ചിലർക്കുവേണ്ടി മാത്രമുള്ള നിയമം
ഡൽഹി നോട്സ്
കെ.എ സലിം
ഭരണകൂടത്തിൻ്റെ അരുതായ്മകൾക്കെതിരേ ഉയരുന്ന എതിർശബ്ദങ്ങൾ കുറച്ചുകൂടി ബാക്കിയുണ്ട്. അതില്ലാതാക്കാൻ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് സർക്കാരിന് ആവശ്യവുമുണ്ട്. ഇൗ നിയമം സുപ്രിംകോടതി മരവിപ്പിച്ചതിൽ കേന്ദ്രസർക്കാരിന് കടുത്ത നീരസമുണ്ടായിരുന്നു. 124 എ പിൻവലിക്കരുതെന്നും കൂടുതൽ കർശനമാക്കുകയാണ് വേണ്ടതെന്നുമുള്ള 22ാമത് നിയമകമ്മിഷൻ ശുപാർശ സർക്കാരിന്റെ താൽപര്യമാണ്. കടലാസിൽ ഉറങ്ങുന്ന കമ്മിഷൻ ശുപാർശകൾ അനവധിയുണ്ട്. അത് ശീതീകരണിയിൽത്തന്നെ കിടക്കും. പശുവിന്റെ പേരിൽ നടക്കുന്ന തല്ലിക്കൊല്ലലുകൾക്കെതിരേ നിയമം വേണമെന്ന് സുപ്രിംകോടതി നിർദേശം നൽകിയിട്ട് അഞ്ചുവർഷമായി. ശുപാർശയുമില്ല നടപടിയുമില്ല. യു.പി നിയമകമ്മിഷൻ 2019ൽ ഇതിനുവേണ്ടി ശുപാർശ നൽകിയെങ്കിലും നിയമമുണ്ടായിട്ടില്ല. നിയമം നിയമത്തിന്റെ വഴിയെന്നതെല്ലാം പഴങ്കഥ. നിയവും നിയമകമ്മിഷനുമെല്ലാം ഇപ്പോൾ സർക്കാരിന്റെ വഴിക്കാണ്. അടുത്തിടെ കേന്ദ്രസർക്കാർ നിയമമന്ത്രിയെ മാറ്റിയതും നിയമത്തെ സർക്കാരിന്റെ വഴിക്ക് കൊണ്ടുവരാനാണ്.
ജുഡീഷ്യറിയുമായി ഏറ്റുമുട്ടിയതിനാണ് നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരൺ റിജിജുവിനെ മാറ്റിയതെന്നതൊക്കെ ദുർബല വ്യാഖ്യാനമാണ്. റിജിജു പറഞ്ഞതും ചെയ്തതുമെല്ലാം മോദിയുടെ താൽപര്യമാണെന്ന് ആർക്കാണറിയാത്തത്. പ്രധാനമന്ത്രിയുടെ ഇമേജ് നിർമാണയത്‌നത്തിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. മോദി സ്തുതിയുടെ വായ്ത്താരിയിലും റിജിജു മോശക്കാരനായിട്ടില്ല. എന്നിട്ടും നിയമമന്ത്രാലയം കൈകാര്യം ചെയ്യാൻ അദ്ദേഹത്തെക്കാൾ മികച്ചത് അർജുൻ റാം മേഘ്‌വാളാണെന്ന് മോദിക്ക് തോന്നിയത് മറ്റു ചിലതുകൂടി ലക്ഷ്യം കണ്ടാണ്. ജുഡീഷ്യറിയോട് മോദി സർക്കാരിന് പണ്ടേ താൽപര്യമില്ല. കൊളീജിയം സംവിധാനം പൊളിച്ചുപണിയാൻ 2016ൽ നാഷനൽ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി കമ്മിഷൻ കൊണ്ടുവന്നത് പരാജയപ്പെട്ടതുമാണ്. മുദ്രവച്ച കവർ വ്യവഹാരം പാടില്ലെന്ന് സുപ്രിംകോടതി വിലക്കിയതോടെ എതിർപ്പ് ശക്തമായി. സർക്കാരിന്റെ മുദ്ര മനസിലായ ജഡ്ജിമാർ രാജ്യസഭയിലും മനുഷ്യാവകാശ കമ്മിഷൻ തലപ്പത്തുമെത്തി.
റിജിജുവിനെപ്പോലെയല്ല, അർജുൻ റാം മേഘ്‌വാളിന് നേതാവിനോടുള്ള വിശ്വസ്തതയും കൂറും ഏറും. നിയമകമ്മിഷൻ ശുപാർശ ഇതിന്റെ തുടർച്ചയിൽ ആദ്യത്തെതാണ്. പുതിയ നിയമങ്ങൾ വരാനുണ്ട്. ഹിന്ദുത്വരാജ്യത്തിലേക്കുള്ള ചലനത്തിൽ വിലങ്ങുകൾ പാടില്ലെന്നതാണ് മോദി സർക്കാരിന്റെ താൽപര്യം. ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവർത്തകരെയും നിശബ്ദമാക്കാനാണ് 2014 മുതൽ സർക്കാർ 124എ ഉപയോഗിച്ചതെന്ന് അറിയാത്തവരുണ്ടാകില്ല. നിയമകമ്മിഷനും അക്കാര്യത്തിൽ അജ്ഞതയില്ല. 1962ലെ കേഥാർനാഥ് കേസിലെ വിധി 124 എയുടെ ഭരണഘടനാസാധുത ഉയർത്തിപ്പിടിച്ചതിനാൽ നിയമം പിൻവലിക്കേണ്ട കാര്യമില്ലെന്നായിരുന്നു സുപ്രിംകോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഈ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന് മാത്രമാണ് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്. നിയമകമ്മിഷന്റെ ശുപാർശയിലുള്ള മാറ്റങ്ങൾ അന്നുതന്നെ സർക്കാരിന്റെ പദ്ധതിയിലുണ്ടായിരിക്കണം.
യൂറോപ്പിൽ സീസർ, നെപ്പോളിയൻ, ഫ്രഞ്ച് വിപ്ലവകാരികൾ എന്നിവരുടെ പ്രവർത്തനങ്ങൾ പുരോഗതിയുടെ അടയാളമായി വാഴ്ത്തപ്പെട്ടപ്പോൾ ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾ പ്രാകൃതമായും ക്രൂരതയായും വ്യാഖ്യാനിക്കപ്പെട്ടുവെന്ന് മറാത്തി പത്രമായ കേസരിയിൽ ലേഖനമെഴുതിയതിനാണ് 1897ൽ ബ്രിട്ടീഷ് സർക്കാർ ബാലഗംഗാധര തിലകനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 1898ൽ തിലകന്റെ വിചാരണയ്ക്കുശേഷം, ജീവപര്യന്തം തടവോ അല്ലെങ്കിൽ മൂന്നുവർഷംവരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ ചുമത്താൻ ജഡ്ജിക്ക് വിവേചനാധികാരം നൽകിക്കൊണ്ട് നിയമം ഭേദഗതി ചെയ്തു. അതേ നിയമംതന്നെയാണ് ഇന്ന് രാജ്യത്തുള്ളത്. ബ്രിട്ടിഷുകാർ ഈ നിയമം പിന്നീട് ഇല്ലാതാക്കിയെങ്കിലും സ്വതന്ത്ര ഇന്ത്യയിൽ നിയമത്തിന് സ്വീകാര്യതയുണ്ടായി. 1977ൽ നിയമകമ്മിഷൻ ഈ നിയമം എടുത്തുകളയാൻ ശുപാർശ ചെയ്‌തെങ്കിലും അതിന് മാറ്റമൊന്നുമുണ്ടായില്ല. എന്തുകൊണ്ടാണ് ഈ നിയമത്തെ എതിർക്കേണ്ടതെന്ന ചോദ്യത്തിന് മോദി സർക്കാരിന്റെ കാലത്ത് ആരെല്ലാമാണ് ഈ നിയമത്തിന്റെ ഇരകളെന്ന ചോദ്യത്തിൽ ഉത്തരം കണ്ടെത്താൻ കഴിയും.
സർക്കാരിന്റെ നയങ്ങളെ എതിർക്കുന്ന രാഷ്ട്രീയപ്രവർത്തകർ, വിമർശിക്കുന്ന മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരാണ് ഈ നിയമം ചുമത്തപ്പെട്ടവർ. മറുവശത്ത് നിയമം നിയമത്തിന്റെ വഴിയെ പോകാത്തതിന്റെ ഉദാഹരണങ്ങൾ വേറെയുമുണ്ട്. ഏഴു ഗുസ്തി താരങ്ങൾ പരാതി നൽകിയിട്ടും പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തപ്പെട്ടിട്ടും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ് അറസ്റ്റിലായിട്ടില്ല. ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്ന ഗുസ്തി താരങ്ങൾ ഇപ്പോൾ ജന്തർ മന്ദറിലില്ല. അവർ അവിടെ നിന്ന് വലിച്ചിഴക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു. സമരപ്പന്തൽ പൊലിസ് പൊളിച്ചുകളഞ്ഞു. രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള താരങ്ങളുടെ തീരുമാനം തടയാൻ നമ്മുടെ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല.
രാജ്യം ലജ്ജാകരമായ മൗനത്തിലാണ്. ഇന്ത്യയെ അഭിമാനത്തിലാഴ്ത്തിയ താരങ്ങളായിട്ടും അവർക്ക് മറ്റു താരങ്ങളുടെ പിന്തുണയില്ല. പൊതുജനങ്ങളുടെ സമ്മർദമുണ്ടാകുന്നില്ല. കർഷക സംഘടനകളും ഹരിയാനയിലെ ഖാപ്പുകളും മാത്രമാണ് ഗുസ്തിക്കാരുടെ സമരത്തിനൊപ്പം നിലകൊണ്ടതെന്നതും കാണേണ്ട വസ്തുതയാണ്. ഗുസ്തി താരങ്ങളെ സംരക്ഷിക്കാൻ രാജ്യത്തെ നിയമമില്ല. പൊലിസ് അടക്കമുള്ള സംവിധാനങ്ങളില്ല. പലരും സ്ത്രീവിരുദ്ധമെന്ന് കരുതുന്ന, പുരുഷാധിപത്യത്താൽ രൂപംകൊണ്ട ഖാപ്പുകൾ മാത്രമാണ് അവരെ സംരക്ഷിക്കുന്നതെന്നത് രാജ്യം ഇന്ന് എത്തിപ്പെട്ട അരക്ഷിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു വശത്ത് ഗുസ്തി താരങ്ങളെ പൊലിസ് തെരുവിൽ വലിച്ചിഴച്ചപ്പോൾ കുറ്റാരോപിതമായ ബ്രിജ്ഭൂഷൻ പ്രധാനമന്ത്രിക്കൊപ്പം പുതിയ പാർലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ബ്രിജ്ഭൂഷനെപ്പോലുള്ള ക്രിമിനലിന് അന്വേഷണ സംവിധാനത്തെ ഇങ്ങനെ സ്വാധീനിക്കാൻ കഴിയുന്നതെന്തു കൊണ്ടാണെന്ന ചോദ്യം ബാക്കിയാണ്.
Content Highlights:aeticle about 124A
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."