കെട്ടിടം തയാര്‍.. തടസം നീക്കേണ്ടത് അധികൃതര്‍
2015 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഇതുവരെ വൈദ്യുതീകരണം നടത്തിയില്ല
തളിപ്പറമ്പ്: ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്മമാരുടെയും നവജാതശിശുക്കളുടെയും ഏക സ്‌പെഷാലിറ്റി ആശുപത്രിയായ ഇ.കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായില്ല. 2009 ഓഗസ്റ്റില്‍ ഒ.പി വിഭാഗം മാത്രം പ്രവര്‍ത്തനമാരംഭിച്ച ആശുപത്രി 2010 മേയില്‍ 25 കിടക്കകളോടെ പ്രവര്‍ത്തനം വിപുലമാക്കി. പ്രസവങ്ങള്‍ കൂടുമ്പോള്‍ സൗകര്യത്തിന്റെ അപര്യാപ്തത കൊണ്ട് പുറത്തുള്ള ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയായിരുന്നു പതിവ്.
ഇത്തരമൊരു സാഹചര്യത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് എം.എല്‍.എ ജയിംസ് മാത്യു പ്രത്യേക താല്‍പര്യമെടുത്ത് 100 കിടക്കകളോടു കൂടിയ ആശുപത്രി എന്ന ലക്ഷ്യത്തോടെ 2012ല്‍ കെട്ടിട നിര്‍മാണം ആരംഭിക്കുകയും ചെയ്തു.
1.90 കോടി രൂപ നിര്‍മാണ ചെലവോടെ 2015 ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഇതുവരെയായും പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം കെട്ടിടം വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. വൈദ്യുതീകരണത്തിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിച്ചാല്‍ തന്നെ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞാലേ ഉദ്ഘാടനം നടത്താന്‍ പറ്റൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
നാല് നിലകളിലായാണ് കെട്ടിടം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ്, നാല് ഗൈനക്കോളജിസ്റ്റ്, നാല് കുട്ടികളുടെ ഡോക്ടര്‍മാര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ വലിയൊരു വിഭാഗം പ്രസവങ്ങള്‍ക്കും ആളുകള്‍ ഇവിടെയാണെത്തുക. ഈ രംഗത്ത് കുത്തകകളായുള്ള സ്വകാര്യ ആശുപത്രി ലോബികളാണ് നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനത്തിനു തടസമായി നില്‍ക്കുന്നത് എന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."