രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗെലോട്ടും സചിന്‍ പൈലറ്റും
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗെലോട്ടും സചിന്‍ പൈലറ്റും
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പുതിയ നീക്കം ഫലപ്രാപ്തിയിലേക്ക്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു കാര്യങ്ങളിലുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടതായും അദ്ദേഹം അറിയിച്ചു.
സമാധാന ഉടമ്പടിയുടെ വിശദാംശങ്ങളോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഉത്തരവാദിത്തങ്ങളുടെ വിഭജനമോ വാഗ്ദാനം ചെയ്തിട്ടില്ല. അതേസമയം, പൈലറ്റിന് പി.സി.സി അധ്യക്ഷ സ്ഥാനം നല്‍കുമെന്ന ഊഹാപോഹങ്ങള്‍ ഗെലോട്ട് തള്ളി. പാര്‍ട്ടി നേതൃത്വം വളരെ ശക്തമാണെന്നും വ്യക്തിയുടെ ആഗ്രഹപ്രകാരമല്ല കോണ്‍ഗ്രസില്‍ സ്ഥാനം നല്‍കുന്നതെന്നും ഗെലോട്ട് വ്യക്തമാക്കി. രാജസ്ഥാനില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്നും ഗെലോട്ട് പറഞ്ഞു. പരസ്പരം പോരടിച്ചു നില്‍ക്കുന്ന ഉന്നത നേതാക്കളായ ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിക്ക് വിളിപ്പിച്ചാണ് ചര്‍ച്ച നടത്തിയത്. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഗെലോട്ടുമായി നടക്കുന്ന ചര്‍ച്ചയിലേക്ക് പൈലറ്റിനെ വിളിച്ചിരുന്നില്ല. ഗെലോട്ടിനെ ആദ്യം അനുനയിപ്പിച്ച ശേഷം പൈലറ്റുമായി പ്രത്യേക കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഖാര്‍ഗെ രാജസ്ഥാനിലും സമാന നീക്കങ്ങള്‍ നടത്തിയത്. കര്‍ണാടകയിലേതു പോലെ രാജസ്ഥാനിലും മികച്ച തെരഞ്ഞെടുപ്പ് വിജയം നേടാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വിട്ടുവീഴ്ച ചെയ്യണമെന്ന കര്‍ക്കശ നിലപാടിലാണ് പാര്‍ട്ടി ദേശീയ നേതൃത്വം.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗെലോട്ടും സചിന്‍ പൈലറ്റും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."