നോട്ട് പിൻവലിക്കൽ: രാഷ്ട്രീയലക്ഷ്യമോ?
രാജ്യത്തെ ഞെട്ടിച്ച മറ്റൊരു പ്രഖ്യാപനത്തിലൂടെ 2,000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചിരിക്കുന്നു. മെയ് 23 മുതല്‍ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. 20,000 രൂപ വരെയുള്ള 2,000ത്തിന്റെ നോട്ടുകളാണ് ഓരേസമയം നിക്ഷേപിക്കാനൊ മാറ്റിയെടുക്കാനൊ സാധിക്കുക. സെപ്റ്റംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ സമയം അനുവദിച്ചിരിക്കുന്നത്. 2016ലെ നോട്ടുനിരോധനം പോലെത്തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് 2,000 രൂപയുടെ പിന്‍വലിക്കലും.
2,000 രൂപ നോട്ട് നിയമാനുസൃതമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നുണ്ടെങ്കിലും സമയപരിധി പരാമര്‍ശിക്കുന്നില്ല. പക്ഷേ, നോട്ടുകള്‍ കൈമാറാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ 2,000 രൂപ നോട്ടിന്റെ നില എന്തായിരിക്കുമെന്ന് വ്യക്തമല്ല. ഒട്ടും യുക്തിസഹമല്ലാത്ത കാരണങ്ങള്‍ പറഞ്ഞാണ് 2,000 രൂപയുടെ നോട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. 2016 നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിൻവലിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നോട്ടുകളാണ് കള്ളപ്പണത്തിന്റെയും തീവ്രവാദത്തിനുള്ള പണത്തിന്റെയും പ്രധാന സ്രോതസുകളെന്ന് വാദിച്ചു. അഴിമതിയുടെയും കള്ളപ്പണക്കാരെയും തകര്‍ക്കാന്‍ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകള്‍ക്ക് ഇന്ന് രാത്രി മുതല്‍ നിയമസാധുത ഉണ്ടായിരിക്കില്ലെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.
അഴിമതിക്കാരെയും കള്ളപ്പണക്കാരെയും ഭീകരരെയും പാഠംപഠിപ്പിക്കാന്‍ കുറച്ചു ദിവസത്തേക്ക് ജനങ്ങള്‍ പ്രയാസങ്ങള്‍ സഹിക്കണമെന്നായിരുന്നു മോദിയുടെ ആവശ്യം. പ്രശ്‌നപരിഹാരത്തിന് 50 ദിവസമാണ് മോദി ചോദിച്ചത്. നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ പിന്നീട് പലപ്പോഴായി മാറ്റി. 50 ദിവസമല്ല ആറുവര്‍ഷം കഴിഞ്ഞിട്ടും നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്ന് മാത്രമല്ല രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ വ്യാപകമായി തകര്‍ന്നു.
കള്ളപ്പണമായി സൂക്ഷിച്ചുവച്ചുവെന്നാരോപിച്ച് 500,1000 നോട്ടുകള്‍ നിരോധിച്ച സര്‍ക്കാര്‍ പകരം കൊണ്ടുവന്നതാണ് കള്ളപ്പണം സൂക്ഷിച്ചുവയ്ക്കാന്‍ കൂടുതല്‍ എളുപ്പമുള്ള 2,000 രൂപ നോട്ടുകള്‍. 2,000 രൂപ നോട്ടുകളുടെ വിതരണവും തടസങ്ങളുടെതായിരുന്നു. റിസര്‍വ് ബാങ്ക് നിയമത്തിലെ വകുപ്പ് 24 (2) പ്രകാരം ഈ നോട്ടുകള്‍ ആദ്യം പരസ്യപ്പെടുത്തി. എന്നാല്‍, അത് തെറ്റായ വിഭാഗമാണെന്ന് മനസിലാക്കിയ റിസര്‍വ് ബാങ്ക് വകുപ്പ് 24(1) പ്രകാരമാണെന്ന് തിരുത്തി. ഈ നോട്ടുകളുടെ വലുപ്പം വ്യത്യാസമുള്ളതായതിനാല്‍ നിലവിലുള്ള എ.ടി.എം മെഷിനുകളില്‍ നിക്ഷേപിക്കാന്‍ കഴിയുമായിരുന്നില്ല. ഇത് എല്ലാ എ.ടി.എമ്മുകളും ഉള്‍വിസ്താരം കൂട്ടാന്‍ നിര്‍ബന്ധിതരാക്കി.
പഴയ 500, 1000 കറന്‍സി നോട്ടുകളുടെ കള്ളനോട്ടുകളുണ്ടാക്കാന്‍ എളുപ്പമാണെന്നതായിരുന്നു നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്ന കാരണങ്ങളിലൊന്ന്. പകരം വന്ന 2,000 രൂപ നോട്ടില്‍ അത്രപോലും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവയുടെ കള്ളനോട്ടടിക്കല്‍ എളുപ്പമായിരുന്നു. നോട്ടു നിരോധിച്ച് ഏതാനും ദിവസത്തിനകം തന്നെ, 2016 നവംബര്‍ 26ന് 2,000 രൂപയുടെ കള്ളനോട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
നോട്ടുനിരോധന കാലം പോലെ 2,000 രൂപയുടെ പിന്‍വലിക്കലും ബാങ്കില്‍ വരികള്‍ക്ക് രൂപം കൊടുക്കും. ഒരേസമയം 2,000 രൂപ നോട്ടുകളുടെ കൈമാറ്റം 20,000ല്‍ കൂടാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഒരാള്‍ക്ക് ചികിത്സയ്‌ക്കോ വിവാഹത്തിനോ രണ്ടു ലക്ഷം രൂപ വേണമെന്ന് കരുതൂ. മുഴുവന്‍ തുകയും എടുക്കാന്‍ അയാള്‍ 10 തവണ വരിയില്‍ നില്‍ക്കണം. 2,000 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിട്ട് മാസങ്ങളായി. വിപണിയില്‍ 2,000 നോട്ടുകള്‍ അപൂര്‍വമായി മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. 2018 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 6.73 ലക്ഷം കോടി രൂപയില്‍ നിന്ന് 3.62 ലക്ഷം കോടിയായി കുറഞ്ഞു. വിപണിയിലുള്ള ആകെ നോട്ടുകളുടെ 37.3 ശതമാനമായിരുന്നു ഇത്. 2023 മാര്‍ച്ച് 31 ആയപ്പോഴേക്കും ഇത് 10.8 ശതമാനം മാത്രമായി.
2016ലെ നോട്ടുനിരോധനം ചെറിയ കളിയായിരുന്നില്ല. ഇന്ത്യയിലെ കറന്‍സി നോട്ടുകളുടെ 86 ശതമാനം, അതായത് 15.46 ലക്ഷം കോടി രൂപയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള സ്വന്തം പണം പിന്‍വലിക്കാന്‍ കഴിയാത്ത അത്യന്തം ഭീകരമായ അവസ്ഥയിലേക്കാണ് ഒരൊറ്റ രാത്രികൊണ്ട് ഇന്ത്യന്‍ ജനത വലിച്ചെറിയപ്പെട്ടത്. നോട്ടുനിരോധനം മോദിയുടെ മാനസിക സന്താനമായിരുന്നു. അതിനെ എതിര്‍ക്കുന്ന അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കപ്പെട്ടില്ല. റിസര്‍വ് ബാങ്കിന്റെ അറിവും സമ്മതവും സഹകരണവുമില്ലാതെ ഒരു സര്‍ക്കാരിനും ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പാക്കാനാവില്ല.
അതിനാല്‍ നോട്ടുനിരോധനത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്ന് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനോട് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നോട്ടുനിരോധനം മണ്ടത്തരമാകുമെന്നായിരുന്നു രാജന്റെ മറുപടി.രഘുറാം രാജന് പദവിയില്‍ തുടരാനായില്ല. രാജന് പകരം ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി. നിരോധനത്തിന് മുമ്പു തന്നെ 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാമസുബ്രഹ്മണ്യം ഗാന്ധിയെ മോദി ഭരണകൂടം ഏല്‍പിച്ചിരുന്നു. 2000ത്തിന്റെ പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുന്നത് 2016 മെയിലാണ്.
2016 സെപ്റ്റംബറോടെ 2000ത്തിന്റെയും 500റിന്റെയും പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങി. നോട്ടുനിരോധനം ചര്‍ച്ച ചെയ്യാന്‍ 2016 നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചരയോടെ ആര്‍.ബി.ഐ ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പലരും നിരോധനത്തെ എതിര്‍ത്തു. എന്നിട്ടും റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം നോട്ടുനിരോധനത്തില്‍ അനുകൂല തീരുമാനമെടുത്തു. അടിച്ചേല്‍പ്പിക്കപ്പെട്ട തീരുമാനമെന്നാണ് ഇതെക്കുറിച്ച് നോട്ടുനിരോധനത്തില്‍ വിയോജിച്ച വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ബി.വി നാഗരത്‌ന ചൂണ്ടിക്കാട്ടിയത്.
രാത്രി എട്ടോടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ടുനിരോധിച്ചതായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ടെലിവിഷനില്‍ കണ്ടൊരാള്‍ മോദിതന്നെയായിരുന്നു. നേരത്തെ തന്നെ റെക്കോഡ് ചെയ്ത പ്രസംഗമാണ് ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്തത്. സാധാരണക്കാരെ ബാധിക്കുന്ന ഒന്നാണ് 2,000 രൂപയുടെ പിൻവലിക്കൽ. കടകളിൽ ഇനി മുതല്‍ 2,000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കും.
50 ശതമാനവും പണത്തെ ആശ്രയിക്കുന്ന റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകളില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കും. കരുതല്‍ കറന്‍സികള്‍ സൂക്ഷിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ദിവസവും നേരിട്ട് ബാങ്കില്‍ എത്തേണ്ടിവരും. വരാനിരിക്കുന്ന സുപ്രധാന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് രണ്ട് മാസം മാത്രം അകലെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതിയെന്നത് ഇതിന്റെ രാഷ്ട്രീയ ലക്ഷ്യത്തിലേക്കു കൂടിയുള്ള ചൂണ്ടുപലകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."