തമസ്‌കരണങ്ങളെ അതിജീവിച്ച ബഷീര്‍
ഡോ. റഷീദ് പാനൂര്‍
നീയും ഞാനും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാന്‍ പോകുകയാണ്. നീ മാത്രം, യാത്രയ്ക്കുള്ള സമയം വളരെ അടുത്തുകഴിഞ്ഞു. പെയ്യാന്‍ പോകുന്ന കാര്‍മേഘത്തെപ്പോലെ ഈ ഓര്‍മ എന്റെ അന്തരംഗം പൊട്ടുമാറു വിങ്ങിനില്‍ക്കുന്നു. ഈ വാസ്തവം എന്റെ സുഹൃത്തുക്കള്‍ ആരും അറിയുന്നില്ല...'- ബഷീറിന്റെ അനര്‍ഘനിമിഷം എന്ന കഥയുടെ തുടക്കം ഇങ്ങനെയാണ്. ഈ മഹാപ്രപഞ്ചത്തില്‍ ഒരു കടുകുമണിയുടെ പ്രാധാന്യം പോലുമില്ലാത്ത മനുഷ്യന്‍ പ്രപഞ്ചസ്രഷ്ടാവിന്റെ വിളി കാതോര്‍ത്തു കഴിയുന്നു. മനുഷ്യനന്മ ദൈവികമാണെന്ന് ബഷീര്‍ അടിവരയിടുന്നു.
'വെള്ളം കിട്ടാതെ വാടിത്തളര്‍ന്നു നില്‍ക്കുന്ന ഒരു ചെടി എവിടെയെങ്കിലും കണ്ടിട്ട് നിങ്ങള്‍ ലേശം വെള്ളം കൊണ്ടുവന്ന് അതിന്റെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ അത് നന്മ'. തന്റെ മതം സാര്‍വലൗകിക സ്‌നേഹത്തിന്റെ പാല്‍നുരയാണെന്ന് ബഷീര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ദര്‍ശനം ഒരേസമയം മനുഷ്യസാഹോദര്യത്തിലും ദൈവികതയിലും ചെന്നെത്തിനില്‍ക്കുന്നു. സൂഫിസമെന്നത് വേണമെങ്കില്‍ പറയാം.
'ജലാശയത്തിന്റെ ഒരു ബിന്ദുവിലുണ്ടാവുന്ന നേര്‍ത്ത ചലനം അസംഖ്യം ഓളങ്ങള്‍ ഉയര്‍ത്തിവിടുന്നപോലെ ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സംഭവിക്കുന്ന സല്‍പ്രവൃത്തി ഈ ലോകം മുഴുവനുമുള്ള ചരാചരങ്ങളിലേക്ക് ഗുണകരമായി പടര്‍ന്നു കയറുന്നു'. Secret of the self' എന്ന വിഖ്യാത കൃതിയില്‍ മുഹമ്മദ് ഇഖ്ബാല്‍ നടത്തിയ നിരീക്ഷണമാണിത്.
തേന്‍മാവ്
ബഷീറിന്റെ 'തേന്‍മാവ്' മലയാള ചെറുകഥാ സാഹിത്യത്തിലെ വേറിട്ടുനില്‍ക്കുന്ന ഒരു സൂഫീകഥയാണ്. തേന്‍മാവിന്റെ കഥയിലൂടെ ദൈവിക ചൈതന്യത്തിന്റെ അന്യൂനമായ പ്രവാഹത്തെക്കുറിച്ചാണ് ബഷീര്‍ സംസാരിച്ചത്. വഴിയാത്രക്കാരനായ ഫക്കീര്‍ വെള്ളമാവശ്യപ്പെട്ട് അസ്മയെന്ന സ്ത്രീയുടെ വീട്ടിലെത്തുന്നു. അസ്മയില്‍നിന്ന് വെള്ളം കിട്ടിയപ്പോള്‍ ഫക്കീര്‍ ആദ്യം ചെയ്തത് തന്റെ സ്രഷ്ടാവിന്റെ സൃഷ്ടിയായ ഒരു തേന്മാവിന്റെ ദാഹം തീര്‍ക്കുകയാണ്. വാടിക്കരിഞ്ഞുപോയ തേന്മാവിന്റെ ചുവട്ടില്‍ ഒഴിച്ചു. പടച്ച തമ്പുരാനു നന്ദിപറഞ്ഞ് തന്റെ ദാഹം തീര്‍ക്കാന്‍ വെള്ളം നല്‍കിയ അസ്മയെ പടച്ചവന്‍ രക്ഷിക്കട്ടെ എന്ന പ്രാര്‍ഥനയോടുകൂടി ഫക്കീര്‍ യാത്രയായി. യൂസുഫ് സിദ്ദീഖ് എന്നു പേരുള്ള ഈ ഫക്കീര്‍ ഏതാനും അടി മുന്നോട്ടുനടന്നപ്പോള്‍ വഴിയില്‍വീണ് മരിച്ചുപോയി. ഈ ഫക്കീര്‍ വെള്ളമൊഴിച്ച മാവിന്‍തൈ അസ്മ പറിച്ച് തന്റെ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചു. വളരെ വേഗം അതു വളര്‍ന്നു. അസ്മ വിവാഹിതയായി. അസ്മയും ഭര്‍ത്താവ് റഷീദും ഈ മാവിന്റെ വളര്‍ച്ചയെ അത്ഭുതത്തോടെ നോക്കുക പതിവായിരുന്നു. അവരുടെ മകന്‍ വളര്‍ന്ന് സ്‌കൂളില്‍ പോകാന്‍ തുടങ്ങി. പതിവിലും നേരത്തെ ഈ മാവ് പൂത്തുലഞ്ഞു. മാമ്പഴം തുരുതുരാ വീഴാന്‍ തുടങ്ങി. അസ്മയുടെ കൊച്ചുമകന്‍ വഴിയാത്രക്കാര്‍ക്കു മാമ്പഴം പെറുക്കി ചെറിയ കീസുകളില്‍ നല്‍കി. കുട്ടിയുടെ സ്‌നേഹം വഴിയാത്രക്കാരെ അത്ഭുതപ്പെടുത്തി. അവര്‍ ചോദിച്ചു: 'മോന്റെ പേരെന്താണ്?'
കുട്ടി പറഞ്ഞു: 'യൂസുഫ് സിദ്ദീഖ്.'
ഫക്കീറില്‍ പതിഞ്ഞ ദൈവിക കൃപ അസ്മയിലുണ്ട്. അസ്മയുടെ ഭര്‍ത്താവ് റഷീദിലുണ്ട്. അവരുടെ മകനിലുമുണ്ട്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവികതയുടെ പ്രസരണത്തെ ഇത്ര ആഴത്തില്‍ അവതരിപ്പിച്ച കഥകള്‍ മലയാളത്തില്‍ വളരെ കുറവാണ്.
'നമ്മുടെ ആഗ്രഹങ്ങള്‍ക്കു ചിറകു മുളച്ചിരുന്നെങ്കില്‍ എല്ലാവരും ആകാശത്തിന്റെ അതിരുകളിലേക്ക് സഞ്ചരിക്കുമായിരുന്നു' എന്ന് ഖലീല്‍ ജിബ്രാന്‍ തന്റെ 'ചിന്തകളും ധ്യാനങ്ങളും' എന്ന കൃതിയില്‍ പറയുന്നു. ജന്മിത്വവും ഫ്യൂഡലിസവും അതിന്റെ തകര്‍ച്ചയും സാധാരണ മനുഷ്യരുടെ കണ്ണീരിന്റെ ഉപ്പുരസവും തകഴിയും പൊറ്റെക്കാട്ടും ബഷീറും ചെറുകാടും കലയാക്കി മാറ്റിയിട്ടുണ്ട്. സോഷ്യലിസ്റ്റ് റിയലിസവും കമ്യൂണിസവും അന്തര്‍ധാരയായ ഇവരുടെ കലയെ വെല്ലുന്ന മാന്ത്രികശക്തി (Magnetic power) ബഷീറിന്റെ കലയില്‍ പ്രകടമാണ്.
സമ്പന്നതയുടെ മട്ടുപ്പാവില്‍നിന്ന് നടുക്കടലിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യരുടെ കഥ 60 പേജുകളിലാണ് 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന ചെറുനോവലിലൂടെ ബഷീര്‍ പറയുന്നത്. സമൃദ്ധിയുടെ കാലഘട്ടം കഴിഞ്ഞപ്പോള്‍ ആന കുഴിയാനയായി മാറുന്ന ഈ കഥയിലെ ആഖ്യാനകൗശലം അനിതരസാധാരണമാണ്. സമ്പന്നതയുടെ ധിക്കാരവും ഗര്‍വും നിറഞ്ഞ കുഞ്ഞുപാത്തുമ്മയുടെ ഉമ്മ അവള്‍ക്കു പറഞ്ഞുകൊടുത്ത രഹസ്യം 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്നാണ്. അതൊരു 'കൊമ്പനാന'യായിരുന്നു. ഈ സ്വപ്‌നത്തിന്റെ മയില്‍പ്പീലി വിരിച്ചാണ് കുഞ്ഞിപാത്തുമ്മ വളര്‍ന്നത്. ഈ കൊമ്പനാനയെ ഇന്നത്തെ ഭൗതിക യാഥാര്‍ഥ്യത്തിലേക്ക് ഇറക്കികൊണ്ടുവരാന്‍ ബഷീറിന് ഏതാനും വരികള്‍ മതി.
അനുഭവസമ്പത്താണ് ബഷീറിന്റെ കരുത്ത്. 'ശബ്ദങ്ങള്‍' എന്ന നോവലില്‍ യുദ്ധാനന്തര നായകനെ (Post world war) ബഷീര്‍ സൃഷ്ടിച്ചു. രണ്ടാംലോക മഹായുദ്ധം ഉണ്ടാക്കിയ തന്തയില്ലാത്ത തലമുറയുടെ ഭീതി വിശ്വമഹാകവി ടി.എസ് എലിയറ്റ് പകര്‍ത്തിയത് 'The waste Land' (ഊഷരഭൂമി) എന്ന കൃതിയിലൂടെയാണ്. പക്ഷേ, 'ശബ്ദങ്ങള്‍' എന്ന നോവലിലെ പട്ടാളക്കാരനു അസ്തിത്വ ദുഃഖമുണ്ട്. ഖസാക്കിലെ രവിയല്ല, ശബ്ദങ്ങളിലെ നായകനാണ് മലയാളത്തിലെ ആദ്യത്തെ ആധുനിക നായകന്‍. കമ്യുവിന്റെ 'The out sider' എന്ന നോവലിലെ മ്യൂര്‍ബോള്‍ട്ട് ധിക്കാരിയാണ്, നിഷേധിയാണ്. ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ ഭീകരത ബഷീര്‍ ഏതാനും വരികളിലാണ് കുറിച്ചിടുന്നത്.
ആടിന്റെ ലോകം
ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച ഒരാള്‍ അവസാനം സ്വന്തം വീട്ടുമുറ്റത്ത് തിരിച്ചെത്തുന്നു. ഇതാണ് ബഷീറിന്റെ അവസ്ഥ. ബഷീര്‍ ലോകത്തിന്റെ വിശാലമായ രാജവീഥിയില്‍നിന്ന് കിട്ടിയ അനുഭവത്തെ ഇടവഴിയിലെ ആടിലൂടെ അവതരിപ്പിക്കുന്നു. പാത്തുമ്മയുടെ ആടിനെ നമുക്കു പലതരത്തില്‍ വായിക്കാം. ബഷീറിന്റെ ജീവചരിത്രമായി അതിനെ വായിക്കാം. ഗ്രന്ഥകാരന്റെ വീടും കോഴികളും വളര്‍ത്തുമൃഗങ്ങളും നിറഞ്ഞ ഒരു ലോകമായി ഇതു വ്യാഖ്യാനിക്കാം. കേരളാ സാമൂഹിക ചരിത്രത്തിലെ അധ്യായമായി ഇതിനെ വ്യാഖ്യാനിക്കാം. ബഷീറിനെ കടുത്ത മാനസികരോഗത്തില്‍നിന്ന് മോചിപ്പിച്ച ഒരു കലാസൃഷ്ടിയായി ഇതിനെ വ്യാഖ്യാനിക്കാം. ഒരാടിനെയും കുറേ മനുഷ്യജീവികളെയും ഫോക്കസ് ചെയ്ത ഒരു കഥയായി ഇതിനെ കാണാം. പാത്തുമ്മയുടെ ആട് എല്ലാ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറത്താണ്.
കാല്‍പനിക റിയലിസത്തിന്റെയും ആധുനികതയുടെയും ഭാഷാമണ്ഡലങ്ങള്‍ സൃഷ്ടിച്ചുവിട്ട ദര്‍ശനസമഗ്രത പാത്തുമ്മയുടെ ആടിലുണ്ട്. അനുഭവ തീവ്രതയുടെയും ശില്‍പഭദ്രതയുടെയും കാര്യത്തില്‍ ബഷീറിനെ വെല്ലുന്ന എഴുത്തുകാരന്‍ ഒ.വി വിജയന്‍ മാത്രമാണ്. 'പാത്തുമ്മയുടെ ആടിലെ' ഭാഷയെകുറിച്ച് വി. രാജകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ: കാല്‍പനിക റിയലിസത്തിന്റെയും ആധുനികതയുടെയും ഭാഷയെ ബഷീര്‍ പൊളിച്ചെഴുതുന്നു. പാരമ്പര്യവ്യാകരണത്തെ ചോദ്യംചെയ്ത ഈ കൃതി മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച മൂന്നു നോവലുകളില്‍ ഒന്നായി എം.ടിയും കോവിലനും കാണുന്നു.
ഒ.വിയും കാക്കനാടനും സേതുവും പുനത്തിലും പ്രിയങ്കരമായി ഉപയോഗിച്ച കഥാപാത്ര വക്രീകരണം മലയാളത്തിലാദ്യമായി നാം കാണുന്നത് ബഷീറിലാണ്. കുട്ടാടന്‍ പൂശാരിക്കും അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കക്കും മാതൃകയായി നിലനില്‍ക്കുന്ന കഥാപാത്രങ്ങള്‍ ബഷീറിന്റെ ലോകത്ത് സാധാരണമാണ്. ബഷീറിന്റെ 'മരണത്തിന്റെ നിഴലില്‍' എന്ന കഥ വായിച്ചാല്‍ കാക്കനാടന്‍ ശൈലിയുടെ പൊരുള്‍ മനസിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."