, ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും സമാനമായ പ്രവണതകളാണ് ചൂണ്ടിക്കാണിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 17,929 വ്യാജ 2,000 രൂപയുടെ നോട്ടുകളാണ് ഇത് പ്രകാരം കണ്ടെത്തിയത്. അടുത്ത വര്‍ഷം ഇത് 21,847 വ്യാജനോട്ടുകളായി ഉയര്‍ന്നു. എന്നാല്‍, ഈ നോട്ടുകള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ 2,000 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം കുറയുകയും പകരം 500 രൂപയുടെ വ്യാജനോട്ടുകള്‍ സുലഭമാവുകയും ചെയ്തു. നോട്ടുനിരോധന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ 2,000 രൂപയുടെ കള്ളനോട്ടുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ആദ്യ 53 ദിവസത്തിനുള്ളില്‍ നിയമപാലകര്‍ ഇന്ത്യയിലുടനീളം 45.44 ലക്ഷം രൂപ വിലമതിക്കുന്ന 2,272 വ്യാജ 2,000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 57 ശതമാനവും ഗുജറാത്തില്‍ നിന്നായിരുന്നു കണ്ടെത്തിയത്.
നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍, വ്യാജകറന്‍സികളുടെ എണ്ണം സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയേക്കില്ല, എങ്കിലും രാജ്യത്ത് കള്ളനോട്ടുകള്‍ പ്രചരിച്ചാല്‍ അത് കറന്‍സിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കും. സര്‍ക്കാര്‍ പുതിയ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ പുതിയ സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരുന്നു. എന്നാല്‍, വ്യാജകറന്‍സികള്‍ അച്ചടിക്കുന്ന ആളുകളും കൂടുതല്‍ മിടുക്കരാകുന്നു എന്നതാണ് വസ്തുത. പല കേസുകളിലും വ്യാജകറന്‍സി റാക്കറ്റുകള്‍ യഥാര്‍ഥ ഉയര്‍ന്ന നിലവാരമുള്ള പേപ്പര്‍ ഉപയോഗിച്ചാണ് കറന്‍സികള്‍ അച്ചടിക്കുന്നത്. നോട്ട് അച്ചടിക്കാന്‍ ആവശ്യമായ പേപ്പര്‍ സര്‍ക്കാര്‍ വാങ്ങുന്ന അതേ ഡീലര്‍മാരില്‍ നിന്നുമാണ് ഈ റാക്കറ്റുകളും വാങ്ങുന്നതെന്നതാണ് വളരെ ആശങ്കാജനകമായ കാര്യം.
നിലവിലുള്ള 2,000 രൂപയുടെ കറന്‍സികള്‍ ബാങ്കിലേക്ക് മടങ്ങുന്നതോടെ പകരം എന്തെന്ന ചോദ്യം പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. പുതിയ നോട്ടുനിരോധനത്തിന്റെ പിന്നിലും രാഷ്ട്രീയമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയെ ഭയപ്പെടുത്തിയിട്ടുണ്ടെന്നതില്‍ സംശയമില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കും അടുത്ത വര്‍ഷം ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കും മാസങ്ങള്‍ക്ക് മുമ്പാണ് പണം പിന്‍വലിക്കുന്നതെന്നോര്‍ക്കണം. ഇത്തരം രാഷ്ട്രീയക്കളിയിലൂടെ ഇന്ത്യന്‍ രൂപയുടെ വിശ്വാസ്യതയെയാണ് തകര്‍ക്കുന്നതെന്നത് ഓര്‍ക്കണം.
(അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."