ഇത്തവണ ഹജ്ജിന് 20 ലക്ഷത്തിലേറെ വിശ്വാസികൾ; ഒരുക്കങ്ങളെല്ലാം ഗംഭീരം
ഇത്തവണ ഹജ്ജിന് 20 ലക്ഷത്തിലേറെ വിശ്വാസികൾ; ഒരുക്കങ്ങളെല്ലാം ഗംഭീരം
റിയാദ്: ഈ വർഷം 20 ലക്ഷത്തിലേറെ വിശ്വാസികൾ ഹജ്ജ് നിർവഹിക്കും. 160-ലേറെ രാജ്യങ്ങളിൽ നിന്നായാണ് ഇത്തവണ ഇത്രയും പേർ ഹജ്ജിനെത്തുന്നതെന്ന് ഹജ്–ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ അറിയിച്ചു. കൂടുതൽ ആളുകൾ എത്തുന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സഊദി അറേബ്യ ഒരുക്കിയിട്ടുള്ളത്. ആരോഗ്യം, സുരക്ഷ, സിവിൽ സർവീസ്, ഉപകരണങ്ങൾ, ഭക്ഷണം, താമസം, സംസം വെള്ളം തുടങ്ങി ഓരോ കാര്യവും കൃത്യമായി തന്നെ ഒരുക്കിയിട്ടുണ്ട്.
ഒരുങ്ങി മിനാ
1,92,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ കൂടാര നഗരമായ മിനയിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരണം, ബെഡുകൾ, വെള്ളം തുടങ്ങി എല്ലാം ഒരുങ്ങി കഴിഞ്ഞു. ഇവിടേക്ക് വിതരണം ചെയ്യേണ്ട ഭക്ഷണം ഉൾപ്പെടെ തീർഥാടകർക്കുള്ള ഭക്ഷണ കാര്യങ്ങൾ മുഴുവൻ തയ്യാറായി.
ഭക്ഷണം തയ്യാർ
289 കേറ്ററിങ് കമ്പനികൾ വഴിയാണ് തീർത്ഥാടകർക്കുള്ള ഭക്ഷണം ഒരുക്കുന്നത്. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി തീർഥാടകർക്ക് ഏകദേശം മൂന്നു കോടി ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് പ്രധാന ഭക്ഷണങ്ങൾക്ക് പുറമെ ലഘു ഭക്ഷണവും ഉണ്ടാകും. വെള്ളം, പഴവർഗങ്ങൾ, ജ്യൂസ്, പാൽ, ചൂടുള്ള പാനീയങ്ങൾ എന്നിവയും നൽകും.
ആരോഗ്യത്തെക്കുറിച്ച് പേടി വേണ്ട
തീർഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 32,000 കവിഞ്ഞു. 20 ലക്ഷത്തിലേറെ ആളുകൾ എത്തുന്നതിനാൽ ആവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇനിയും വർധിപ്പിക്കാനും സാധിക്കും. തീർഥാടകർക്ക് ഏറ്റവും വേഗമേറിയതും മികച്ചതുമായ ആരോഗ്യസേവനങ്ങൾ നൽകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
പുണ്യസ്ഥലങ്ങളിലെ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തീർഥാടകർക്കായി പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. മക്കയിലും പുണ്യസ്ഥലങ്ങളിലുമായി ഫീൽഡ് ഹോസ്പിറ്റലുകൾ ഉൾപ്പെടെ 32 ആശുപത്രികളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 140 ആരോഗ്യകേന്ദ്രങ്ങളുമുണ്ട്. ചൂട് വർധിച്ച സാഹചര്യമായതിനാൽ സൂര്യാഘാതമേൽക്കുന്നവരെ പരിചരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംശയം വേണ്ടേ വേണ്ട…
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ആയതിനാലും മിക്കവരുടെയും ആദ്യ ഹജ്ജ് ആയിരിക്കും നടക്കുക. അതിനാൽ തന്നെ സംശയങ്ങൾക്ക് സാധ്യത കൂടുതലാണ്. അതിനാൽ, തീർഥാടകരുടെ സംശയങ്ങൾക്ക് മറുപടി നൽകാനായി മസ്ജിദുൽ ഹറമിൽ മാത്രം 49 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ 70 പണ്ഡിതന്മാരും സംശയങ്ങൾക്ക് മറുപടി നൽകാൻ ഉണ്ട്. ഫോൺ വഴിയും സംശയങ്ങൾ ദുരീകരിക്കാം.
വഴി കാണിക്കാൻ എ.ഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ അതിനൂതന സാങ്കേതിക സംവിധാനങ്ങളാണ് തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകാനായി ഒരുക്കിയിട്ടുള്ളത്. മാർഗനിർദേശങ്ങൾ നൽകുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചുള്ള റോബോട്ടുകളും മറ്റു സംവിധാനങ്ങളും തയ്യാറായിട്ടുണ്ട്. ഹറമിന്റെ പ്രധാന കവാടങ്ങളിലാകും റോബോട്ടുകൾ സ്ഥാനംപിടിക്കുക. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ, ടർക്കിഷ്, മലായ്, ഉർദു, ചൈനീസ്, ബംഗാളി, ഹൗസ എന്നീ 11 ഭാഷകളിൽ റോബോട്ടുകൾക്ക് മാർഗനിർദേശങ്ങൾ നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."