പുതിയ പാർലമെന്റും പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളും
കെ എ സലിം
75 വർഷം മുമ്പ് നടന്ന ഭരണഘടനാ നിർമാണസഭയുടെ ചരിത്രപരമായ അർധരാത്രി സമ്മേളനത്തിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ ദേശീയ പതാക സ്വാതന്ത്ര്യസമര സേനാനിയും കോൺസ്റ്റുവന്റ് അസംബ്ലിയിലെ 15 വനിതാ അംഗങ്ങളിൽ ഒരാളുമായ ഹൻസ മേത്ത കൈമാറിയത് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റ് രാജേന്ദ്ര പ്രസാദിനായിരുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ സ്ഥാനം നിശ്ചയിക്കുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പായിരുന്നു ഇത്. ദേശീയ പതാക ഏറ്റുവാങ്ങാൻ യോഗ്യൻ താനാണെന്ന് പ്രധാനമന്ത്രി ജഹവർലാൽ നെഹ്‌റു കരുതിയില്ല. അംഗീകൃത നിയമനിർമാണ സഭാ നേതാവായിരുന്ന നെഹ്റുവിന് പതാക സ്വീകരിക്കാതിരിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല. എന്നാൽ, രാഷ്ട്രപതി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് നെഹ്‌റു കരുതി.
ഇന്ന് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രപതി ക്ഷണിക്കപ്പെട്ട അതിഥികളിലൊരാൾ മാത്രമായിരിക്കുകയും ചെയ്യുമ്പോൾ ഈ ഔചിത്യമാണ് രാജ്യത്തെ ജനങ്ങളുടെ നേരെ നോക്കി പല്ലിളിക്കുക. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ അൽപത്തരത്തിന്റെ കെട്ടുകാഴ്ചകളിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നത്. ഇന്നത്തെ ഉദ്ഘാടനച്ചടങ്ങുപോലും പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളാവും. 1970ൽ പഴയ പാർലമെന്റ് മന്ദിരത്തോട് ചേർന്ന് അധിക കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അതിന്റെ ശിലാസ്ഥാപനം നടത്തിയത് 1970 ഓഗസ്റ്റ് മൂന്നിന് അന്നത്തെ രാഷ്ട്രപതി വി.വി ഗിരിയാണ്. 1975 ഒക്ടോബർ 24ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അത് ഉദ്ഘാടനം ചെയ്‌തെങ്കിലും നിർമാണത്തിന്റെ പൂർണ കുത്തക രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഏറ്റെടുത്തില്ല. 2002ൽ പാർലമെന്റിന്റെ പുതിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി കെ.ആർ നാരായണനാണ്. ഔചിത്യങ്ങളെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന പ്രധാനമന്ത്രി വാജ്‌പേയിയും അത് ഏറ്റെടുക്കാൻ തയാറായില്ല.
ചരിത്രമുണ്ടാക്കുകയാണ് മോദിയുടെ ലക്ഷ്യം. പൊങ്ങച്ചത്തിന്റെ കെട്ടുകാഴ്ചകളിലൂടെയാണ് ജീവിതം. രാജ്യം വിവിധ രീതിയിൽ പ്രധാനമന്ത്രിയിലൂടെ ചലിക്കുമ്പോൾ മോദിയുടെ ഇമേജ് നിർമാണ പ്രക്രിയയിൽ രാഷ്ട്രപതിയും മാറ്റി നിർത്തപ്പെടുന്നില്ലെന്നതാണ് രാജ്യം ചെന്നുപെട്ടിരിക്കുന്ന ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നത്. ആധുനിക ഇന്ത്യയുടെ രാഷ്ട്രപിതാവായാണ് നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഗാന്ധിജിയെപ്പോലെയും നെഹ്‌റുവിനെപ്പോലെയും രാജ്യം ആദരിക്കുന്ന നേതാവായി മാറണമെന്നാണ് മോദിയുടെ ആഗ്രഹം. എന്നാൽ, ഗാന്ധിജിയാവാനോ നെഹ്‌റുവാകാനോ മോദിക്ക് കഴിയില്ല. ശിലാഫലകങ്ങളിൽ സ്വന്തം പേരുകൾ കൊത്തിവച്ചത് കൊണ്ടല്ല ഗാന്ധിജിയെയും നെഹ്റുവിനെയും അംബദ്കറെയും ഇന്ത്യൻ ജനത ഓർക്കുന്നത്.
2018ലാണ് മോദി ഗുജറാത്തിൽ സർദാർ പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്തത്. പട്ടേലിനെ ഏറ്റെടുക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിലെ നാഴികക്കല്ലായിരുന്നു അത്. പട്ടേലിനേക്കാൾ പ്രശസ്തനായ ഗുജറാത്തിയാകാനുള്ള മോഹം മോദിയിൽ രൂഢമൂലമായതോടെ ബി.ജെ.പി പട്ടേലിനെ വഴിയിലുപേക്ഷിച്ചു. 2021ൽ അഹമ്മദാബാദിൽ പട്ടേലിന്റെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം മോദിയുടെ പേരിലാക്കിയത് അതിനു പിന്നാലെയാണ്. ജീവിച്ചിരിക്കുന്നൊരാൾ സ്റ്റേഡിയത്തിന് സ്വന്തം പേരിടുന്നു. എവിടെയും വെള്ളിവെളിച്ചത്തിൽ നിൽക്കണം. രാമക്ഷേത്രമായാലും വന്ദേഭാരതായാലും ഐ.എൻ.എസ് വിരാടായാലും ദേശീയ പാതയായാലും മെട്രോ റെയിലായാലും മോദിയാണ് ഉദ്ഘാടകൻ. കല്യാണവീട്ടിൽ ചെന്നാൽ മണവാളനാകണം. മരിച്ച വീട്ടിൽ ചെന്നാൽ പരേതനാകണം. എല്ലാ കണ്ണുകളും ഒരാളിലേക്കാകണം. കെട്ടുകാഴ്ചകളെക്കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്. തഞ്ചാവൂരിൽ നിന്നെത്തിയ പൂജാരിമാർ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് സമ്മാനിച്ച ചെങ്കോൽ പുതിയ പാർലമെന്റ് മ്യൂസിയത്തിൽ സ്ഥാപിക്കുന്ന ചടങ്ങും ഇത്തരത്തിലൊരു കെട്ടുകാഴ്ചയുടേതാവും.
അവസാനത്തെ വൈസ്രോയി മൗണ്ട്ബാറ്റൺ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറിയ അധികാര ദണ്ഡാണിതെന്നാണ് സർക്കാർ വാദം. മൗണ്ട്ബാറ്റൺ നെഹ്‌റുവിന് ചെങ്കോൽ നൽകിയതായി ചരിത്ര രേഖകളോ തെളിവുകളോ പോകട്ടെ പത്രവാർത്തകൾ പോലുമില്ല. പ്രത്യേക വിമാനത്തിൽ ചെങ്കോലുമായി തമിഴ്‌സംഘത്തെ എത്തിച്ചുവെന്ന വാദവും വസ്തുതയല്ല. ലാറി കോളിൻസും ഡോമിനിക് ലാപ്പിയറും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നുണ്ട്. യോർക്ക് റോഡിലെ നെഹ്റുവിന്റെ വസതിയിൽ ഒരു ചെങ്കോൽ ചടങ്ങ് നടന്നതായി പുസ്തകത്തിൽ പരാമർശമുണ്ട്. രണ്ടു സന്യാസിമാർ വെള്ളിത്താലത്തിൽ കൊണ്ടുവന്ന അഞ്ചടി നീളമുള്ള ഒരു ചെങ്കോൽ കൈമാറിയശേഷം നെഹ്റുവിനെ ഒരു വിശിഷ്ടവസ്ത്രം ധരിപ്പിച്ചതായാണ് പുസ്തകത്തിൽ പറയുന്നത്. സന്യാസിമാർ തീവണ്ടിയിലാണ് എത്തിയത്.
ഡോ. രാജേന്ദ്രപ്രസാദും ചടങ്ങിൽ സന്നിഹിതനായിരുന്നതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനും രേഖയില്ല. രാജേന്ദ്രപ്രസാദിന്റെ വസതിയിൽ അതേസമയം മറ്റൊരു പൂജ നടന്നതായാണ് പുസ്തകത്തിൽ പറയുന്നത്. ഈ ചെങ്കോലുമായി മൗണ്ട്ബാറ്റണെ ബന്ധപ്പെടുത്തുന്ന യാതൊന്നും ചരിത്രരേഖയിലില്ല. ഓഗസ്റ്റ് 14ന് ഉച്ചകഴിയുന്നതുവരെ അദ്ദേഹം കറാച്ചിയിൽ പാകിസ്താനിൽ സ്വാതന്ത്ര്യലബ്ധിച്ചടങ്ങുകളിൽ സംബന്ധിക്കുകയായിരുന്നു. വൈകീട്ടോടെ തിരിച്ചെത്തിയതും തുടർന്നുള്ള സംഭവങ്ങളും മിഷൻ വിത് മൗണ്ട്ബാറ്റൺ എന്ന പുസ്തകത്തിലുണ്ട്. അതിൽ ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പരാമർശമില്ല. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സ്വാതന്ത്ര്യം നേടിയപ്പോൾ, ഉടമ്പടി ഒപ്പുവയ്ക്കൽ പോലുള്ള വ്യവസ്ഥാപിത മാർഗങ്ങളേക്കാൾ പ്രാധാന്യത്തോടെ ചെങ്കോൽ കൈമാറ്റത്തിലൂടെയാണ് ജനാധിപത്യ ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റം നടത്തിയെന്ന ബി.ജെ.പിയുടെ വാദം അടിസ്ഥാനരഹിതമാണ്. രാജ്യത്തിന്റെ ശിൽപികൾ അത്തരം അൽപ്പത്തരത്തിന്റെ കെട്ടുകാഴ്ചകളിൽ വിശ്വസിക്കുന്നവരുമായിരുന്നില്ല.
പാർലമെന്റ് എന്തിനു വേണ്ടി നിലകൊള്ളണം എന്നതിനെക്കൂടി പുതിയ ഉദ്ഘാടനച്ചടങ്ങുകൾ ഉൾക്കൊള്ളേണ്ടതുണ്ട്. പരമാധികാരമുള്ള ഒരു ജനതയുടെ പ്രതിനിധികൾ ഒത്തുകൂടുന്ന ഇരിപ്പിടമാണ് പാർലമെന്റ്. ജനവിധി ഇല്ലെങ്കിൽ, കെട്ടിടം ഒരു ശൂന്യമായ തോട് മാത്രമാണ്. ഇന്ത്യൻ ജനതയിലെ ഏറ്റവും അവശത അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി ഭരണഘടന പ്രതിജ്ഞാബദ്ധമാണ്. അതിനാൽ ഈ ഭരണഘടനാ പ്രതിബദ്ധത പുതുക്കുന്നതിന് ഏറ്റവും ദരിദ്രരും ദുർബലരും വിവേചനം നേരിടുന്നവരെയും പ്രതിനിധീകരിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് നടക്കേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."