എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ സഊദിവത്കരണം നിർബന്ധമാക്കില്ലെന്ന് സഊദി അറേബ്യ
റിയാദ്: രാജ്യത്ത് എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ സഊദിവത്കരണം നിർബന്ധമാക്കില്ലെന്ന് വെളിപ്പെടുത്തി സഊദി അറേബ്യ. രാജ്യത്ത് പുതുതായി നടപ്പാക്കിവരുന്ന എട്ട് പ്രത്യേക സാമ്പത്തിക മേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളിൽ സ്വദേശി വൽകരണം നിർബന്ധമാക്കില്ലെന്ന് സഊ ദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി വ്യക്തമാക്കി. പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം.
റിയാദിൽ നടക്കുന്ന സഊദി സ്പെഷ്യൽ ഇകണോമിക് സോൺസ് ഇൻവെസ്റ്റ്മന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപകർക്ക് ഏറ്റവും സ്വീകാര്യമായതും പ്രധാനപ്പെട്ടതുമായ പാക്കേജാണ് ഞാൻ ഇവിടെ പ്രഖ്യാപിക്കുന്നത്. ഈ മേഖലയിൽ സഊദിവത്കരണ നടപടികൾ നടപ്പാക്കുകയില്ലെന്നതാണത്. പ്രത്യേക സാമ്പത്തിക മേഖലകൾ സഊദിവത്കരണ നടപടികൾക്ക് പരിധിയിൽ വരില്ല. സഊദി പൗരന്മാരെ നിയമിക്കാൻ അവർക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചില പ്രത്യേക വ്യവസായ മേഖലകളിലേക്ക് അന്താരാഷ്ട്ര കമ്പനികളെ ക്ഷണിക്കുകയാണ് റിയാദിൽ നടക്കുന്ന ഫോറം കൊണ്ടുദ്ദേശിക്കുന്നത്. അവയെ സഊദിയിലേക്ക് പൂർണമായും മാറ്റുകയാണ് ലക്ഷ്യം. ആഗോള, പ്രാദേശിക രംഗത്തെ വ്യാവസായിക മാനദണ്ഡങ്ങൾ വളരെ ശ്രദ്ധാപൂർവം പരിഗണിച്ചതിന് ശേഷം മത്സരാധിഷ്ഠിത രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ആകർഷകമായ പാക്കേജുകളിലൂടെ വ്യവസായികളെ ക്ഷണിക്കുകയുമാണ് സഊദി അറേബ്യ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."