അനുമതിയില്ലാതെയുള്ള ഹജ്ജ്: സഹായിക്കാൻ ശ്രമിക്കരുത്, കാത്തിരിക്കുന്നത് തടവും കടുത്ത പിഴയും
അനുമതിയില്ലാതെയുള്ള ഹജ്ജ്: സഹായിക്കാൻ ശ്രമിക്കരുത്, കാത്തിരിക്കുന്നത് തടവും കടുത്ത പിഴയും
മക്ക: ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മക്കയിലേക്കുള്ള പ്രവേശനത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തി സഊദി അറേബ്യ. ഹജ്ജിനുള്ള അനുമതിപത്രമില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ പ്രഖ്യാപിച്ചു. പൊതുസുരക്ഷാ വിഭാഗമാണ് ഇതുസംബന്ധിച്ച നടപടികൾക്ക് മേൽനോട്ടം വഹിക്കുക.
ഹജ്ജിന് അനുമതിയില്ലാത്തവരെ മക്കയിലേക്ക് കടക്കാൻ സഹായിക്കുന്നവർക്ക് 6 മാസം തടവും 50,000 റിയാൽ (ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപ) പിഴയും ആയിരിക്കും ശിക്ഷയായി ലഭിക്കുക. നിയമലംഘകരുടെ എണ്ണം അനുസരിച്ച് പിഴ വർധിക്കുകയും ചെയ്യും. കുറ്റക്കാരൻ വിദേശിയെങ്കിൽ ശിക്ഷയ്ക്കുശേഷം പ്രവേശന വിലക്കേർപ്പെടുത്തി സഊദിയിൽ നിന്ന് നാടുകടത്തും. അനുമതിയില്ലാത്തവരെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടുമെന്നും മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് യാത്രകൾ സംഘടിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം മൂന്ന് പ്രവാസികളെ മക്കയിൽ നിന്ന് പിടികൂടിയിരുന്നു. ഈജിപ്ഷ്യൻ സ്വദേശികളാണ് പിടിയിലായത്. ഹജ്ജ് യാത്രകൾക്കായി വ്യാജ പ്രചരണം നടത്തുന്നതിനെക്കുറിച്ച് അധികാരികളെ അറിയിക്കാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജനങ്ങൾ നൽകിയ വിവരത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമലംഘകരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ മേഖലയിൽ ഉള്ളവർ 911 നമ്പറിലും മറ്റുഭാഗത്തുള്ളവർ 999 നമ്പറിലും അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."