വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് അരക്കോടിയിലേറെ
സുനി അല്‍ഹാദി
കൊച്ചി: പരാതി പറയാന്‍ വിളിച്ച യുവതിയോട് അസഹിഷ്ണുത കാണിക്കുകയും അമ്മായിയമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമുള്ള പീഡനം 'അനുഭവിച്ചോ' എന്ന് ആക്ഷേപിക്കുകയും ചെയ്ത സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷക്കായി കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചത് അരക്കോടിയിലേറെ രൂപ. ഹോണറേറിയം, യാത്രപ്പടി, ചികിത്സാചെലവ് തുടങ്ങിയ ഇനങ്ങളിലായി വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ കഴിഞ്ഞ ഫെബ്രുവരി വരെ 53 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതായാണ് കണക്ക്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ മറുപടിപ്രകാരമാണ്, അധ്യക്ഷക്കായി 2021 ഫെബ്രുവരിവരെ 53 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായി വനിതാ കമ്മിഷന്‍തന്നെ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നുമാസത്തെ ഹോണറേറിയവും മറ്റും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
വനിതാ കമ്മിഷന്‍ അധ്യക്ഷ ചുമതലയേറ്റ് ഇതുവരെ എത്ര രൂപ ആനുകൂല്യമായി കൈപ്പറ്റിയെന്ന് ആരാഞ്ഞ് തിരുവനന്തപുരം അമരവിള സ്വദേശി അഡ്വ. സി.ആര്‍ പ്രാണകുമാറാണ് ഫെബ്രുവരിയില്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. ഇതിന് മാര്‍ച്ച് നാലിന് വനിതാ കമ്മിഷന്‍ കാര്യാലയത്തില്‍ നിന്ന് നല്‍കിയ മറുപടിയനുസരിച്ച് ചുമതലയേറ്റ് ഇതുവരെ ഹോണറേറിയം ഇനത്തില്‍ 34,40,000 രൂപ കൈപ്പറ്റിയതായി വ്യക്തമാക്കിയത്. ഇതിനുപുറമെ, 13,54,577 രൂപ യാത്രപ്പടി ഇനത്തിലും 68,179 രൂപ ടെലിഫോണ്‍ ചാര്‍ജ് ഇനത്തിലും 2,19,000 രൂപ എക്‌സ്‌പെര്‍ട് ഫീസ് ഇനത്തിലും 2,64,523 രൂപ മെഡിക്കല്‍ റീഇംബേഴ്‌സമെന്റായും കൈപ്പറ്റിയിട്ടുണ്ട്. മൊത്തത്തില്‍ 53,46,279 രൂപയാണ് വിവിധയിനങ്ങളിലായി കൈപ്പറ്റിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ എം.സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റത് മുതല്‍ വിവാദങ്ങളും ഒപ്പമുണ്ടായിരുന്നു. ഹാദിയ കേസില്‍ ഇടപെടാന്‍ മടിച്ചതും ഭരണകക്ഷിയില്‍പെട്ട ചില നേതാക്കള്‍ക്കെതിരേ പീഡന പരാതി ഉയര്‍ന്നപ്പോള്‍ അത് അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് പ്രത്യേക സംവിധാനമുണ്ടെന്ന് പ്രതികരിച്ചതുമൊക്കെ വിവാദമായിരുന്നു. മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജുമായി കൊമ്പുകോര്‍ത്തത് കടുത്ത വാക്കേറ്റത്തിലും കലാശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."