ചുരത്തിന് മുകളില്‍ 'പാലാഴി 'തീര്‍ത്ത റഷീദിന് സംസ്ഥാന പുരസ്‌കാരം
കല്‍പ്പറ്റ: ചുരത്തിന് മുകളില്‍ പാലാഴി തീര്‍ത്ത റഷീദിന് സംസ്ഥാന പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരമാണ് ക്ഷീരോല്‍പാദന രംഗത്ത് അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയ കല്‍പ്പറ്റയിലെ 'ടിഫൈവ്' ഇന്റഗ്രേറ്റഡ് ഫാം ഉടമയും കോഴിക്കോട് ഫറൂഖ് കോളജ് നിവാസിയുമായ ടി. അബ്ദുറഷീദിനെ തേടിയെത്തിയത്. കഠിനാധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമാണ് വെള്ളാരംകുന്ന് ചുണ്ടപ്പാടിയിലെ വിശാലമായ ഇടത്തില്‍ നിലകൊള്ളുന്ന ടിഫൈവ് ഫാം.
ദിവസവും 480 ലിറ്റര്‍ പാല്‍ അളക്കുന്ന ടിഫൈവ് തരിയോട് മില്‍മ സൊസൈറ്റിയുടെ പ്രധാന വിഭവ സ്രോതസാണ്. ജയ്‌സി, എച്ച്.എഫ് ഇനങ്ങളിലെ 40 പശുക്കളെയാണ് വൃത്തിയും വെടിപ്പുമുള്ള വിശാലമായ ഫാമില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം മുന്‍പ് മൂന്നു പശുക്കളെയും കൊണ്ടാണ് മറ്റു രണ്ടുപേരുടെ സാമ്പത്തിക സഹകരണത്തോടെ റഷീദ് സൊസൈറ്റി ആരംഭിച്ചത്. ഒന്നരക്കോടി രൂപയോളം മുതല്‍ മുടക്കുള്ള സൊസൈറ്റിയില്‍ 80000 രൂപ വരെ വിലയുള്ള പശുക്കളുണ്ട്. ബംഗളൂരുവില്‍ നിന്നാണ് പശുക്കളെ വാങ്ങിയത്.
രണ്ടു മണിപ്പൂരി യുവ കുടുംബങ്ങളിലെ നാലുപേരാണ് ഫാമിലെ ജോലികളെല്ലാം നിര്‍വഹിക്കുന്നത്. ഒപ്പം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ടും പുല്ല്, പാല്‍, വളം എന്നിവയുടെ വില്‍പനയും മറ്റുമായും റഷീദും മുഴുസമയം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ചെലവഴിക്കുന്ന പണത്തിനും അധ്വാനത്തിനും അനുസരിച്ചുള്ള ലാഭം ലഭിക്കുന്നില്ലെന്നാണ് റഷീദിന്റെ പക്ഷം. 180 രൂപയോളം ഒരു പശുവിന് ദിവസം ചെലവു വരും. സര്‍ക്കാറില്‍ നിന്ന് യാതൊരാനുകൂല്യവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുന്നതിന്റെ ഭാഗമായും മലിനീകരണ നിയന്ത്രണ ബോര്‍ഡിലേക്കും വന്‍തുക അടക്കേണ്ടിയും വരുന്നുണ്ട്. 1
4000 രൂപയാണ് ഓരോ വര്‍ഷവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈടാക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന ചോളപ്പുല്ല്, പരുത്തിക്കുരു, ബീര്‍വേസ്റ്റ്, ചോളപ്പൊടി എന്നിവ ചേര്‍ത്ത സമീകൃതാഹാരമാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ഒപ്പം മില്‍മ വികസിപ്പിച്ചെടുത്ത സി.ഒ ത്രീ എന്ന പുല്ലും നല്‍കുന്നു. പശുക്കള്‍ക്ക് എപ്പോഴും വെള്ളം ഫാമില്‍ ലഭ്യമാണ്. പാത്രത്തില്‍ കുടിക്കുന്നതിന് അനുസരിച്ച് വെള്ളം നിറയുന്ന സംവിധാനമാണുള്ളത്. ക്ഷീര മേഖലയില്‍ സര്‍ക്കാറിന് കൂടുതല്‍ ശ്രദ്ധവേണമെന്ന അഭിപ്രായക്കാരനാണ് റഷീദ്. കേരളത്തില്‍ പശുവളര്‍ത്തല്‍ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ നൂതനമായ പല സംവിധാനങ്ങളും പ്രയോഗിക്കുന്നു.
പ്രസവത്തില്‍ പെണ്‍കിടാങ്ങളെ തന്നെ ലഭ്യമാവുന്ന തരത്തിലുള്ള കുത്തിവയ്പ്പ് രീതിയാണ് അവിടെയുള്ളത്. ഇത് കര്‍ഷകന് പ്രയോജനകരമായ കാര്യമാണ്. പശുപരിപാലനം സാമൂഹികമായ പ്രോല്‍സാഹനവും സാമ്പത്തികമായ മെച്ചവും ലഭിക്കുന്ന അവസ്ഥയിലേക്ക് വളരാന്‍ സര്‍ക്കാരുകള്‍ തന്നെ മുന്‍കൈയെടുക്കണം. വെറ്ററിനറി കോളജുകളും മറ്റും ഉണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നവയല്ലെന്നും റഷീദ് പറയുന്നു. മിണ്ടാപ്രാണികളെ സ്‌നേഹപൂര്‍വം പരിചരിക്കാനും അതില്‍ ജീവിതം കണ്ടെത്താനും പുതിയ തലമുറയെ പ്രാപ്തമാക്കണം. ഇല്ലെങ്കില്‍ ക്ഷീരകാര്‍ഷിക മേഖല നശിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഈ യുവകര്‍ഷകന്‍ പറയുന്നു.
റഷീദിന്റെ അനുഭവങ്ങളും അവബോധവുമാണ് ഈ സൊസൈറ്റിയുടെ ശക്തി. പാലും പാലുല്‍പന്നങ്ങളും വിപണിയില്‍ എത്തിക്കുന്ന സംരംഭമാണ് ടിഫൈവ് സൊസൈറ്റിയുടെ അടുത്ത ലക്ഷ്യം. ഇപ്പോള്‍ തന്നെ 120 ആടുകളുള്ള ആടു ഫാമും തൊട്ടടുത്ത് തന്നെയുണ്ട്.
താറാവ്, കോഴി എന്നിവക്കുള്ള ഫാമുകള്‍ കൂടി നിര്‍മിക്കുന്നുണ്ട്. ഏതായാലും തന്റെ അധ്വാനത്തിന് ലഭിച്ച ആദ്യ അംഗീകാരം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ആയത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."