പെരുമഴയില്‍ പെയ്തൊഴിയാതെ ദുരിതവും; കൊണ്ടോട്ടിയില്‍ മിന്നല്‍ ചുഴലി, കോഴിക്കോട് ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി
പെരുമഴയില്‍ പെയ്തൊഴിയാതെ ദുരിതവും;കൊണ്ടോട്ടിയില്‍ മിന്നല്‍ ചുഴലി, കോഴിക്കോട് ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടത്തോടൊപ്പം ജനങ്ങളുടെ ദുരിതവും തുടങ്ങി. പത്തനംതിട്ട ജില്ലയില്‍ 27 ക്യാമ്പുകള്‍ തുറന്നു. 581 പേരെ മാറ്റി പാര്‍പ്പിച്ചു. കോഴഞ്ചേരി താലൂക്കില്‍ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളിയില്‍ താലൂക്കില്‍ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 365 പേരും ഉള്‍പ്പെടെ ആകെ 581 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.
മലപ്പുറം കൊണ്ടോട്ടിയില്‍ മിന്നല്‍ ചുഴലി വീശിയടിച്ചു. മൂന്നുമിനിട്ടോളാം നീണ്ട ശക്തമായ കാറ്റാണ് അടിച്ചത്. കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
കോഴിക്കോട് ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. ഇന്നലെ മുക്കത്ത് ഇരുവഴിഞ്ഞിപ്പുഴയില്‍ മധ്യവയസ്കനെ കാണാതായിരുന്നു.
പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീന്‍ പിടിക്കുന്നതിനിടെ കനാലില്‍ വീണത്. പൊലിസും അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 24 മണിക്കൂറിനിടെ 12 വീടുകള്‍ക്ക് ഭാഗികമായും ചിറ്റൂര്‍ താലൂക്കില്‍ ഒരു വീടിന് പൂര്‍ണമായും നാശനഷ്ടം സംഭവിച്ചു.
കോഴിക്കോട് ചാലിയത്ത് നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് പോയ ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റല്‍ പൊലിസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."