പ്രതിരോധത്തിൻ്റെ കര്‍ണാടക മോഡൽ
വർഗീയ വിഷം വമിപ്പിച്ചും വിദ്വേഷാധിഷ്ഠിത രാഷ്ട്രീയം പ്രചരിപ്പിച്ചും കർണാടകയിൽ കരുത്തുകൂട്ടാമെന്നു കണക്കുകൂട്ടിയവരാണ് സംഘ്പരിവാർ. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളും ജനാധിപത്യ മര്യാദകളും തച്ചുടച്ച് തങ്ങളുടെ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനും അതുവഴി അധികാരം നിലനിർത്താമെന്നുമുള്ള സംഘ്പരിവാർ പരീക്ഷണം കന്നഡ മക്കൾ അവസാനിപ്പിച്ചതോടെ കർണാടകയിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. വർഗീയ, വിഭാഗീയ ലക്ഷ്യങ്ങളോടെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ നിയമങ്ങളും നടപടികളും തിരുത്തുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ഒന്നൊന്നായി നടപ്പാക്കാനുള്ള തീരുമാനം സിദ്ധരാമയ്യ സർക്കാർ കൈക്കൊണ്ടതോടെ ജനാധിപത്യ പ്രതീക്ഷയാണ് തിരികെയെത്തുന്നത്.
അധികാരത്തിലിരുന്നപ്പോൾ അങ്ങേയറ്റം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളാണ് ബി.ജെ.പി സർക്കാരിൽ നിന്നുണ്ടായത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങേറിയ കർണാടകയിൽ ജനാധിപത്യവും മതേതരത്വവും ശ്വാസം മുട്ടിയ അവസ്ഥയിലായിരുന്നു. മതന്യൂനപക്ഷങ്ങളെയും പിന്നോക്ക ജനവിഭാഗങ്ങളെയും പൊതുധാരയിൽ നിന്ന് മാറ്റിനിർത്താൻ വിവിധ നിയമങ്ങളും നടപടിക്രമങ്ങളും അടിച്ചേൽപ്പിച്ചു. എന്നാൽ മതപരിവർത്തന നിയമം പിൻവലിക്കാനുള്ള തീരുമാനമെടുത്ത് സിദ്ധരാമയ്യ സർക്കാർ തിരുത്തലുകൾക്ക് തുടക്കമിട്ടു. ഒരു വർഷത്തോളമായി ഭീതിയുടെ മുൾമുനയിൽ കഴിയാൻ വിധിക്കപ്പെട്ട അനേകം മുസ്‌ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളിൽ, നിയമം പിൻവലിക്കാനുള്ള തീരുമാനം വലിയ ആശ്വാസമാണുണ്ടാക്കിയത്. നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം നിലവിലുള്ളപ്പോൾ തന്നെയാണ് കർശന വ്യവസ്ഥകളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന മതപരിവർത്തന നിരോധന നിയമം, പ്രതിപക്ഷത്തെ പോലും പരിഗണിക്കാതെ മുൻ ബി.ജെ.പി സർക്കാർ പാസാക്കിയെടുത്തത്.
നിർബന്ധിത മതം മാറ്റൽ തടയലായിരുന്നില്ല, സ്വാഭാവിക മതപരിവർത്തനം പോലും നിഷേധിക്കുക എന്നതായിരുന്നു ലക്ഷ്യം. വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സ്വാധീനം എന്നിവയൊന്നും കണക്കിലെടുക്കാതെ മതപരിവർത്തനം നിരോധിച്ചത്, ഘർവാപ്പസി എന്ന ആർ.എസ്.എസ് ആശയം നടപ്പാക്കാൻ വേണ്ടിയാണെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു. അങ്ങേയറ്റം പ്രതിലോമകരമായ ഈ നിയമത്തിന്റെ മറപിടിച്ച് മതന്യൂനപക്ഷങ്ങളെ അക്രമിക്കാനും അടിച്ചൊതുക്കാനുമാണ് തീവ്ര ഹിന്ദുത്വശക്തികൾ ശ്രമിച്ചത്. മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സർക്കാർ തീരുമാനം വന്നതിനു പിന്നാലെ കടുത്ത വിദ്വേഷവും വെറുപ്പും തുളുമ്പുന്ന വാക്കുകളുമായാണ് ബി.ജെ.പി നേതൃത്വം പ്രതികരിച്ചത്. അവരാഗ്രഹിച്ച ലക്ഷ്യത്തിലേക്ക് നാടെത്തിയില്ലെന്ന നിരാശയാണ് വാക്കുകളിലുണ്ടായത്.
മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. സമാന നടപടികൾ കാത്തുകിടക്കുന്ന വേറെയും നിയമങ്ങൾ കർണാടകയിലുണ്ട്. ഗോവധ നിരോധന നിയമം അതിലൊന്നാണ്. ഗോക്കളുടെ സംരക്ഷണമെന്ന പേരിൽ ന്യൂനപക്ഷ വേട്ട തന്നെയായിരുന്നു ഈ നിയമത്തിലും ബി.ജെ.പി ലക്ഷ്യമിട്ടത്. ഗോവധ നിരോധനം അപ്രായോഗികമെന്ന അഭിപ്രായം നേരത്തെ കർഷകരിലുണ്ടായിരുന്നെങ്കിലും തീവ്ര ഹിന്ദുത്വാശയക്കാരെ ഭയന്ന് പലരും പുറത്തുപറഞ്ഞില്ലെന്ന് മാത്രം. പ്രായമായ പശുക്കളെ പരിപാലിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം കർഷകർ വലയുകയാണ്. ഗോവധ നിരോധന നിയമത്തിന്റെ മറവിൽ കർണാടകയിൽ വൻതോതിൽ അതിക്രമങ്ങളാണ് ന്യൂനപക്ഷങ്ങൾക്കെതിരേ നടന്നത്.
ഗോസംരക്ഷകരുടെ കുപ്പായമിട്ട ബജ്റംഗ് ദളും ശ്രീരാമസേനയും നടത്തിയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു പൊലിസിനുണ്ടായിരുന്നത്. എന്തായാലും ഗോവധ നിരോധന നിയമത്തിൽ കർഷക താൽപര്യം മുൻനിർത്തിയുള്ള തിരുത്തലുകൾ വരുത്തുമെന്ന സിദ്ധരാമയ്യ സർക്കാരിന്റെ പ്രഖ്യാപനം വന്നതിനെത്തുടർന്ന് വർഗീയ പ്രചാരണവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.മതപരിവർത്തന നിരോധന നിയമത്തിന് പിന്നാലെ ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാനത്തിനു വേണ്ടതില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ സർക്കാർ. ഇക്കാര്യം വിശദമായി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളിലൂടെ കാവിരാഷ്ട്രീയം കുത്തിവയ്ക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നടപടികൾ തിരുത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കവും ഏറെ പ്രതീക്ഷ പകരുന്നതാണ്.
ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെയും നവോത്ഥന നായകരെയും പിന്നോക്ക, ദലിത്, ആദിവാസി ജനവിഭാഗങ്ങളുടെ അതിജീവന പോരാട്ടവും പാഠപുസ്തകങ്ങളിൽ വേണ്ടെന്ന് തീരുമാനിച്ചത് ആർ.എസ്.എസിന്റെ സങ്കുചിത രാഷ്ട്രീയം കാരണമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തോടു പൊരുതി മരിച്ച മൈസൂർ കടുവ ടിപ്പുസുൽത്താൻ, ശ്രീനാരായണ ഗുരു തുടങ്ങിയ നവോത്ഥാന നായകരെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കിയാണ് തീവ്ര ഹിന്ദുത്വയുടെ പ്രചാരകരും പ്രയോക്താക്കളുമായ വി.ഡി സവർക്കർ, ഹെഡ്‌ഗെവാർ എന്നിവരെ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചത്. സംസ്ഥാനത്തെ ആറുമുതൽ 10 വരെയുള്ള പാഠപുസ്തകങ്ങളിലെ ഇത്തരം ചരിത്രനിഷേധങ്ങളെയാണ് സിദ്ധരാമയ്യ സർക്കാർ തിരുത്തുന്നത്. സവർക്കറെയും ഹെഡ്‌ഗെവാറിനെയും ഇനി പഠിപ്പിക്കേണ്ടെന്നും പകരം നെഹ്‌റുവിന്റെയും അംബ്ദേക്കറുടെയും സാവിത്രിഭായി ഫൂലെയുടെയും പാഠഭാഗങ്ങൾ ഉൾക്കൊള്ളിക്കാനുമാണ് സർക്കാർ നിർദേശം.
ഭരണഘടനയെ ഇരുട്ടിൽ നിർത്തി, ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സങ്കുചിതാശയങ്ങൾ പ്രചരിപ്പിച്ചവർക്ക് നിലവിലെ കർണാടക കാര്യങ്ങൾ അത്ര ശുഭകരമാവില്ല. കഴിഞ്ഞ കുറച്ചുകാലത്തെ നാടിന്റെ ഗതിവിഗതികളിൽ ആകുലപ്പെട്ടവരാണ് കർണാടകയിലെ ബഹുഭൂരിപക്ഷം ജനങ്ങളും. 'ജനാധിപത്യം' തിരിച്ചുവരുന്നു എന്ന പ്രയോഗം കർണാടകയുടെ കാര്യത്തിൽ അതിശയോക്തിയാവില്ല. കോൺഗ്രസ് ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും കർണാടക മോഡൽ പ്രതിരോധം നടപ്പാക്കേണ്ടിയിരിക്കുന്നു. മതേതരത്വവും ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന പ്രകടനപത്രികകളാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിക്കാട്ടേണ്ടത്.
Content Highlights: Editorial About Karnataka
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."