ഡല്‍ഹിയിലും പഞ്ചാബിലും മത്സരിക്കരുത്; കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിവച്ച് എ.എ.പി
കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിവച്ച് എ.എ.പി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ സഹകരണത്തിന് കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിവെച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും എ.എ.പി മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. മുന്‍കാല തിരഞ്ഞെടുപ്പു പരാജയങ്ങളെ കോണ്‍ഗ്രസ് മറക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പോരാടിയില്ലെങ്കില്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'2015 ല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റും ലഭിച്ചില്ല. ഇപ്പോഴും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അവര്‍ പറയട്ടെ. എങ്കില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും മത്സരിക്കില്ലെന്ന് ഞങ്ങള്‍ പറയും.'- സൗരവ് ഭരദ്വാജ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക കോണ്‍ഗ്രസ് കോപ്പിയടിച്ചെന്നും സൗരവ് ഭരദ്വാജ് ആരോപിച്ചു. 'രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ, ഇന്ന് അത് സിസിസി, കോപ്പികട്ട്‌കോണ്‍ഗ്രസ് ആയി മാറി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടി ഇന്ന് രാജ്യത്തെ ഏറ്റവും പുതിയ പാര്‍ട്ടിയായ എഎപിയുടെ പ്രകടനപത്രിക മോഷ്ടിക്കുന്നത്. ഞങ്ങളുടെ പ്രകടനപത്രികയെ അരവിന്ദ് കെജ്‌രിവാള്‍ ഒരു ഗ്യാരണ്ടി എന്ന് വിളിച്ചു. ഈ ഉറപ്പ് വാക്ക് പോലും കോണ്‍ഗ്രസ് മോഷ്ടിച്ചതാണ്'.- അദ്ദേഹം ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ സൗജന്യ വൈദ്യുതിയും സ്ത്രീകള്‍ക്കുള്ള പ്രതിമാസ അലവന്‍സിനെയുമെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."