അഞ്ജുവിന് പ്രിയപ്പെട്ട പപ്പയെ തിരികെകിട്ടി: പതിറ്റാണ്ടിനു ശേഷം
മനാമ:പതിറ്റാണ്ടിനു ശേഷം അഞ്ജുവിന് പിതാവിനെ തിരിച്ചു കിട്ടി.സമൂഹമാധ്യമത്തില്‍ അവള്‍ ഇട്ട പോസ്റ്റ് പ്രവാസി സമൂഹം ഏറ്റെടുക്കുകയായിരുന്നു. ഒടുവില്‍ ബഹറൈനില്‍ നിന്നും ചന്ദ്രന്‍ പ്രിയപ്പെട്ട മകളെ വിളിച്ചു. പതിമൂന്ന് വര്‍ഷം മുമ്പ്് ബഹ്റൈനിലേക്ക് വന്ന അച്ഛനെ കണ്ടെത്താനാണ് തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ അഞ്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരും മലയാളികളും ഒത്തുചേര്‍ന്നപ്പോഴാണ് അഞ്ജുവിന്റെ അച്ഛന്‍ ചന്ദ്രനെ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞു കണ്ടെത്താനായത്. ഭാര്യയും മക്കളുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ ഇനി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.തനിക്ക് ആറു വയസ്സുള്ളപ്പോള്‍ നാടുവിട്ട പിതാവിനെ ഏതുവിധേനയും കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു നഴ്സിംഗ് വിദ്യാര്‍ഥിനിയായ അഞ്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നാട്ടില്‍ തന്റെ അമ്മക്ക് ജോലിയൊന്നുമില്ലെന്നും തന്റെ ഫീസ് കൊടുക്കുവാന്‍പോലും നിവൃത്തിയില്ലെന്നും അഞ്ജു സൂചിപ്പിച്ചിരുന്നു. അഞ്ജുവിന്റെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ കെ. ചന്ദ്രനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രവാസികള്‍. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രനെ കണ്ടെത്തിയത്. മുഹറഖ് സ്വദേശിയായ ശറഫുദ്ദിന്‍, ചന്ദ്രനെക്കുറിച്ചുള്ള ആദ്യ സൂചന നല്‍കിയപ്പോള്‍ തന്നെ സുധീര്‍ മുഹറഖിലുള്ള ചന്ദ്രന്റെ താമസസ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടിലുള്ള ഭാര്യയും മക്കളുമായി സംസാരിക്കാനുള്ള അവസരമൊരുക്കി കൊടുത്തു. എല്ലാവരും അതീവ സന്തോഷത്തിലാണ് സംസാരിച്ചതെന്ന് സുധീര്‍ പറഞ്ഞു.2009 ഓഗസ്റ്റിലാണ് ചന്ദ്രന്‍ ബഹ്റൈനിലെത്തിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ കാലാവധി തീര്‍ന്നു. പിന്നീട് പുതുക്കാനായില്ല. പാസ്പോര്‍ട്ടിന്റെ കാലാവധിയും കഴിഞ്ഞതോടെ നാട്ടില്‍ പോകാനുള്ള ആഗ്രഹമൊക്കെ മാറ്റിവെച്ചു. തുടര്‍ന്നു നിര്‍മാണരംഗത്തു ചെറിയ ജോലികള്‍ ചെയ്തു ജീവിതം തള്ളിനീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."