കോഴ: ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യംചെയ്തു
കല്‍പ്പറ്റ: ജെ.ആര്‍.പി അധ്യക്ഷ സി.കെ ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാന്‍ കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
ഇന്നലെ കല്‍പ്പറ്റയിലെ ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ഡിവൈ.എസ്.പി ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തത്.
ചോദ്യംചെയ്യല്‍ ഏഴു മണിക്കൂറോളം നീണ്ടു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് മൂന്നുമണിക്കാണ് അവസാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സുല്‍ത്താന്‍ ബത്തേരിയിലെ ഹോംസ്‌റ്റേയില്‍ വച്ച് സി.കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറിയത് പ്രശാന്ത് മലവയലാണെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോട് മൊഴി നല്‍കിയിരുന്നു.
നിവേദ്യങ്ങളടങ്ങിയ തുണിസഞ്ചിയില്‍ ഒളിപ്പിച്ചാണ് പണം നല്‍കിയതെന്നായിരുന്നു മൊഴി.
സുല്‍ത്താന്‍ ബത്തേരിയിലേക്ക് കാസര്‍കോട് നിന്ന് കാറില്‍ പണമെത്തിച്ചത് പ്രശാന്താണെന്നും പ്രസീതയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രശാന്തിനെ ചോദ്യം ചെയ്തത്.
കോഴപ്പണം കൈമാറിയെന്ന പ്രസീതയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സാക്ഷികളുടെ മൊഴികളേക്കാള്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
വരുംദിവസങ്ങളില്‍ സി.കെ ജാനു ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യുമെന്നാണ് സൂചന.
ആരോപണങ്ങള്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണസംഘത്തെ കാര്യങ്ങള്‍ ബോധിപ്പിച്ചതായും പ്രശാന്ത് മലവയല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."