അമേരിക്കയും ഇന്ത്യയും ലോക ശക്തികളെന്ന് ജോ ബൈഡന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്ന് നരേന്ദ്രമോദി
അമേരിക്കയും ഇന്ത്യയും ലോക ശക്തികളെന്ന് ജോ ബൈഡന്‍; അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്ന് നരേന്ദ്രമോദി
വാഷിങ്ടണ്‍: ഇന്ത്യ അമേരിക്ക ബന്ധം ലോകനന്മയ്ക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അര്‍പ്പണവും, പരിശ്രമവും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ തനിക്ക് ലഭിച്ച വരവേല്‍പ്പ് 140 കോടി ഇന്ത്യാക്കാര്‍ക്കുള്ള ആദരമാണെന്ന് നരേന്ദ്ര മോദി അഭിമാനം കൊണ്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യന്‍ സമൂഹമാണ്. വൈവിധ്യങ്ങളില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യാക്കാര്‍. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അമേരിക്കയില്‍ വന്നപ്പോള്‍ വൈറ്റ് ഹൗസ് പുറത്ത് നിന്നാണ് കണ്ടത്. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യാക്കാര്‍ക്ക് അതിഥേയത്വം അരുളാനായി വൈറ്റ് ഹൗസിന്റെ ഗേറ്റ് തുറക്കപ്പെടുന്നത്. മോദി പറഞ്ഞു. ഇന്ത്യന്‍ സമൂഹം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം നിലനിര്‍ത്തുന്നതിനുള്ള പാലമായി വര്‍ത്തിക്കും. കൊവിഡിന് ശേഷമുള്ള ലോകക്രമത്തെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കും. ലോക സമാധാനത്തിനും ലോകനന്മയ്ക്കും സ്ഥിരതയ്ക്കും പുരോഗതിക്കും ബന്ധം ശക്തിയേകുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യന്‍ വംശജയായ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിതം അടക്കം പരാമര്‍ശിച്ചാണ് ഇന്ത്യാ അമേരിക്ക ബന്ധത്തിന്റെ തീവ്രതയെ കുറിച്ച് ജോ ബൈഡന്‍ വാചാലനായത്. അമേരിക്കയുടെ വളര്‍ച്ചയ്ക്ക് പ്രവാസികളായ ഇന്ത്യാക്കാരുടെ പങ്ക് വളരെ വലുതാണ്. വൈവിധ്യവും, മതങ്ങളിലെ നാനാത്വവും ഇരു രാജ്യങ്ങളുടെയും ശക്തിയാണ്. ഇന്ത്യ അമേരിക്ക ബന്ധത്തിന്റെ സാധ്യതകള്‍ വളരെ വലുതാണ്. രണ്ട് മഹത്തായ രാഷ്ട്രങ്ങള്‍, രണ്ട് ഉറ്റസുഹൃത്തുക്കള്‍, രണ്ട് ലോക ശക്തികള്‍, അതാണ് അമേരിക്കയും ഇന്ത്യയും. 21ാം നൂറ്റാണ്ടിന്റെ ഗതി നിര്‍ണയിക്കുന്ന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."