സ്ത്രീധന ഗാര്‍ഹിക പീഡനകേസുകള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ പരിഗണനയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ തടയാന്‍ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികള്‍ അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസുകള്‍ അനന്തമായി നീളുന്നത് തടയുന്നതിന്നാണ് പുതിയ തീരുമാനം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡ് തലത്തിലുള്ള സംവിധാനങ്ങളും ബോധവത്ക്കരണ സംവിധാനങ്ങളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ലൊരു ഭാഗം ജീവിതം ബാക്കി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന നിലയാണ് കാണുന്നത്. ഇത്തരത്തില്‍ മാറേണ്ട നാടല്ല കേരളം. സ്ത്രീകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെടാനുള്ള നമ്പര്‍ ഇതിനകം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തന്നെ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."