'ഖുര്‍ആന്‍ വായിച്ച് ഞാന്‍ കൊച്ചു കുട്ടിയെ പോലെ കരഞ്ഞു' ഇസ്‌ലാം സ്വീകരിച്ചത് പരസ്യമാക്കി കരീം ബെന്‍സേമയുടെ ഗേള്‍ ഫ്രണ്ട്
'ഖുര്‍ആന്‍ വായിച്ച് ഞാന്‍ കൊച്ചു കുട്ടിയെ പോലെ കരഞ്ഞു' ഇസ്‌ലാം സ്വീകരിച്ചത് പരസ്യമാക്കി കരീം ബെന്‍സേമയുടെ ഗേള്‍ ഫ്രണ്ട്
മാഡ്രിഡ്: ഇസ്‌ലാം സ്വീകരിച്ചത് പരസ്യമാക്കി അമേരിക്കന്‍ മോഡലും ഫുട്‌ബോള്‍ താരം കരീം ബെന്‍സേമയുടെ ഗേള്‍ഫ്രണ്ടുമായ ജോര്‍ദന്‍ ഓസുന. ബെന്‍സേമയുമായുള്ള ബന്ധത്തില്‍ ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ദന്‍ മതം മാറ്റം പ്രഖ്യാപിച്ചത്. സ്പാനിഷ് മാധ്യമമായ 'എല്‍ മുണ്ടോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
മാഡ്രിഡിലെ ഒരു പള്ളിയില്‍വച്ചാണ് ഇസ്‌ലാമിലേക്കുള്ള മതംമാറ്റം ഔദ്യോഗികമാക്കിയതെന്നും ജോര്‍ദന്‍ ഓസുന അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ''ഞാന്‍ ഇസ്‌ലാം സ്വീകരിച്ചു.മാഡ്രിഡിലെ പള്ളിയില്‍ നടന്ന ചെറിയൊരു ചടങ്ങായിരുന്നു അത്. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. അതുകേട്ട് ഞാനൊരു കുഞ്ഞിനെപ്പോലെ കരഞ്ഞു. വികാരഭരിതയായിരുന്നു ഞാന്‍'അവര്‍ പറഞ്ഞു.
ഇസ്‌ലാമിനെക്കുറിച്ച് ഒരുപാട് ഗവേഷണം നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നും ജോര്‍ദന്‍ വ്യക്തമാക്കി. 'ഈ മതത്തെ കുറിച്ച് ഞാന്‍ ധാരാളമായി ഗവേഷണം നടത്തി. മനോഹരമായൊരു മതമായാണ് എനിക്ക് അനുഭവപ്പെട്ടത്. അതേക്കുറിച്ച് വായിച്ചതെല്ലാം എന്നെ ആകര്‍ഷിച്ചു. റമദാനില്‍ ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് കരയാറുണ്ട്. കൂടാതെ എന്നെ പോലെ ഇസ്‌ലാം സ്വീകരിച്ച ഒരു കൃസ്ത്യന്‍ എഴുതിയ 'ദ സേക്രഡ് പാത്ത് ടു ഇസ്‌ലാം' ഞാന്‍ വായിച്ചു. ഒരു അമൂല്യമായ പുസ്തകം' അവര്‍ പറഞ്ഞു.
സഊദി പ്രോ ലീഗ് ക്ലബായ അല്‍ഇത്തിഹാദിലെത്തിയ കരീം ബെന്‍സേമയ്‌ക്കൊപ്പം ചേരാന്‍ ജോര്‍ദനും ഉടന്‍ റിയാദിലേക്ക് പുറപ്പെടാനിരിക്കുകയാണ്. സഊദിയെക്കുറിച്ചുള്ള ചോദ്യങ്ങളോടും അവര്‍ പ്രതികരിച്ചു. സഊദിയെക്കുറിച്ച് അറിയില്ല. എന്നാല്‍, ഒരു സാഹസികത പോലെയാണ് അനുഭവപ്പെടുന്നത്. അവിടത്തെ സംസ്‌കാരവും ഭക്ഷണവുമെല്ലാം മനോഹരമാണെന്ന് കേട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പശ്ചിമേഷ്യയിലേക്ക് പോകുന്ന ഒരു സ്ത്രീയെന്ന നിലയ്ക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തോട്, 'ഒരിക്കലുമില്ല, അവിടെയെത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാ'യിരുന്നു മറുപടി. സഊദിയിലെ വസ്ത്രനിയന്ത്രണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ പ്രതികരിച്ചത് ഇങ്ങനെ: ''അത് എനിക്കറിയാം. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമല്ല. അതൊരു മനോഹരമായ സംസ്‌കാരമാണ്. സാഹസികതയില്‍ എനിക്ക് സന്തോഷമാണുള്ളത്.''
ബെന്‍സേമയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജോര്‍ദന്‍ ഓസുന തുറന്നുപറഞ്ഞു. 'കരീമിനെ ആദ്യം കാണുമ്പോള്‍ സത്യത്തില്‍ അദ്ദേഹത്തെ എനിക്ക് അറിയുമായിരുന്നില്ല. ഞാനൊരു അമേരിക്കക്കാരിയായതു കാരണം ഫുട്‌ബോളിനെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍, തുടക്കംതൊട്ടേ എന്തോ വ്യത്യസ്തമായ അനുഭവമാണുണ്ടായത്. കരീം ഒരു കിടിലന്‍ മനുഷ്യനാണ്. ഒപ്പമിരുന്ന് ഒരുപാട് സംസാരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് കരീം ബെന്‍സേമ-അവര്‍ പറഞ്ഞു.
അടുത്തിടെയാണ് ജോര്‍ദനുമായുള്ള ബന്ധത്തില്‍ കരീം ബെന്‍സേമയ്ക്ക് ഒരു കുഞ്ഞ് പിറന്നത്. താരത്തിന്റെ നാലാമത്തെ കുട്ടിയാണിത്. നേരത്തെ മുന്‍ പങ്കാളി കോറ ഗോതിയറില്‍ ഇബ്രാഹിം എന്നുപേരുള്ള ഒരു അഞ്ചുവയസുകാരനും ഫ്രഞ്ച് നഴ്‌സ് ക്ലോയ് ഡി ലോനിയുമായുള്ള ബന്ധത്തില്‍ എട്ടും മൂന്നും വയസുള്ള രണ്ടുകുട്ടികളുമുണ്ട് താരത്തിന്.
karim-benzema's-partner-reveals-reason-for-converting-to-islam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."