ഉള്ളടക്കം പിൻവലിക്കൽ ; കേന്ദ്ര നിർദേശത്തിനെതിരേ ട്വിറ്റർ കോടതിയിൽ
ന്യൂഡൽഹി
ഉള്ളടക്കത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ചോദ്യംചെയ്ത് സമൂഹമാധ്യമഭീമൻ ട്വിറ്റർ കോടതിയിൽ. രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കംചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് ചെയ്തവർക്ക് നോട്ടിസ് അയക്കാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്നും കർണാടക ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ട്വിറ്റർ ചൂണ്ടിക്കാട്ടി.
ഉള്ളടക്കം നിയന്ത്രിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് വിഷയത്തിന്റെ നിയമവശം ട്വിറ്റർ പരിശോധിക്കുന്നത്. കഴിഞ്ഞവർഷം ജനുവരി-ഏപ്രിൽ കാലങ്ങളിൽ ചില ട്വിറ്റർ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസ്, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, കർഷക സമരത്തെ അനുകൂലിക്കുന്നവർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും തടയണമെന്നാണ് സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ട്വിറ്റർ ആവശ്യം പരിഗണിക്കാതായതോടെ ഐ.ടി മന്ത്രാലയം വീണ്ടും നോട്ടിസയച്ചു.
ഇതിനിടെ സർക്കാരിനു മുന്നിൽ പകുതി വഴങ്ങിയ ട്വിറ്റർ നടപടിയെടുത്ത 80ലധികം അക്കൗണ്ടുകളുടെ പട്ടിക കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ഇതോടെ രാജ്യത്തെ പുതിയ ഐ.ടി ചട്ടങ്ങൾ പ്രകാരമുള്ള സംരക്ഷണം ട്വിറ്ററിനു ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ കമ്പനിയെ അറിയിച്ചു. ഇത്തരം ഏറ്റമുട്ടലുകൾ ഭാവിയിൽ ഒഴിവാക്കുകയാണ് നിയമനടപടിയിലൂടെ ട്വിറ്റർ ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."