തരംഗമായി ത്രെഡ്‌സ്; അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ യൂസര്‍മാര്‍,സര്‍വ്വകാല റെക്കോര്‍ഡ്
തരംഗമായി ത്രെഡ്‌സ്; അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ യൂസര്‍മാര്‍
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച സുക്കര്‍ ബര്‍ഗിന്റെ ത്രെഡ്‌സിനെക്കുറിച്ചാണ്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ത്രെഡ്‌സ് തരംഗമായിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ യൂസര്‍മാരെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ചാറ്റ്ജിപിറ്റിയുടെ റെക്കോര്‍ഡാണ് തിരുത്തി കുറിച്ചിരിക്കുന്നത്. മാസങ്ങള്‍ എടുത്താണ് ഇവയെല്ലാം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മെറ്റയുടെ കുതിപ്പ് വെറും അഞ്ച് ദിവസം കൊണ്ടാണ്. ജൂലായ് ആറിനാണ് ആപ്പ് പുറത്തിറക്കിയത്. ദിവസം കഴിയുന്തോറും ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് നൂറ് മില്യണ്‍ യൂസര്‍മാരെ സ്വന്തമാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ ആപ്പിന് വേണ്ടി പല പ്രമോഷനുകളും നടത്തിയിട്ടില്ല. ഓര്‍ഗാനിക്കായിട്ടാണ് ആളുകള്‍ ആപ്പ് തേടിയെത്തുന്നതെന്നും സക്കര്‍ബര്‍ഗ് കുറിച്ചു.
ത്രെഡില്‍ സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കളെ സൂചിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ താല്‍ക്കാലിക 'അക്കൗണ്ട് നമ്പറുകള്‍' ചേര്‍ക്കുന്നുണ്ട്. ഈ നമ്പറുകള്‍ കാലക്രമത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. ത്രെഡില്‍ എത്ര ഉപയോക്താക്കള്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ട് എന്നത് അറിയാനും ഇത് സഹായിക്കും. ട്വിറ്ററിന് സമാനമായ ആപ്പെന്ന് പറയുന്നുണ്ടെങ്കിലും ട്വിറ്ററിലുള്ള പല ഫീച്ചറുകളും ഇവിടെ ലഭ്യമല്ല.സ്വകാര്യ സന്ദേശമയയ്ക്കല്‍ (DMകള്‍),ഹാഷ്ടാഗ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്നത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആന്‍ഡ്രോയിഡിലെ ത്രെഡ്‌സ് ആപ്പിന്റെ ബീറ്റ പതിപ്പ് പരീക്ഷിക്കാനുമാവില്ല.
ഇന്‍സ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ ത്രെഡ് ആപ്പ് ഡീലിറ്റ് ചെയ്താല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ടും ഇന്‍സ്റ്റഗ്രാമും വെവ്വേറെ ആക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."