പനിക്കെതിരേ ഒരുമിച്ചിറങ്ങണം
കേരളത്തിൽ പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. പ്രതിദിനം പന്ത്രണ്ടായിരത്തിൽപരം പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. മഴ മുന്നൊരുക്കം മുതൽ വ്യക്തിശുചിത്വംവരെ പകർച്ചപ്പനി പടരുന്നതിന് കാരണമാണ്. കേരളംപോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് പകർച്ചവ്യാധികളെ തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പിടിവിട്ടുപോകും. പനിമരണ കണക്കുകൾ ഗണ്യമായി വർധിച്ചപ്പോൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ഇനി രോഗം പടരുന്നത് തടയുക എന്നതിനൊപ്പം ചികിത്സാ സൗകര്യം കാര്യക്ഷമമാക്കുക എന്ന വെല്ലുവിളികൾ സർക്കാരിന്റെ തലയിലായി. ഇത്തവണ കാലാവസ്ഥയും രോഗം പടരാൻ കാരണമായി. മഴക്കാലത്ത് ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറയുന്നത് സാധാരണമാണ്.
മഴയും വെയിലും ഇടവിട്ട് വരുന്നത് കൊതുകുകളുടെ പ്രജനനത്തിന് സഹായകമാണ്. രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണത്തിൽ മാറ്റം വരുത്താം. മഴക്കാലത്ത് ഭക്ഷണശീലങ്ങൾ പാടേ മാറ്റണം. അത്തരം അറിവുകൾ ജനങ്ങളിലെത്തിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംവിധാനം ഉണ്ടാകേണ്ടതുണ്ട്.
നേരത്തെ രോഗപ്രതിരോധം ശക്തിപ്പെടുത്തിയിരുന്നെങ്കിൽ ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുമായിരുന്നോ എന്നും ചിന്തിക്കേണ്ടതുണ്ട്. ഇനി രോഗം പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. സ്‌കൂളുകൾ തുറന്ന സാഹചര്യം കുട്ടികളിൽ പനി പടരാൻ കാരണമാകും. പകർച്ചപ്പനികൾക്കൊപ്പം സംസ്ഥാനത്ത് പടരുന്നത് ഡെങ്കിപ്പനിയാണ്. കൊതുകാണ് ഇത് പരത്തുന്നത്. അതിനാൽ കൊതുകു നിർമാർജനമാണ് പരിഹാരം. പനി കേരളത്തിന്റെ ആരോഗ്യം മാത്രമല്ല സാമ്പത്തിക രംഗത്തെയും തളർത്തും. തൊഴിലാളികളും മറ്റും രോഗം വന്ന് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. വിലക്കയറ്റം കൊടികുത്തിവാഴുന്ന കാലത്ത് കൂലിത്തൊഴിലാളികൾക്ക് ഇത് വലിയ പ്രഹരമാണ്.
സംസ്ഥാനത്ത് എച്ച് വൺ എൻ വൺ എന്ന ഇൻഫ്ലുവൻസ രോഗം ബാധിച്ചും ഡെങ്കിപ്പനി മൂലവും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പനി ബാധിച്ച് കഴിഞ്ഞ ദിവസം ആറു പേരാണ് മരിച്ചത്. കൊല്ലത്ത് മാത്രം നാലു മരണം. ഇതിൽ മൂന്നും ഡെങ്കിപ്പനി ബാധിച്ചാണ് മരണം. പത്തനംതിട്ടയിൽ എലിപ്പനി മരണവും സ്ഥിരീകരിച്ചു. പനിക്കണക്കുകളിൽ മുന്നിൽ എറണാകുളം ജില്ലയാണ് എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഈ വർഷം സംസ്ഥാനത്ത് 1,238 പേർക്ക് ഡെങ്കി ബാധിച്ചു. ഇതിൽ 875 പേരും എറണാകുളത്താണ്. 20 ദിവസത്തിനിടെ 389 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത് എന്നത് രോഗവ്യാപന തോത് ഉയർന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കാലവർഷം തുടങ്ങിയ ജൂണിൽ മാത്രം എട്ടുപേർ മരിക്കുകയും ചെയ്തു. ഇന്നലെ സംസ്ഥാനത്ത് പനി ബാധിച്ചത് 13,258 പേർക്കാണ്. ഇതിൽ 43 പേർക്കും ഡെങ്കിപ്പനിയാണ്. 315 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തിയെങ്കിലും ഇവരുടെ രക്തപരിശോധനാ ഫലം വന്നിട്ടില്ല. 15 പേർക്ക് ലെപ്‌റ്റോസ്‌പൈറോസിസ് എന്ന എലിപ്പനിയും സ്ഥിരീകരിച്ചു.
ഈ കണക്കുകൾ പറയുന്നത് നമ്മൾ മഴക്കാലം തുടങ്ങും മുൻപ് എന്തെല്ലാം രോഗപ്രതിരോധ നടപടി ചെയ്തു എന്നതിലേക്കു കൂടിയാണ്.
മഴക്കാലം തുടങ്ങും മുൻപ് തുടർച്ചയായി ഡ്രൈ ഡേ ആചരണം ഉണ്ടാകാറുണ്ടായിരുന്നു. വാർഡുകൾതോറും ഓരോ വീട്ടിലും ഡ്രൈഡേ നടത്തി കൊതുകു ഉറവിട നശീകരണം സാധ്യമാക്കിയോ എന്നും ഇല്ലെങ്കിൽ അതിന് വീഴ്ച വരുത്തിയത് ആരാണെന്നും സർക്കാരിന് പൊതുസമൂഹത്തോട് വിശദീകരിക്കാൻ ബാധ്യതയുണ്ട്. പൊതുജനാരോഗ്യമെന്നാൽ രോഗം വന്ന് ചികിത്സിക്കുകയല്ല, രോഗം വരാതെ പൗരന്മാരെ സംരക്ഷിക്കുക കൂടിയാണ്. പൗരന്റെ സ്വത്തും ജീവനും സംരക്ഷിക്കുക എന്നത് സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. എല്ലാ വർഷവും പനി ബാധിച്ച് കുറേ പേർ മരിക്കുകയും അതിലേറേ പേർ രോഗത്തിന്റെ ദുരിതം പേറികഴിയുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് എന്നാണ് അറുതിയാകുക.
ആരോഗ്യരംഗത്തെ സംവിധാനങ്ങൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ വളർച്ച എന്നിവയെല്ലാം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ആർക്കാണ് മടി, എന്താണ് തടസം. ഓരോ വാർഡിലെയും വീടുകളെ ഉൾക്കൊള്ളിച്ച് വാർഡ് മെമ്പർമാർ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ സർക്കാർ സേവനങ്ങൾ സംബന്ധിച്ച അറിയിപ്പുകളല്ലാതെ രോഗപ്രതിരോധത്തിനു വേണ്ടി ഒരു മെസേജെങ്കിലും മെയ് മാസത്തിൽ വന്നിരുന്നോ എന്നും ആലോചിക്കേണ്ടതുണ്ട്.
ഓടകളും തോടുകളും നാം മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കിയിരുന്നോ. എലികളുടെ ആവാസകേന്ദ്രമായ നഗരങ്ങളിലെ ഓടകളിലെ വെള്ളം റോഡുകളിലെത്തുന്നത് എലിപ്പനി പടരാൻ എളുപ്പമാർഗമാണെന്ന് ആർക്കാണ് അറിയാത്തത്. കാലിലും മറ്റും ചെറിയ മുറിവോ പോറലോ ഉള്ളവർക്ക് മഴ പെയ്താൽ നഗരത്തിലെ ചെളിവെള്ളം ചവിട്ടാതെ നടക്കാൻ കഴിയുമോ. ഓരോ വർഷവും പനി കണക്കും പനി മരണവും കുറയുകയാണ് വേണ്ടത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെയുള്ള നാടിന്റെ വികസനത്തിന്റെ മാർക്കിടേണ്ടത് ഇത്തരം പൊതുശുചിത്വം കൂടി പരിഗണിച്ചാവണം.
ഡെങ്കിപ്പനി ചിലർക്ക് മരണത്തിനുവരെ ഹേതുവാകും. രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് രക്തത്തിലെ ഘടകമായ പ്ലേറ്റ്‌ലറ്റുകളുടെ ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. രോഗികളുടെ എണ്ണം ഇനിയും കൂടിയാൽ ചികിത്സയിലും പ്രതിസന്ധിയുണ്ടാകും. ആശുപത്രികൾ നിറയും. പൊതുജന പങ്കാളിത്തത്തോടെ പകർച്ചവ്യാധികളെ നേരിടാൻ ഉദ്യോഗസ്ഥരും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടിലിറങ്ങി പ്രവർത്തിക്കണം. രാഷ്ട്രീയ വാഗ്വാദങ്ങൾ തൽക്കാലം മാറ്റിവയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."