HOME
DETAILS

വ്യക്തിക്കു മുന്നിൽ രാജ്യം തോൽക്കണമോ?

  
backup
June 01 2023 | 04:06 AM

should-the-country-lose-to-the-individual


പോക്‌സോ കേസ് പ്രതിയെ രക്ഷിക്കാൻ, രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടിയ അഭിമാനതാരങ്ങളെ ഡൽഹി പൊലിസ് തെരുവിൽ വലിച്ചിഴച്ചത് സമീപകാലത്ത് രാജ്യതലസ്ഥാനം കണ്ട വേദനിപ്പിക്കുന്ന കാഴ്ചകളിലൊന്നായിരുന്നു. വനിതാ ഗുസ്തിയിൽ ആദ്യമായി ഒളിംപിക്‌സ് മെഡൽ നേടിയ സാക്ഷിമാലിക്കുമുണ്ട് ഇൗ വലിച്ചിഴക്കപ്പെട്ടവരിൽ. കൂടെയുള്ള മറ്റൊരാൾ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണമെഡൽ നേടിയ വിനേഷ് ഫൊഗട്ടാണ്. നീതിക്കുവേണ്ടി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ ജന്തർമന്ദറിലെ സമരവേദിയിൽനിന്ന് ബലമായി കുടിയൊഴിപ്പിക്കുക മാത്രമല്ല, അവർക്കെതിരേ കള്ളക്കേസ് ചുമത്തുകയും ചെയ്തിരിക്കുന്നു. നീതിലഭിക്കില്ലെന്ന് വന്നതോടെ തങ്ങൾ നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള കടുത്ത തീരുമാനത്തിൽനിന്ന് അവരെ ഒരുവിധം പിന്തിരിപ്പിക്കാൻ കർഷക നേതാക്കൾക്കായി.
അഞ്ചു ദിവസത്തിനകം ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഇന്ത്യാഗേറ്റിൽ മരണംവരെ നിരാഹാര സത്യഗ്രഹം നടത്തുമെന്നാണ് താരങ്ങളുടെ പ്രഖ്യാപനം. ഇത്രനാളായിട്ടും ഇളകാത്ത സർക്കാർ ഇതിലെങ്കിലും ഇളകുമോയെന്ന് കണ്ടറിയണം. ഒന്നുറപ്പാണ്, ലോകം ഈ സമരത്തെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യാന്തര ഗുസ്തി സംഘടനയായ യുനൈറ്റഡ് വേൾഡ് റസ്ലിങ്, സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

45 ദിവസത്തിനുള്ളിൽ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയാണ് ഫെഡറേഷനെ നിയന്ത്രിക്കുന്നതെങ്കിലും സാങ്കേതികമായി ബ്രിജ്ഭൂഷൺ തന്നെയാണ് അതിന്റെ അധ്യക്ഷൻ. ബ്രിജ്ഭൂഷനെപ്പോലുള്ള ക്രിമിനലിന് എങ്ങനെയാണ് രാജ്യത്തെ അന്വേഷണ സംവിധാനത്തെ ഇത്രമേൽ സ്വാധീനിക്കാൻ കഴിയുന്നതെന്നും ഭരണസംവിധാനത്തെ ചൊൽപ്പടിക്ക് നിർത്താൻ കഴിയുന്നതെന്നും ആശ്ചര്യത്തോടെ ചോദിച്ചു എന്നേയുള്ളൂ.


പത്തുവർഷത്തിനിടെ ഏഴുപെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പാർലമെന്റംഗം കൂടിയായ ബ്രിജ്ഭൂഷനെതിരായ ആരോപണം. ആരോപണമുന്നയിച്ച ഗുസ്തിക്കാരിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്. മജിസ്‌ട്രേറ്റ് മുമ്പാകെ പെൺകുട്ടി നേരിട്ട് ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. മറ്റാരായാലും ഉടൻ അറസ്റ്റിലാകേണ്ടതാണ്. രണ്ടു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണമെന്ന പേരിൽ അറസ്റ്റ് ഒരു മാസത്തോളമായി നീട്ടിക്കൊണ്ടുപോകുകയാണ് ഡൽഹി പൊലിസ്. ബ്രിജ്ഭൂഷനെപ്പോലൊരാൾ ഗുസ്തി ഫെഡറേഷന് മാത്രമല്ല, രാജ്യത്തിനുതന്നെ ബാധ്യതയാണ്. അയാളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലിസ് തയാറാവുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ അതേ ലോക്‌സഭയിലാണ് രാജ്യത്തിന്റെ അഭിമാനമാകുമായിരുന്ന ഏഴു ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതൻ ഒരു അയോഗ്യതാ ഭീഷണിയുമില്ലാതെ ഇരിക്കുന്നതെന്നത് ജനാധിപത്യത്തെ ലജ്ജിപ്പിക്കേണ്ടതാണ്.


ഇക്കാര്യത്തിൽ ഡൽഹി പൊലിസിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. അയോധ്യയിലെ ബി.ജെ.പിയുടെ ശക്തനായ നേതാവിനെ രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടലുണ്ടെന്നത് രഹസ്യമല്ല. കേസിന്റെ ആദ്യഘട്ടം മുതൽ ഇത് വ്യക്തമായതുമാണ്. ബ്രിജ്ഭൂഷനെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയിൽ ഗുസ്തിതാരങ്ങൾ സമരം നടത്തിയപ്പോൾ തന്നെ അയാളെ തൽസ്ഥാനത്തുനിന്ന് പുറത്താക്കേണ്ടതും കേസെടുത്ത് അന്വേഷണം നടത്തേണ്ടതുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, ചില കണ്ണിൽപ്പൊടിയിടൽ പരിപാടികളിലൂടെ സമരം അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഗുസ്തിക്കാർ എല്ലാം അവസാനിപ്പിച്ച് മടങ്ങിപ്പോകുമെന്ന് അവർ കരുതി. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടതോടെ ഗുസ്തി താരങ്ങൾ വീണ്ടും സമരവുമായെത്തി.


ഏപ്രിലിൽ ഗുസ്തിക്കാർ നേരിട്ട് പരാതി നൽകിയെങ്കിലും ഡൽഹി പൊലിസ് അയാൾക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും തയാറായില്ല. ഗുസ്തി താരങ്ങൾ സുപ്രിംകോടതിയെ സമീപിക്കുകയും സുപ്രിംകോടതി പൊലിസിനോട് മറുപടി നൽക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറായത്. എന്നാൽ ബ്രിജ്ഭൂഷനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ താരങ്ങൾക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടി വന്നു. ഇപ്പോൾ കുറ്റക്കാരനെ അറസ്റ്റ് ചെയ്യുകയെന്ന ആവശ്യത്തിലാണ് ഗുസ്തി താരങ്ങൾ. ഒരു കേസിൽ പൊലിസ് പാലിക്കേണ്ട സാധാരണ നടപടിക്രമങ്ങൾ പാലിക്കാൻ പരാതിക്കാർക്ക് തുടർച്ചയായി കോടതിയെ സമീപിക്കേണ്ടിവരുന്നതും അതിനായി ലോകം ശ്രദ്ധിക്കുന്ന ഗുസ്തിക്കാർക്ക് തെരുവിൽ സമരം നയിക്കേണ്ടിവരുന്നതും നല്ല സൂചനയല്ല. ഇത്രമാത്രം സമ്മർദത്തിലായ പൊലിസ് നടത്തുന്ന അന്വേഷണം സത്യസന്ധമായിരിക്കുമെന്ന് കരുതാനുമാവില്ല.


നീതിക്കുവേണ്ടി ഗുസ്തിക്കാർ മെഡലുകളുമായി ഗംഗാ തീരത്ത് നിൽക്കുമ്പോൾ രാജ്യം ലജ്ജിച്ച് തലതാഴ്ത്തണം. ഗംഗയിലൊഴുക്കാൻ അവർ തയാറായത് ജീവിതംകൊണ്ട് അവർ പൊരുതി നേടിയ സ്വപ്‌നമാണ്. ആ മെഡലുകളിൽ അവരുടെ സ്വപ്‌നവും വിയർപ്പും കണ്ണീരുമുണ്ട്. അവരത് നേടിയത് രാജ്യത്തിന് വേണ്ടിയാണ്. ഗംഗയിലൊഴുക്കാൻ പോയത് രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. കരുത്തും സ്വാധീനവുമുള്ള ബ്രിജ്ഭൂഷൺമാർ എല്ലായിടത്തുമുണ്ട്. അവരെ പേടിക്കാതെ ഈ രാജ്യത്തെ പെൺമക്കൾക്ക് ഉയരങ്ങളിലെത്താൻ കഴിയണം. ഈ സമരം തോറ്റാൽ, അവർക്കൊപ്പം തോൽക്കുന്നത് നമ്മുടെ പെൺമക്കൾ കൂടിയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വരെ പീഡിപ്പിച്ചൊരു ക്രിമിനലിന് അധികാരവും സ്വാധീനവുമുണ്ടെങ്കിൽ നീതിന്യായ സംവിധാനത്തിന്റെ പിടിയില്ലാതെ രക്ഷപ്പെടാമെന്ന സന്ദേശമാകും അത് രാജ്യത്തിന് നൽകുന്നത്. നമ്മുടെ പെൺമക്കൾക്ക് വേണ്ടി ഗുസ്തി താരങ്ങൾ ഈ സമരം വിജയിച്ചേ മതിയാവൂ. അതിനായി രാജ്യത്തെ ഓരോ പൗരനും ഗുസ്തി താരങ്ങൾക്കൊപ്പം നിലകൊള്ളുകതന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago