ഒന്‍പതരപതിറ്റാണ്ട് പിന്നിടുന്ന സമസ്ത പുരോയാനത്തിന്റെ പ്രത്യാശ
പി.എ സ്വാദിഖ് ഫൈസി താനൂര്‍
വ്യക്തികളാല്‍ നയിക്കപ്പെടുന്നതിനു പകരം സംഘടനയാല്‍ വഴികാട്ടുന്ന ശീലം ആധുനിക കാലത്തിന്റെ സംഭാവനയാണ്. ഒരാള്‍ നേതൃത്വം നല്‍കുകയും സമൂഹം മുഴുവന്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന മാതൃകയാണ് അടുത്ത കാലംവരെ ഇസ്‌ലാമിക സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ശൈലിയില്‍ മതപരമായ അപാകതകളില്ലാത്തതുകൊണ്ടും പ്രബോധനത്തിന്റെ പ്രസക്തമായ ശൈലി അതായതുകൊണ്ടും പാരമ്പര്യ പണ്ഡിതന്മാരും ആ വഴി തെരഞ്ഞെടുത്തു. അങ്ങനെയാണ് 1926 ജൂണ്‍ 26 ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുക്കുന്നത്. കേരളത്തിലെ മുസ്‌ലിം മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്ന സംഘശക്തി.
ഇസ്‌ലാമിക പണ്ഡിതസഭ എന്ന നിലക്ക് സമസ്ത ഏറ്റെടുത്ത ഏറ്റവും വലിയ ദൗത്യം മതത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കു കാവലിരിക്കുക എന്നതാണ്. ഇസ്‌ലാമിക വിശ്വാസങ്ങളെ വികലമാക്കി അവതരിപ്പിച്ചു വിശ്വാസികളുടെ ഈമാന്‍ കട്ടുകൊണ്ടുപോകാന്‍ തസ്‌കരക്കൂട്ടങ്ങള്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ അവരെ പിടിച്ചുകെട്ടാന്‍ സര്‍വതും മറന്നു യത്‌നിച്ചു എന്നതാണ് കേരള മുസ്‌ലിംകള്‍ക്ക് സമസ്ത ചെയ്തിട്ടുള്ള ഏറ്റവും വലിയ സേവനം. മതത്തിന്റെ ആദര്‍ശ ശത്രുക്കളെ പ്രതിരോധിച്ചു, തടയിട്ടുനിര്‍ത്തുകയായിരുന്നല്ലോ സമസ്തയുടെ ആത്യന്തിക ലക്ഷ്യം. തക്കസമയത്തു തന്നെ അതു നിര്‍വഹിക്കാനും ജാഗ്രത പാലിക്കണമെന്ന് സമുദായത്തെ ഉണര്‍ത്താനും സമസ്തയുടെ പണ്ഡിതന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിനു വഹാബിസം. കേരളത്തിലേക്കു അതു കടന്നുവന്നത് നജ്ദിലെ വരണ്ടുണങ്ങിയ അന്തരീക്ഷത്തില്‍ നിന്നായിരുന്നില്ല. മറിച്ച്, ആധുനികതയുടെ സര്‍വ ആവരണങ്ങളും ചാര്‍ത്തി, അണിയിച്ചൊരുക്കിയ ഈജിപ്ഷ്യന്‍ ചുറ്റുപാടില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി(1838-1898), മുഹമ്മദ് അബ്ദു(1849-1905) റശീദ് രിദ(1865-1935) എന്നീ മാസോണിസ്റ്റ് ചാരന്മാരില്‍ നിന്നാണ് വക്കം മൗലവിയും കെ.എം മൗലവിയുമെല്ലാം ഉള്‍പ്പെടുന്ന ഐക്യസംഘത്തിന്റെ ആദ്യകാല ആചാര്യന്മാര്‍ ഊര്‍ജം സ്വീകരിച്ചത്. ഇസ്‌ലാംവിരുദ്ധ ചേരി ഗര്‍ഭം ധരിച്ച ആശയങ്ങളാണ് അതെന്ന് അന്നുതന്നെ സമസ്തയുടെ ക്രാന്തദര്‍ശികളായ പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1933ല്‍ മാര്‍ച്ച് 5 നു ചേര്‍ന്ന സമസ്തയുടെ 6 ാം സമ്മേളനത്തിലെ ആറാം പ്രമേയം, ഇക്കാര്യം ഉണര്‍ത്തി. ഇതാണ് സമസ്ത. കാലത്തിനു മുമ്പേ, ജാഗ്രതയോടെ നീങ്ങിയ പണ്ഡിത കേസരികളുടെ കൂട്ടായ്മ. ചുറ്റുമുള്ളവര്‍ എന്തു വിചാരിക്കും എന്നു നോക്കിയിട്ടല്ല ഈ പണ്ഡിതസഭ നിലപാടുകള്‍ വ്യക്തമാക്കിയത്. ചില നിലപാടുകള്‍ സ്വീകരിക്കുമ്പോഴെല്ലാം യാഥാസ്ഥിതികര്‍, ശാസ്ത്രവിരുദ്ധര്‍, അന്ധവിശ്വാസക്കാര്‍, അനാചാരക്കാര്‍, പിന്തിരിപ്പന്മാര്‍ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും എമ്പാടും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം അവര്‍ അവഗണിച്ചു. മതത്തിന്റെ സത്ത ചോര്‍ത്താനോ ചോര്‍ന്നുപോകാനോ അനുവദിച്ചില്ല. അതിനുവേണ്ടിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് സമസ്ത അതിന്റെ നല്ലൊരു ഭാഗം ഊര്‍ജവും വിഭവശേഷിയുമെല്ലാം വിനിയോഗിച്ചത്. ആദ്യം വഹാബിസം വന്നു. പിന്നെ ജമാഅത്തെ ഇസ്‌ലാമി, എം.ഇ.എസിന്റെ മതനിരാസം, സി.എന്‍ മൗലവിയുടെ വിതണ്ഡവാദങ്ങള്‍, ചേകന്നൂരിന്റെ ദീനേ ഇലാഹി, ഖാദിയാനിസം, ആധ്യാത്മിക വേഷംകെട്ടിയ കള്ള ത്വരീഖത്തുകള്‍, വ്യാജ ശൈഖന്മാര്‍, ഔലിയാ വേഷധാരികള്‍... എല്ലാത്തിനെയും സമസ്ത പിടിച്ചുകെട്ടി.
രാഷ്ട്രീയ പ്രബുദ്ധത
1921 ലെ മലബാര്‍ സമരത്തിലേക്ക് മാപ്പിളമാരെ കയറൂരി വിട്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, പിന്നീട് അവരെ ചതിക്കുകയും സമരത്തെ തള്ളിപ്പറയുകയുമായിരുന്നല്ലോ. അക്കാരണത്താല്‍ 1933 മാര്‍ച്ച് 5-ാം തീയതി ഫറോക്കില്‍ ചേര്‍ന്ന 'സമസ്ത'യുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരേ പ്രമേയം പാസാക്കുകയും സര്‍വ മുസ്‌ലിംകളും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. മതപണ്ഡിതന്മാരുടെ ആഹ്വാനം ഏറ്റെടുത്ത മാപ്പിളമാര്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ അകലാന്‍ തുടങ്ങി. ആ അകല്‍ച്ചയുടെ വിടവിലാണ് സാമുദായിക രാഷ്ട്രീയ ശക്തിക്ക് മലബാറില്‍ വേരോട്ടമുണ്ടാകുന്നത്. ആ വേരോട്ടത്തിലാണ് കോണ്‍ഗ്രസ് വേദികളില്‍ നിറഞ്ഞുനിന്നിരുന്ന കെ.എം സീതി, കെ.എം മൗലവി തുടങ്ങിയവര്‍ക്ക് പോലും കാറ്റിന്റെ ഗതി തിരിച്ചറിഞ്ഞു കൂടുമാറേണ്ടിവന്നത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് പിന്നീട് കോണ്‍ഗ്രസില്‍ അവശേഷിച്ചത്. സമസ്ത പണ്ഡിതന്മാരുടെ ആഹ്വാനം കോണ്‍ഗ്രസില്‍ നിന്ന് മാപ്പിള സമൂഹത്തെ അകറ്റുകയും ആ അകല്‍ച്ച ലീഗിന്റെ വളര്‍ച്ചയ്ക്ക് വളമായിത്തീരുകയും ചെയ്തുവെന്നര്‍ഥം.
സമസ്തയുടെ നേതൃത്വം പിന്തുണച്ചപ്പോള്‍ മാത്രമാണ് സാമുദായിക രാഷ്ട്രീയത്തിനു മലബാറില്‍ വേരോട്ടമുണ്ടായതെന്നതിനു ചരിത്രം സാക്ഷി. 1934 ല്‍ നടന്ന കേന്ദ്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി സത്താര്‍ സേട്ടുവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമാണ് മത്സരിച്ചത്. നീലഗിരി, മലബാര്‍ ജില്ലകള്‍ ചേര്‍ന്ന പശ്ചിമതീര മണ്ഡലത്തില്‍ മലബാര്‍ ഭാഗത്ത് മുസ്‌ലിം ലീഗിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സത്താര്‍ സേട്ടു ജയിച്ചു കയറി.
എന്നാല്‍ 1937 ലെ മദിരാശി നിയമസഭയിലേക്കുള്ള അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി കോഴിക്കോട് കറുമ്പ്രനാട് ഡിവിഷനില്‍ നിന്നത് സാക്ഷാല്‍ ബി. പോക്കര്‍ സാഹിബ്. ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പോക്കര്‍ സാഹിബിനുവേണ്ടി തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും കൈകോര്‍ത്തു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും അദ്ദേഹത്തിന്റെ 'അല്‍ അമീനും' പോക്കര്‍ സാഹിബിനു വേണ്ടി പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചു. ഇ. മൊയ്തു മൗലവിയടക്കമുള്ള കോണ്‍ഗ്രസുകാര്‍ അക്ഷീണ പ്രയത്‌നം നടത്തി. മൗലാനാ ശൗകത്തലി പോലും പോക്കര്‍ സാഹിബിനു വേണ്ടി പ്രചാരണത്തിനിറങ്ങി. എന്നിട്ടും തെരഞ്ഞെടുപ്പില്‍ ലീഗ്-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പോക്കര്‍ സാഹിബ് പരാജയപ്പെട്ടു. കാരണം എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളെ പിന്തുണച്ചതും അദ്ദേഹത്തിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചതും കേരള മുസ്‌ലിംകളുടെ ആത്മീയാചാര്യന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു. കോണ്‍ഗ്രസിന്റെ സഹായം ഉണ്ടായിട്ടു പോലും ലീഗ് സ്ഥാനാര്‍ഥി തോറ്റത് ബാഫഖിതങ്ങളുടെ വ്യക്തിപരമായ സ്വാധീനവും പ്രവര്‍ത്തനവും കൊണ്ടുമാത്രമാണ്. മതനേതൃത്വത്തിലുള്ള സാദാത്തുക്കളുടെയും ഉലമാക്കളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവുമില്ലാതെ സാമുദായിക രാഷ്ട്രീയത്തിനു മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നു ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്.
പിന്നീട് സമസ്തയിലെ സാദാത്തുക്കളോടും ഉലമാക്കളോടും കൂടുതല്‍ അടുക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തിയത്. അതിന്റെ ഭാഗമായിട്ടാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുമെല്ലാം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ എത്തുന്നത്. പിന്നീട് മുസ്‌ലിം ലീഗിന്റെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും അധികാര പങ്കാളിത്തത്തിന്റെയും നാളുകളായിരുന്നു. അഥവാ അധികാര പങ്കാളിത്തം ഉപയോഗിച്ചു സമുദായം സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കെല്ലാം കേരള മുസ്‌ലിംകള്‍ കടപ്പെട്ടിരിക്കുന്നത് സമസ്തയോടാണ്. കാരണം സാമുദായിക രാഷ്ട്രീയത്തെ ജനകീയമാക്കിയത് ബാഫഖി തങ്ങളും പാണക്കാട് കുടുംബവുമാണ്. ലീഗിന്റെ ഐഡിയോളജി പഠിച്ചു മനസിലാക്കി പാര്‍ട്ടിയില്‍ ചേരുന്നതിനു പകരം ഈ സാദാത്തുക്കളെ കണ്ടാണ് സമുദായം ലീഗിനെ നെഞ്ചേറ്റിയത്. ഈ സയ്യിദന്മാരെ ആദരിക്കാനും അവരുടെ വാക്കുകള്‍ അനുസരിക്കാനും അവരുടെ നേതൃത്വം അനുസരിക്കാനുമുള്ള മനസ് മലയാളക്കരയില്‍ ഉണ്ടാക്കിയെടുത്തത് സമസ്തയാണ്. സമസ്ത മാത്രമാണ്. അതിന്റെ പ്രഭാവത്തിലാണ് പിന്നീട് മുസ്‌ലിം ലീഗിന് അധികാരത്തിലേക്ക് നടന്നടുക്കാനായത്. രാഷ്ട്രീയ പ്രബുദ്ധത ഉപയോഗിച്ച് കേരള മുസ്‌ലിംകള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്കെല്ലാം സമുദായം കടപ്പെട്ടിരിക്കുന്നത് സമസ്തയോടാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്.
സാമുദായിക സൗഹാര്‍ദം
ഇതര സമൂഹങ്ങളുമായി സൗഹൃദത്തിലും സഹിഷ്ണുതയിലും കഴിയണമെന്നുണര്‍ത്തിയ സമസ്ത, ഇസ്‌ലാമിക ശരീഅത്തിലും മറ്റുള്ളവര്‍ ഇടപെടുന്നതിനെയും ഇടപെടുത്തുന്നതിനെയും അംഗീകരിച്ചില്ല. അത് ഓരോ മതവിഭാഗത്തിന്റെയും ഐഡന്റിറ്റി നശിപ്പിക്കുമെന്ന പക്ഷത്താണ് സമസ്ത നിലകൊണ്ടത്. 1951 മാര്‍ച്ച് 25, 26, 27 തീയതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനത്തില്‍ വച്ച്, മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് ജനങ്ങളുടെ മൗലിക വിശ്വാസത്തിനു ഹാനി സംഭവിക്കുമെന്നും അതിനിടവരുത്തരുതെന്നും സമസ്ത തുറന്നുപറഞ്ഞു. ഇസ്‌ലാമിനെ നിന്ദിക്കാനുള്ള ശ്രമങ്ങളെ നല്ലഭാഷയില്‍ തന്നെ നേരിട്ടു. ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും നീചമായ ഭാഷയില്‍ അവതരിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും മതപ്രചാരണത്തിന്റെ പേരില്‍ ക്രൈസ്തവ മിഷണറി ശ്രമിച്ചപ്പോള്‍ സമസ്തക്ക് ഇടപെടേണ്ടിവന്നു. 1980 കളില്‍ മഞ്ചേരി-എടക്കര ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്ന് ഇത്തരം ഒരു ശ്രമം നടന്നപ്പോള്‍ ശംസുല്‍ ഉലമ അവിടെ സ്റ്റേജ്‌കെട്ടി. പരിസര പ്രദേശങ്ങളിലെ പാതിരിമാരെ മുഴുവന്‍ മുന്നിലിരുത്തി സൗഹൃദങ്ങളെ തകര്‍ത്തുകളയുന്ന ശ്രമങ്ങളെക്കുറിച്ച് ഗൗരവം ചോരാതെ സംസാരിച്ചു.
1950 ഏപ്രില്‍ 29,30 ന് വളാഞ്ചേരിയില്‍ മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍.എസ്.എസിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരേ പ്രതിഷേധ പ്രമേയം പാസാക്കിയിരുന്നു. 14-10-1954 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന ആര്‍.എസ്.എസ് വിദ്യാര്‍ഥി വിഭാഗത്തിനെതിരേ യോഗത്തില്‍ മുസ്‌ലിംകളെ അപമാനിക്കുന്നതും പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കേളപ്പന്‍ നായരുടെ പ്രസ്താവനക്കെതിരേ പ്രതിഷേധ പ്രമേയം പാസാക്കിയിരുന്നു.
ഈ നിലപാടു തന്നെയാണ് സമുദായത്തിനകത്തുള്ള തീവ്ര-വര്‍ഗീയ ഭാവങ്ങളോടും സമസ്ത സ്വീകരിച്ചത്. 1992 ഡിസംബര്‍ 6 നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്‌ലിം സമുദായം വല്ലാത്ത മനോവേദനയിലും വിഷമത്തിലും കഴിയുകയായിരുന്നു. പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ പലരുടെയും അമര്‍ഷം അകതാരില്‍ തിങ്ങിവിങ്ങി നിന്നിരുന്നു. കലുഷിതമായ ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ട് തീവ്രഭാവത്തോടുകൂടിയുള്ള ചില പ്രതികരണങ്ങളുണ്ടായി. ആര്‍.എസ്.എസിനു ബദലായി ഐ.എസ്.എസ് (ഇസ്‌ലാമിക് സേവക സംഘം) രംഗപ്രവേശനം ചെയ്തു. അവരെ സമസ്ത അംഗീകരിച്ചില്ല. അടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. അതേസമയത്തുതന്നെ 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി രംഗത്തുവന്ന 'സിമി' (സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യില്‍ നിന്നു വിരമിച്ച ചിലരുണ്ടായിരുന്നു. അവര്‍ എന്‍.ഡി.എഫ് (നാഷനല്‍ ഡവലെപ്പ്‌മെന്റ് ഫ്രണ്ട്) എന്ന പേരില്‍ വളരെ രഹസ്യമായി സംഘടിച്ചു. പരസ്യമായ സംഘടനാ ശൈലി ഉപയോഗിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ആദ്യകാലത്ത് ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം. പക്ഷേ, സമസ്ത അതിന്റെ അപകടം മണത്തറിഞ്ഞു. എന്‍.ഡി.എഫിനെതിരേ സമുദായത്തിനകത്തു നിന്നുള്ള ആദ്യത്തെ എതിര്‍പ്പ് എസ്.കെ.എസ്.എസ്.എഫ് ഉയര്‍ത്തി. എസ്.കെ.എസ്.എസ്.എഫും സമസ്ത പണ്ഡിതന്മാരും പങ്കുവച്ച ആശങ്കകളെല്ലാം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു പിന്നീട് എന്‍.ഡി.എഫും അതിന്റെ പുതിയ രൂപമായ 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ'യും പെരുമാറിയത്.
ഇങ്ങനെ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞു മുന്നോട്ടുപോവുകയും ഈ സമൂഹത്തിന് വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാന്‍ പ്രയത്‌നിക്കുകയും ചെയ്ത സംഘശക്തിയാണ് സമസ്ത. ഒന്‍പതരപതിറ്റാണ്ട് പിന്നിട്ട ഈ സംഘടനയാണ് ഇന്നും കേരളത്തിലെ മുസ്‌ലിം മുഖ്യധാരയുടെ പ്രതീക്ഷയും പ്രത്യാശയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."