ലക്ഷദ്വീപ് ഇന്നലെ, ഇന്ന്
കെ.കെ അസൈനാര്‍
അറബിക്കടലില്‍ കേരളത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് ഭാരതാംബയുടെ പിഞ്ചുപുത്രികളെന്നോണം അങ്ങിങ്ങായി 32 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ ചിതറിക്കിടക്കുന്ന ജനവാസമുള്ളതും ഇല്ലാത്തതുമായ 36 ദ്വീപുകളുടെ സമൂഹത്തിനാണ് ലക്ഷദ്വീപ് എന്ന് പറയുന്നത്. ആദ്യം ലക്ഷദ്വീപ്- മിനിക്കോയി- അമേനി മുതലായ ദ്വീപുകള്‍ എന്ന പേരിലാണ് മൊത്തത്തില്‍ അറിയപ്പെട്ടത്. പിന്നീട് ലക്ഷദ്വീപ് (ലാക്ക ഡീവ്‌സ്) എന്നും അതിനുശേഷം 1973ല്‍ ലക്ഷദ്വീപ് എന്നും ആക്കി. കേരള തീരത്തുനിന്ന് ഒരു ഭാഗത്ത് 220 കിലോമീറ്റര്‍ ദൂരത്തിലും തെക്കുഭാഗത്ത് തെക്കന്‍ കൊല്ലത്തുനിന്ന് 432 കിലോമീറ്ററും പടിഞ്ഞാറോട്ടായാണ് സ്ഥിതി ചെയ്യുന്നത്. ഏഴിമലയില്‍നിന്ന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെത്തലത്ത് ദ്വീപാണ് ഏറ്റവും വടക്കേ അറ്റത്തുള്ളത്. തെക്കന്‍ കൊല്ലത്തിനുനേരെയുള്ള മിനിക്കോയി ദ്വീപാണ് തെക്കെ അറ്റത്തുള്ള ദ്വീപ്. ഒരു ദ്വീപില്‍നിന്ന് അടുത്ത ദ്വീപിലേക്കുള്ള ദൂരം ഒന്‍പത് മുതല്‍ 70 വരെ കിലോമീറ്ററാണ്. എന്നാല്‍ മിനിക്കോയിലേക്കുള്ള ദൂരം 270 കിലോമീറ്ററാണ്.
മിനിക്കോയി, കല്‍പേനി, ആന്ത്രോത്ത്, കവരത്തി, അഗത്തി, അമീനി, കില്‍ത്താന്‍, കടമം, ചെത്തലത്ത്, ബിത്ര എന്നീ പത്ത് ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ബാക്കിയെല്ലാം നാളികേര വൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. ഇതിലൊരു ദ്വീപ് പക്ഷിസങ്കേതമാണ്. ബംഗാരം ദ്വീപ് വിദേശികള്‍ക്കായുള്ള വിനോദസഞ്ചാരകേന്ദ്രമാണ്. അഗത്തി ദ്വീപില്‍ മാത്രമാണ് വിമാനത്താവളമുള്ളത്. ബാക്കിയുള്ള ജനവാസ ദ്വീപുകളില്‍ എല്ലാം ഹെലിപ്പാഡുകളും. കവരത്തിയാണ് തലസ്ഥാന ദ്വീപ്. എന്നാല്‍ വിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും വലുത് ആന്ത്രോത്താണ്. 4.22 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ജനസംഖ്യ 13000 ത്തോളവും. ഏറ്റവും ചെറുത് ബിത്ര ദ്വീപാണ്. 0.5 ചതുരശ്ര കിലോമീറ്റര്‍ (25 ഏക്കര്‍ മാത്രം) വിസ്തൃതി. ജനസംഖ്യ 200 മാത്രം. ഒരു കടയോ, ചായക്കടയോപോലുമോ ഇല്ല. കേന്ദ്രസര്‍ക്കാര്‍ വക ഒരു നിത്യോപയോഗ വില്‍പന കേന്ദ്രം മാത്രം. ഇവിടെ ജനവാസം ആരംഭിച്ചത് 1928ല്‍ മാത്രമാണ്. എന്നാല്‍ ഈ കൊച്ചു ദ്വീപില്‍ എട്ടാംതരം വരെയുള്ള സ്‌കൂള്‍, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ പത്തോളം സര്‍ക്കാര്‍ ഓഫിസുകളുണ്ട്. ഒരു എം.ബി.ബി.എസ് ഡോക്ടരുടെ നിത്യസാന്നിധ്യത്തിലുള്ള ആരോഗ്യകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
ജനവാസത്തിന്റെ തുടക്കം
ക്രിസ്തുവിന് 1500 വര്‍ഷം മുന്‍പ് തന്നെ ലക്ഷദ്വീപില്‍ ജനവാസം ആരംഭിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുന്‍കാലത്ത് ബുദ്ധമതാനുയായികളായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍നിന്ന് കുടിയേറ്റം നടന്നിരുന്നുവെന്നും ഒരു പക്ഷമുണ്ട്. ദ്വീപ് ജനതയുടെ സംസാരത്തില്‍ തമിഴ്ചുവ കാണുന്നത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലക്ഷദ്വീപും റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതായും റോമിലെ ഒന്നാം നൂറ്റാണ്ടിലെ സ്വര്‍ണനാണയങ്ങള്‍ കടമത്ത് ദ്വീപില്‍നിന്ന് കണ്ടെടുത്തതായും പറയപ്പെടുന്നുണ്ട്. പോളിനേഷ്യക്കാര്‍ ലക്ഷദ്വീപില്‍ കുറച്ചുനാള്‍ താമസിച്ചിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍ പ്രാബല്യമുള്ള ചരിത്രവും ചരിത്രരേഖകളും താഴെപറയുംപ്രകാരമാണ്. ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഏതാണ്ട് 618ല്‍ കേരളത്തിലെ രാജാവായിരുന്ന ഭാസ്‌കര രവിവര്‍മ പെരുമാള്‍ എന്ന അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാംമതം സ്വീകരിക്കാന്‍ അറബികളോടൊന്നിച്ച് മക്കയിലേക്ക് പോയി എന്ന സംഭവം കേരളീയര്‍ക്ക് സുപരിചിതമാണല്ലോ. അദ്ദേഹത്തിന്റെ ആ യാത്ര പരമരഹസ്യമായിട്ടായിരുന്നു. പരമജ്ഞാനിയും പ്രജാവത്സലനുമായ പെരുമാള്‍ ഒരു പ്രഭാതത്തിലാണ് അപ്രത്യക്ഷനായത്. ഇതില്‍ കുടുംബാംഗങ്ങളും പ്രജകളും അമ്പരന്നുപോയി. ദു:ഖാര്‍ഥരായ അവര്‍ പലവഴിക്കും അന്വേഷണം നടത്തി. ഫലമുണ്ടായില്ല. പായക്കപ്പലില്‍ പോയ അവര്‍ കൊടുങ്കാറ്റില്‍ പെട്ട് അന്വേഷണം അവസാനിപ്പിച്ച് അടുത്തുകണ്ട ഒരു ദ്വീപില്‍ അഭയംതേടി കരയിലേക്ക് തിരിച്ചുവന്ന് ഇവരെ പറഞ്ഞയച്ച ചിറക്കല്‍ തമ്പുരാന്‍ ഉദയവര്‍മ്മന്‍ കോലത്തിരിയോട് വിവരങ്ങള്‍ ധരിപ്പിച്ചു. ഈ ദ്വീപുകളില്‍ ചെന്ന് അധിവസിക്കാനും ആ സ്ഥലം സ്വന്തമാക്കാനും രാജാവ് അവരോട് കല്‍പിച്ചു. അങ്ങനെ വിജനമായ ദ്വീപുകളില്‍ അവര്‍ ചെന്ന് താമസം തുടങ്ങി. ഇങ്ങനെയാണ് ദ്വീപില്‍ ജനവാസം തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ ചരിത്രം. ഇതനുസരിച്ച് ആദ്യത്തെ ലക്ഷദ്വീപിന്റെ ഭരണം ചിറക്കല്‍ കോലത്തിരി രാജവംശത്തിനു കീഴിലായിരുന്നു. ചിറക്കല്‍ ഭരണകൂടത്തിന്റെ സ്വത്തുക്കളില്‍നിന്ന് എട്ടിലൊരു ഭാഗം സൗഹൃദത്തോടെ വീതം ലഭിച്ചു വേറെപോയി അറക്കല്‍ മുസ്‌ലിം രാജകുടുംബമായി മാറിയതോടെയാണ് ലക്ഷദ്വീപ് അറക്കല്‍ രാജ്ഞിയുടെ ഭരണത്തിനു കീഴിലായത്. ലക്ഷദ്വീപ് ഭരിച്ചത് ചിറക്കല്‍ രാജസ്വരൂപം, പിന്നീട് അറക്കല്‍ രാജസ്വരൂപം, ടിപ്പുസുല്‍ത്താന്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി (ബ്രിട്ടന്‍), ഇന്ത്യാ ഗവണ്‍മെന്റ് എന്നിവരായിരുന്നു. ബുദ്ധമതക്കാര്‍, പോളിനേഷ്യക്കാര്‍ ഇടത്താവളമാക്കിയിരുന്നുവെന്നും കരുതപ്പെടുന്നു. 1948 മുതല്‍ പത്ത് വര്‍ഷക്കാലം ലക്ഷദ്വീപ് മദ്രാസ് സംസ്ഥാനത്തോട് ചേര്‍ന്നതായിരുന്നു. എന്നാല്‍ 1952 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപിനെ കോഴിക്കോട്ടെ കൊടുവായൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മലബാര്‍ ജില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. അപ്പുവാണ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
1956ലാണ് കേന്ദ്രഭരണ പ്രദേശമായത്. ലക്കഡീവി മിനിക്കോയ് ആന്റ് അമീനി ഡീവി ദ്വീപുകള്‍ എന്ന പേരിലായിരുന്നു ദ്വീപുകള്‍ അറിയപ്പെട്ടിരുന്നത്. 1973 നവംബര്‍ ഒന്ന് മുതലാണ് ലക്ഷദ്വീപ് എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്തത്. ബ്രിട്ടീഷ് ഭരണത്തോടെയാണ് മലയാളത്തിന് പ്രചാരം കൂടിയത്. മിനിക്കോയ് ദ്വീപില്‍ മഹല്‍ഭാഷ (ദ്വിവേദി)യാണ് ഉപയോഗത്തിലുണ്ടായിരുന്നത്. മഹല്‍ദ്വീപി(മാലദ്വീപ്) നോട് ചേര്‍ന്ന് മാലദ്വീപ് രാജാവിന്റെ കീഴിലായിരുന്നു മിനിക്കോയ് ദ്വീപ്. ലക്ഷദ്വീപ് ഭരിക്കുമ്പോള്‍ അറക്കല്‍ രാജ്ഞി യുദ്ധത്തില്‍ കൂടി പിടിച്ചെടുത്താണ് ലക്ഷദ്വീപില്‍ ചേര്‍ത്തത്. ലക്ഷദ്വീപില്‍ (മിനിക്കോയ് ഒഴികെ) മലയാളത്തിനു പുറമെ ജസ്‌രി ഭാഷയായിരുന്നു വിനിമയ ഭാഷ. പക്ഷേ, ജസ്‌രിക്ക് ലിപിയുണ്ടായിരുന്നില്ല. മലയാളത്തിനു മുന്‍പെ അറബി മലയാളം ലക്ഷദ്വീപിലുണ്ടായിരുന്നു. ഇപ്പോള്‍ മിനിക്കോയിയിലും മറ്റ് ഒന്‍പത് ദ്വീപുകളിലും മലയാളമാണ് ഔദ്യോഗിക ഭാഷ. എന്നാല്‍ മാതൃഭാഷയായും ഒന്‍പത് ദ്വീപുകളിലും മലയാളമുള്ളപ്പോള്‍ മിനിക്കോയിയില്‍ മഹല്‍ഭാഷയാണ് മാതൃഭാഷ. ഈ എല്ലാ ദ്വീപുകളിലും (മിനിക്കോയി ഉള്‍പ്പെടെ) വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ കേരളത്തിലെ മലയാള പാഠപുസ്തകങ്ങള്‍ തന്നെയാണ്. കേരളത്തിനു പുറത്ത് മലയാളം ഔദ്യോഗിക ഭാഷയും സംസാരഭാഷയുമുള്ള പ്രദേശം ലക്ഷദ്വീപ് മാത്രമാണ്. കേരളത്തിലെ സിലബസാണ് ലക്ഷദ്വീപില്‍. ദ്വീപ്, കേരള ഹൈക്കോടതിക്ക് കീഴിലാണ്.
ഹസ്‌റത്ത് ഇബൈദുല്ല
അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഹിജ്‌റ വര്‍ഷം 41 (എഡി 662ല്‍) ലക്ഷദ്വീപില്‍ മതപ്രബോധനത്തിനെത്തിയ ഉബൈദുല്ലയാണ് ദ്വീപില്‍ ഇസ്‌ലാം മതം ആദ്യമായി പ്രചരിപ്പിച്ചത്. ഒന്നാമത്തെ ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ പൗത്രനാണ് ഹസ്‌റത്ത് ഉബൈദുല്ല. ജിദ്ദയില്‍നിന്ന് വരുമ്പോള്‍ പായക്കപ്പല്‍ തകര്‍ന്ന് രക്ഷപ്പെട്ട അദ്ദേഹം ആദ്യമെത്തിയത് അമീനി ദ്വീപിലായിരുന്നു. എല്ലാ ദ്വീപിലെയും മുഴുവന്‍ ജനങ്ങളും അദ്ദേഹം വഴി ഇസ്‌ലാം സ്വീകരിച്ചു. ലക്ഷദ്വീപിന്റെ പുനരുദ്ധാരകനായാണ് ഹസ്‌റത്ത് ഉബൈദുല്ല അറിയപ്പെടുന്നത്. ഇന്നും ലക്ഷദ്വീപിലെ എല്ലാ സ്ഥിരവാസികളും മുസ്‌ലിംകള്‍ മാത്രമാണ്. ജോലി ആവശ്യാര്‍ഥം താല്‍ക്കാലികമായി ദ്വീപില്‍ താമസിക്കുന്ന അമുസ്‌ലിംകള്‍ ഉണ്ട്. പുതുതായി ആര്‍ക്കും കുടിയേറാനോ, സ്വത്ത് വാങ്ങാനോ നിയമമില്ല. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ മാത്രം അധിവസിക്കുന്ന പ്രദേശം ലക്ഷദ്വീപ് മാത്രമാണ്. ഇന്ന് 70,000 ഓളം ജനസംഖ്യയുണ്ട് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍. ഇവിടത്തെ ആദ്യത്തെ പാര്‍ലമെന്റ് അംഗം (നോമിനേറ്റഡ്) ആന്ത്രോത്തിലെ നല്ല കോയയും ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എം.പി പി.എം സഈദുമാണ്. ഇദ്ദേഹം കേന്ദ്രമന്ത്രിയുമായിരുന്നു. പ്രഥമ അഡ്മിനിസ്‌ട്രേറ്റര്‍ എസ്. മണിയും രണ്ടാമത്തേത് സി.കെ ബാലകൃഷ്ണന്‍ നായരുമായിരുന്നു. മൂന്നാമതായി വന്ന അഡ്മിനിസ്‌ട്രേററ്ററാണ് പ്രസിദ്ധനായ മൂര്‍ക്കോത്ത് രാമുണ്ണി (1961-65). ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് ലക്ഷദ്വീപ് ജനതയെ പട്ടികവര്‍ഗവിഭാഗത്തില്‍ പെടുത്തി കൂടുതല്‍ ആനുകൂല്യം ലഭിക്കുമാറാക്കിയത്.
പോര്‍ച്ചുഗീസ് പട്ടാള മേധാവി വാസ്‌കോഡ ഗാമ എ.ഡി 1502ല്‍ കേരളത്തിലേക്ക് രണ്ടാം തവണ വരുന്നവഴി ലക്ഷദ്വീപില്‍ കൊടുംക്രൂരത കാണിച്ചിരുന്നു. അമീനി ദ്വീപിലെ എല്ലാവരെയും കൊന്നൊടുക്കിയിരുന്നു. അഗത്തി ദ്വീപിലും കൊല നടത്തിയിരുന്നു. എന്നാല്‍ ദ്വീപില്‍ ഒരാളെപ്പോലും മതംമാറ്റാന്‍ ഗാമക്ക് സാധിച്ചിരുന്നില്ല.
ജൈവവ്യവസ്ഥ
ദ്വീപുകളിലെവിടെയും പുഴയോ തോടോ കാടോ കുന്നോ ഇല്ല. തെങ്ങ് ഒഴികെ വൃക്ഷങ്ങളുമില്ല. പുന്ന, പൂവരശ്, കടപ്ലാവ്, കാട്ടുപരുത്തി, അരയാല്‍, മുരിങ്ങ, എന്നിവ മാത്രമേയുള്ളൂ. ഓടം നിര്‍മാണത്തിനാവശ്യമായ മരത്തടികള്‍ ഈ താണ മരങ്ങളില്‍ നിന്ന് ലഭിക്കും.
ആട്, മാട്, പൂച്ച എന്നീ മൃഗങ്ങള്‍ മാത്രമേ ദ്വീപിലുള്ളൂ. നായ, പന്നി, കുറുക്കന്‍, പാമ്പ് എന്നിവ ദ്വീപിലെവിടെയുമില്ല. കാക്ക, രണ്ട് ദ്വീപുകളില്‍ മാത്രമേയുള്ളൂ. എലിശല്യം ഭയങ്കരമാണ്. തെങ്ങിന്‍മണ്ടകളിലാണ് കൂടുതലുള്ളത്. വര്‍ഷത്തിലൊരിക്കല്‍ നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് എലിനായാട്ട് നടത്താറുണ്ട്.
തേങ്ങ, കയര്‍, മത്സ്യം എന്നിവയാണ് ദ്വീപിന്റെ ഐശ്വര്യം. നാളികേരവൃക്ഷം ദ്വീപില്‍ സമൃദ്ധമായി വളരുകയും കായ്ക്കുകയും ചെയ്യുന്നു. ജനവാസമുള്ള ദ്വീപുകളിലും ജനവാസമില്ലാത്ത ദ്വീപുകളിലും തെങ്ങ് ധാരാളമാണ്. ഗുണമേന്മയുള്ള കൊപ്രയാണ് ഇവിടത്തെ തെങ്ങുകളില്‍ നിന്ന് ലഭിക്കുന്നത്. അടുത്തടുത്താണ് ഇവിടെ തെങ്ങ് വളരുന്നത്. കേരളത്തിലെപോലെ ഒരു തെങ്ങിന്റെ ഓല അടുത്ത തെങ്ങിന്റെ ഓലക്ക് മുട്ടാത്ത നിലയില്‍ വളരണമെന്നില്ല. കേരളത്തിലേതിനേക്കാളും വളരെയധികമാണ് തേങ്ങ കായ്ക്കുന്നത്. ഇവിടെ തെങ്ങിന് വളം ചേര്‍ക്കാറില്ല. കൊപ്രയാക്കിയാണ് തേങ്ങ ദ്വീപിന് പുറത്തേക്ക് കടത്തുന്നത്.
ലക്ഷദ്വീപിന്റെ തനതായ ഒരു ഉല്‍പന്നമാണ് കയര്‍. മറ്റെവിടെയും ലഭിക്കാത്ത ഗുണമേന്മയേറിയ കയറാണിവിടെ. അതുകൊണ്ട് തന്നെ ദ്വീപിന് പുറത്ത് ഈ കയറിന് പ്രിയമേറെയാണ്. ധാരാളമായി ഇത് കയറ്റി അയക്കുന്നു. കയറിന്റെ കയറ്റുമതിക്ക് അറക്കല്‍ രാജാവ് എ.ഡി 1764ല്‍ നികുതി ഏര്‍പ്പെടുത്തിയതാണ് ദ്വീപിലെ ആദ്യത്തെ നികുതി നിയമം.
മത്സ്യവ്യവസായമാണ് ദ്വീപിന്റെ മറ്റൊരു ഐശ്വര്യം. ലക്ഷദ്വീപിന് 4200 ചതുരശ്ര കിലോമീറ്റര്‍ ലഗൂണും (തടാകം) 2000 ചതുരശ്ര കിലോമീറ്റര്‍ തീരക്കടലും 400000 ചതുരശ്ര കിലോമീറ്റര്‍ സാമ്പത്തിക ജലാതിര്‍ത്തി മേഖലയുമാണുള്ളത്. ദ്വീപിന് ചുറ്റും വിലപിടിപ്പുള്ള മത്സ്യസമ്പത്തുണ്ട്. ധാരാളം മത്സ്യം കയറ്റി അയക്കുന്നുണ്ട്. പ്രധാന മത്സ്യം ട്യൂണ (ചൂര)യാണ്. ഇതിനു പുറമെ സ്രാവ്, അയക്കൂറ, പറവ, ചെമ്പല്ലി, അപ്പല്‍, കണവ, കോക്ക, ഹാഫ്ബീക്ക്, വര്‍ണമത്സ്യങ്ങള്‍ എന്നിവയുമുണ്ട്. ഇവിടുത്തെ ലഗൂണില്‍ 300 ഓളം ഇനം അലങ്കാര മത്സ്യങ്ങള്‍ ഉണ്ടത്രെ. ട്യൂണാ ഫാക്ടറികള്‍ ദ്വീപുകളില്‍ പ്രവര്‍ത്തിക്കുന്നു. ട്യൂണയില്‍നിന്നാണ് മാസ് ഉണക്കമീന്‍ ഉണ്ടാക്കുന്നത്. 1961 വരെ ട്യൂണമീന്‍പിടുത്തം മിനിക്കോയ് ദ്വീപുകാര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. 1961ല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മൂര്‍ക്കോത്ത് രാമുണ്ണിയാണ് ട്യൂണ പിടുത്തത്തിന്റെ വിദ്യ മറ്റു ദ്വീപുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഏര്‍പ്പാട് ചെയ്തത്.
മരുമക്കത്തായ സമ്പ്രദായമാണ് ഇപ്പോഴും ദ്വീപിലുള്ളത്. ജാതിസമ്പ്രദായം നേരത്തെയുണ്ടായിരുന്നത് ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്. കോയ, മാല്‍മി, മേലാച്ചേരി എന്നീ വിഭാഗങ്ങളായായിരുന്നു ഉണ്ടായിരുന്നത്. നബികുടുംബത്തില്‍പെട്ട സയ്യിദുമാര്‍ (തങ്ങള്‍മാര്‍) ഏറ്റവും മുകളില്‍ ആരണീയരാണ്. കവരത്തി, ആന്ത്രോത്ത്, അമീനി എന്നീ മൂന്ന് ദ്വീപുകൡ മാത്രമേ സയ്യിദ് വംശം ഉള്ളൂ.
60 വര്‍ഷം മുന്‍പത്തെ
ലക്ഷദ്വീപ്
ഇന്ന് കാണുന്നതായിരുന്നില്ല 1950ന് മുന്‍പുള്ള ലക്ഷദ്വീപ് പരിസ്ഥിതിയും ജീവിതവും. തേങ്ങയും മീനും കയറും ധാരാളമുണ്ടെങ്കിലും അത് കരയില്‍ കൊണ്ടുവന്ന് വിറ്റഴിക്കാനും പകരം നിത്യോപയോഗ സാധനങ്ങള്‍ ദ്വീപിലേക്ക് കൊണ്ടുവരാനും വര്‍ഷത്തില്‍ പകുതിയോളം കാലം സാധിക്കുമായിരുന്നില്ല. ഓടങ്ങള്‍ മാത്രമാണ് അന്നത്തെ വാഹനം. മഴക്കാലമായാല്‍ പായ കെട്ടിയ ഓടങ്ങള്‍ ദ്വീപിലും കരയിലും (കേരളക്കര) നിശ്ചലമായിരിക്കും. മഴക്കാലത്ത് ദ്വീപില്‍ കടുത്ത വറുതിയായിരുന്നു. തേങ്ങയും മീനും മാത്രമേ എപ്പോഴും ലഭിക്കുകയുള്ളൂ. മുന്‍കാലത്ത് നെല്ലും ചോളവും മറ്റും കൃഷി ചെയ്യുമായിരുന്നു. അതും ആവശ്യത്തിന്റെ കാല്‍ഭാഗം പോലും തികയില്ല.
അറുപത് വര്‍ഷം മുന്‍പ് ദ്വീപില്‍ പോസ്റ്റ് ഓഫീസ് പോലും ഉണ്ടായിരുന്നില്ല. കരയില്‍ കുടുങ്ങിയവരുടെ ഒരു വിവരവും മാസങ്ങളോളം അറിയുമായിരുന്നില്ല. ചരക്കുകളുമായി പോയ ഓടങ്ങള്‍ കരയില്‍ എത്തിയിരുന്നുവോ എന്നുപോലും അറിയാതെ ബന്ധുക്കളും നാട്ടുകാരും ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്.
വൈദ്യുതിയില്ലാത്ത, കപ്പലില്ലാത്ത, ബോട്ട് സര്‍വീസില്ലാത്ത, ഹെലികോപ്ടറില്ലാത്ത, കച്ചവടമില്ലാത്ത, കമ്പി തപാലില്ലാത്ത, ടെലിഫോണില്ലാത്ത, ടി.വി ഇല്ലാത്ത, സ്‌കൂളുകളും കോളജുകളുമില്ലാത്ത... ചുരുക്കത്തില്‍ ഇന്ന് കാണുന്ന വികസനമോ സൗകര്യമോ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു ദ്വീപിലേത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ് ലക്ഷദ്വീപില്‍ അറിഞ്ഞത്. ലക്ഷദ്വീപും കേരളവുമായുള്ള ആദ്യത്തെ കപ്പല്‍ സര്‍വിസ് ആരംഭിച്ചത് 1958 സെപ്റ്റംബറിലായിരുന്നു. കുറച്ചുനാള്‍ക്കുശേഷം ഇതു മുടങ്ങി. പുനരാരംഭിച്ചത് 1960ന് ശേഷമാണ്. ഇപ്പോള്‍ ചെറുതും വലുതുമായി യാത്രാ കപ്പലുകള്‍ പതിമൂന്നെണ്ണമുണ്ട്. ഇന്ത്യയില്‍ യാത്രാ കപ്പലുകള്‍ ഇപ്പോള്‍ ലക്ഷദ്വീപുമായും ആന്തമാന്‍ നിക്കോബര്‍ ദ്വീപുകളും തമ്മില്‍ മാത്രമാണ്. മുകളില്‍ പറഞ്ഞ എല്ലാ വികസന സൗകര്യങ്ങളും ദ്വീപിലുണ്ട്. 1984ല്‍ തന്നെ ലക്ഷദ്വീപില്‍ ടെലിവിഷന്‍ എത്തിയിരുന്നു. ഇന്ത്യയില്‍ മറ്റെവിടെയുമുള്ള ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ദ്വീപിലുമുണ്ട്.
ദ്വീപ് അങ്ങനെ തുടരട്ടേ...
ഈ ദ്വീപുകളുടെ ഉല്‍പത്തിയെ സംബന്ധിച്ച് സമുദ്രശാസ്ത്രജ്ഞന്മാരുടെയും ഭൂശാസ്ത്രജ്ഞന്മാരുടെയും ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ദ്വീപുകള്‍ സമുദ്രത്തിനടിയില്‍നിന്ന് തലപൊക്കിനില്‍ക്കുന്ന പര്‍വതങ്ങളുടെ കൊടുമുടികളാണെന്നും അതല്ല ജലവിതാനത്തില്‍ സഹസ്രാബ്ദങ്ങള്‍കൊണ്ട് ഉയര്‍ന്ന മണല്‍ത്തിട്ടകളാണെന്നും പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടായവയാണെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ദ്വീപുകളുടെ ഉപരിതലം വെണ്മയേറിയ മണലാണ്. ഇതിനിടയില്‍ നിലനില്‍ക്കുന്ന പാറകളില്‍നിന്ന് ചെങ്കല്ലുകള്‍ കൊത്തിയെടുക്കുന്നത് ഈ കുറിപ്പുകാരന്‍ കണ്ടിട്ടുണ്ട്. കടല്‍ക്കരയില്‍ കിണര്‍ കുഴിച്ചാലും ഉപ്പില്ലാത്ത ശുദ്ധജലമാണ് ലഭിക്കുക. ചുറ്റുമുള്ള കടലിന്റെ ആഴം 10,000 ഓളം അടിവരും. കപ്പലുകള്‍ കരയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് നങ്കൂരമിടുക. ബോട്ടുകളിലാണ് ആളുകളെ ദ്വീപിലേക്ക് കൊണ്ടുവരുന്നതും കപ്പലുകളിലേക്ക് കൊണ്ടുപോകുന്നതും.
വീടുകള്‍ ചെറുതും ലളിതവും ഒറ്റ നിലയിലുമാണ്. കോണ്‍ക്രീറ്റ് വീടുകള്‍ക്കാവശ്യമായ സാധങ്ങള്‍ കരയില്‍നിന്നാണ് വാങ്ങുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ട്. വാഹനങ്ങള്‍ കൂടുതലും സ്‌കൂട്ടറും ബൈക്കും സൈക്കിളും ജീപ്പുമാണ്. സ്‌കൂള്‍ ബസുകളുണ്ട്. സാധനങ്ങള്‍ കടത്തുന്നതിന് ട്രക്കുകളുണ്ട്. എല്ലാ ദ്വീപുകളിലും ലൈറ്റ് ഹൗസുകളുണ്ട്. ചില ദ്വീപില്‍ രണ്ടുവീതം ലൈറ്റ്ഹൗസുകളുണ്ട്. വീടുകള്‍ക്ക് നികുതിയില്ല. സിനിമാ തിയേറ്ററുകള്‍ ഇല്ല. വീതിയുള്ള റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്തതാണ്. കറന്റ് എല്ലാ സമയത്തും ലഭ്യമാണ്. കറന്റ് കട്ട് ഉണ്ടാകാറില്ല. കൊച്ചിയില്‍നിന്ന് അഗത്തി ദ്വീപിലേക്ക് വിമാന സര്‍വിസുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും മജിസ്‌ട്രേറ്റ് കോടതിയും ലക്ഷദ്വീപിലുണ്ട്. ആദ്യത്തെ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ദ്വീപുകാരനായ ബിം അമാനുള്ളയാണ്.
എല്ലാ വിഷയത്തിലും കേരളീയ സംസ്‌കാരം വച്ചുപുലര്‍ത്തുന്ന ലക്ഷദ്വീപ് ജനത മതേതരത്വത്തെ മുറുകെ പ്പിടിക്കുന്നവരാണ്. പുറമേനിന്ന് ദ്വീപിലെത്തുന്ന എല്ലാവരെയും ജാതിമതഭേദമന്യ സ്വീകരിച്ച് സല്‍ക്കരിച്ച് ഒന്നിച്ച് വീട്ടില്‍ താമസിപ്പിക്കുന്ന പാരമ്പര്യമാണ് ദ്വീപുകാര്‍ക്കുള്ളത്. രാഷ്ട്രസേവനത്തിലും രാജ്യസ്‌നേഹത്തിലും മുന്‍പന്തിയിലാണ്. ഇന്ത്യാ രാജ്യത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹത്തില്‍ ഇന്നുവരെ ഒരു ചാരനും എത്തിയിട്ടില്ല. നിഷ്‌കളങ്കരും രാജ്യസ്‌നേഹികളുമായ ലക്ഷദ്വീപ് ജനതയുടെ മേല്‍ പുതിയ ഭരണകൂടം കൊടുംക്രൂരത കാണിക്കുന്നത് തെറ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."