അണക്കെട്ടുകളിലെ ചെളി നീക്കല്‍; വിദഗ്ധ സമിതിയെ നിയോഗിച്ചു
ബാസിത് ഹസന്‍
തൊടുപുഴ: വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ സംഭരണ ശേഷി കുറയുന്നതിനാല്‍ ചെളിയും മണലും നീക്കാനുള്ള പ്രവര്‍ത്തന രൂപരേഖ (എസ്.ഒ.പി) തയാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ കാറ്റഗറി 'ഹൈ' യില്‍ പെടുത്തിയിരിക്കുന്ന കല്ലാര്‍കുട്ടി റിസര്‍വോയറിലാണ് പൈലറ്റ് പദ്ധതി. ഇവിടെ വാര്‍ഷിക സംഭരണ നഷ്ടം 0.7 ശതമാനമാണ്. ഡാം സേഫ്റ്റി ചീഫ് എന്‍ജിനിയര്‍ ചെയര്‍പേഴ്‌സണും ചീഫ് എന്‍ജിനിയര്‍ ഓഫിസിലെ എക്‌സി. എന്‍ജിനിയര്‍ ഗണേശന്‍. കെ, അസി. എന്‍ജിനിയര്‍ ജയകുമാര്‍ സി.ആര്‍, വിരമിച്ച ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മോഹനന്‍ പി. എന്നിവര്‍ അംഗങ്ങളുമാണ്. പ്രോജക്ട് റിപ്പോര്‍ട്ട്, പരിസ്ഥിതി മാനേജ്‌മെന്റ്, വിവിധ വകുപ്പുകളുടെ അനുമതി നേടല്‍, ഭരണാനുമതി നേടല്‍ ഇവ സമിതിയുടെ ചുമതലയാണ്.
വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ നിന്നു ചെളിയും മണലും നീക്കി സംഭരണശേഷി കൂട്ടണമെന്ന നിര്‍ദേശത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചെറുകിട അണക്കെട്ടുകളുടെ സംഭരണശേഷി 25 മുതല്‍ 30 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകളുടെ സംഭരണശേഷി പകുതിയില്‍ താഴെയായി. രണ്ട് മഴ പെയ്താല്‍ 5.5 ഘനമീറ്റര്‍ സംഭരണശേഷിയുള്ള കല്ലാര്‍കുട്ടി തുറക്കേണ്ടി വരും. ഇവിടെ 3 ഘനമീറ്റര്‍ വെള്ളംപോലും സംഭരിക്കാനാവുന്നില്ല. നേര്യമംഗലം പദ്ധതിയുടെ പെന്‍സ്റ്റോക്ക് സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലാര്‍കുട്ടി തുറന്നപ്പോള്‍ പെരിയാര്‍ മലിനമായി. എറണാകുളത്ത് കുടിവെള്ളം മുട്ടി. 34 ദിവസം ഡാം തുറന്നപ്പോള്‍ 9 ലക്ഷം ഘനമീറ്റര്‍ ചെളിയാണ് പെരിയാറിലേക്ക് ഒഴുകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."