ആര്‍ഷോയുടെ പരീക്ഷാഫലം, വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, എസ്.എഫ്.ഐ വിയര്‍ക്കുന്നു, വിദ്യയെ അറിയാം, വ്യാജരേഖയില്‍ പങ്കില്ലെന്നും പി.എം ആര്‍ഷോ
ആര്‍ഷോയുടെ പരീക്ഷാഫലം, വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, എസ്.എഫ്.ഐ വിയര്‍ക്കുന്നു
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ വിജയിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതും മഹാരാജാസ് കോളേജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ.വിദ്യക്കെതിരായ വാര്‍ത്ത വന്നതും ഒരേ ദിവസം. രണ്ടിടത്തും പ്രതിരോധത്തിലാകുന്നത് എസ്.എഫ്.ഐ. അതേസമയം വിദ്യയെ അറിയാമെന്നും എന്നാല്‍ വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്നും എസ്.എഫ്.ഐ പി.എം ആര്‍ഷോയും അറിയിച്ചിട്ടുണ്ട്. ഇതോടെ വ്യാജരേഖക്കുപിന്നില്‍ വലിയ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. എസ്.എഫ്.ഐക്കും ഇടതുസംഘടനക്കും വലിയ വേരുകളുള്ള കോളേജില്‍ ഇത്തരമൊരാരോപണം ഉയരുമ്പോള്‍ എന്തുമറുപടി നല്‍കെമെന്നറിയാതെ ഉഴലുകയാണ് നേതൃത്വം.
പി.എം ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ മുന്‍പും എഴുതിയിട്ടില്ലെന്ന് മഹാരാജാസ് കോളജും വ്യക്തമാക്കി കഴിഞ്ഞു. സാങ്കേതിക പിഴവാണെന്ന് ചൂണ്ടിക്കാട്ടി മഹാരാജാസ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയത്. ഇതിനുശേഷമാണ് ഫലം വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചത്. പരീക്ഷയിലെ മാര്‍ക്കിന് നേരെ പൂജ്യം എന്നും ഫലത്തിന് നേരെ പാസ്ഡ് എന്നുമാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്.
അതേ സമയം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ ട്രോളിയും യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജില്‍ പാസ്സാക്കിയെന്ന് വാര്‍ത്ത. ശ്ശെടാ ഇതൊക്കെ ഒരു വാര്‍ത്തയാണോ?. പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതില്‍ അപ്പോള്‍ എന്താ ക്രമക്കേട്?.
മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേല്‍ എസ്എഫ്‌ഐയില്‍ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും പാസ്സ് കരസ്ഥമാക്കിയ ആര്‍ഷോയ്ക്ക് അഭിവാദ്യങ്ങള്‍ എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം.
എന്നാല്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ.വിദ്യ മുന്‍പും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഇവര്‍ ജോലി നേടിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥിരീകരിച്ചു.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അട്ടപ്പാടി പൊലിസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുന്‍പ് ജോലി ചെയ്ത കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതല്‍ ശക്തമായ അന്വേഷണം വരുമെന്നുതന്നെ ഉറപ്പിക്കാം. അതേ സമയം വ്യാജരേഖ മാഫിയയുടെ ശക്തിയെ ആശ്രയിച്ചിരിക്കും അന്വേഷണത്തിന്റെ ശക്തിയും ദൗര്‍ബല്യവുമെന്നുമാണ് ഉയരുന്ന പരിഹാസം.
എന്നാല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്കെതിരായ വ്യാജവാര്‍ത്ത തള്ളിക്കളയണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതല്‍ പി.എം ആര്‍ഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നത്. ഇവ ഓരോന്നിനെയും വസ്തുതകള്‍ അണിനിരത്തി എസ്എഫ്‌ഐ ചെറുത്തു തോല്‍പ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയര്‍ത്തിയ ആരോപണവും കെട്ടിച്ചമച്ചതാണെന്നും എസ്എഫ്‌ഐ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം കുറ്റങ്ങളെല്ലാം മാധ്യമങ്ങളുടെ മേലില്‍ പഴിചാരി ആര്‍ഷോയെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."