കടം കൊടുത്ത പണം തിരികെ തരാതെ പണി തന്നോ ? എന്തു ചെയ്യണം ? നിയമവഴി അറിയാം
കടം കൊടുത്ത പണം തിരികെ തരാതെ പണി തന്നോ? എന്തു ചെയ്യണം ? നിയമവഴി അറിയാം
കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് മറ്റുള്ളവരേ സഹായിക്കാനാണ്. എന്നാല്‍ പലപ്പോഴും ഉപകാരം ഉപദ്രവമായി മാറുന്നതും പതിവ്. കടം കൊടുത്ത പണം തിരികെ ചോദിക്കുമ്പോള്‍ പലരുടെയും മട്ടുമാറും. ഭാവം മാറും. ചിലര്‍ പലതരത്തില്‍ കളിപ്പിക്കും. മനപൂര്‍വം വൈകിപ്പിക്കും. അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ വഴി സൗഹൃദം തെറ്റാനും കാരണമായേക്കാം. നിസാരമായ തുകയാണെങ്കില്‍ പോട്ടെ എന്നുവയ്ക്കാം. വലിയൊരു തുകയാണെങ്കിലോ ? ഇത്തരം സാഹചര്യം വന്നാല്‍ എന്തു ചെയ്യാം ?
പറഞ്ഞ സമയം കഴിഞ്ഞ് കുറേ കാലമായിട്ടും പണം തിരികെക്കിട്ടിയില്ലെങ്കിലോ ? ചോദിച്ചിട്ടും ഓര്‍മപ്പെടുത്തിയിട്ടും പണം തിരികെകിട്ടിയില്ലെങ്കില്‍ നിയമ മാര്‍ഗങ്ങളിലേക്കു നീങ്ങാം. ആദ്യപടിയായി ലീഗല്‍ നോട്ടീസ് അയക്കുകയാണ് വേണ്ടത്. ഒരു അഭിഭാഷകനെ കണ്ട് പരാതിയുള്ള ആളിന്റെ വിലാസത്തിലേക്ക് നോട്ടിസ് അയക്കണം. നോട്ടിസില്‍ പണം തിരികെ നല്‍കിയില്ലെങ്കിലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ വിവരിക്കണം. ചില സാഹചര്യങ്ങളില്‍ നോട്ടിസ് കണ്ടാല്‍ത്തന്നെ നിയമ നടപടികള്‍ പേടിച്ച് അവര്‍ പണം തിരികെ തരും.
ലീഗല്‍ നോട്ടീസ് അയച്ചിട്ടും പണം കിട്ടിയില്ലെങ്കില്‍ പൊലിസില്‍ പരാതി നല്‍കാം. തെളിവു നിര്‍ബന്ധമാണ്. പൊലിസ് നിങ്ങളെയും പണം നല്‍കാനുള്ളയാളെയും വിളിച്ച് സംസാരിക്കും. പരാതി വസ്തു നിഷ്ഠമായതിനാല്‍ കോംപ്രമൈസ് ചര്‍ച്ച നടത്താനായിരിക്കും പൊലിസ് ശ്രമിക്കുക. അതുവഴിയും പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നിട്ടും പണം തരില്ല എന്നാണെങ്കില്‍ അവസാന മാര്‍ഗം സ്വീകരിക്കാം.
ഒരു മണി റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്യുകതന്നെ. ഇതിനും അഭിഭാഷകന്റെ സഹായം വേണം. കാര്യങ്ങള്‍ കൃത്യമായി സൂചിപ്പിച്ച് ചുമത്താവുന്ന വകുപ്പുകളില്‍ കൃത്യതയോടെ കേസ് ഫയല്‍ ചെയ്യണം. അതിലൂടെ വാദിച്ചുജയിക്കാം. കടംകൊടുത്ത പണത്തിനുപുറമേ മാനനഷ്ടത്തിനുള്ള തുകകൂടി കണക്കാക്കണം. അതും ചേര്‍ത്തുള്ള നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കുമെന്നതുറപ്പാണ്.
പരാതി സത്യസന്ധമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യില്‍ ഉണ്ടാകണം. ഓണ്‍ലൈന്‍ ആയി ട്രാന്‍സ്ഫര്‍ ചെയ്തതാണ് കാശെങ്കില്‍ യു. പി.ഐ ആപ്പ് സ്‌ക്രീന്‍ ഷോട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, സ്‌ക്രീന്‍ ഷോട്ട്, കിട്ടാനുള്ള പണത്തിന്റെ പേരില്‍ പരസ്പരം അയച്ച മെസേജുകള്‍ തുടങ്ങിയവയൊക്കെ തെളിവായി ഉപയോഗിക്കാം. എന്നാല്‍ നേരിട്ട് കൈമാറിയ പണം ആണെങ്കില്‍ മെസേജുകളോ ഫോട്ടോകളോ മാത്രമാണ് തെളിവായി സമര്‍പ്പിക്കാനാകുക. അതും കോടതി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."