മാറിവരുന്ന തൊഴിൽ സങ്കൽപം മാറേണ്ടതെന്തെല്ലാം?
ഡോ.എം.എൻ മുഹമ്മദുണ്ണി അലിയാസ് മുസ്തഫ, ഷിഫാലി ടി.വി
ഇന്ത്യയുടെ യുവജനസംഖ്യയിൽ സമീപകാലത്ത് വൻ കുതിച്ചുചാട്ടം പ്രകടമാണ്. മൊത്തം ജനസംഖ്യയുടെ 68 ശതമാനവും 15നും 64നും ഇടയിൽപ്രായമുള്ളവരാണെന്ന് യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് (യു.എൻ.എഫ്.പി.എ) 2023 സൂചിപ്പിക്കുന്നു. ഒരു രാജ്യത്തിന്റെ അധ്വാനിക്കുന്ന ജനസംഖ്യയായി ഇത് കണക്കാക്കപ്പെടുന്നു. ഇതിനർഥം ലോകത്തിലെ ഏറ്റവും വലിയ യുവ തൊഴിൽശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ്. ജനസംഖ്യാപരമായ ഈ വളർച്ചയോടെ, സാമ്പത്തിക വളർച്ചയിലും അനുബന്ധ വികസനത്തിലും ഇന്ത്യക്ക് വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്. അതേസമയം, ഇത് പൂർണമായി പ്രയോജനപ്പെടുത്തുന്നതിന്, യുവാക്കൾക്കിടയിലെ തൊഴിൽക്ഷമതയുമായും നൈപുണ്യവികസനവുമായും ബന്ധപ്പെട്ട വെല്ലുവിളികളെ അതിജീവിക്കേണ്ടത് അനിവാര്യമാണ്.
ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായിരുന്നു. മാറ്റത്തിനുള്ള ഉത്തേജകങ്ങളായി യുവാക്കളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും എല്ലാവർക്കും സമൃദ്ധവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ കഴിവുകളും അവസരങ്ങളും അവർക്ക് നൽകാൻ ഒന്നിക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക് ചർച്ചകൾ ഈ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ളതാവണം. എങ്കിൽ മാത്രമേ ഈ വർഷത്തെ യുവജന നൈപുണ്യ ദിനത്തിന്റെ പ്രമേയമായ 'പരിവർത്തിത ഭാവിക്കുവേണ്ടി നൈപുണ്യമുള്ള അധ്യാപകരെയും പരിശീലകരെയും യുവാക്കളെയും തയാറാക്കുക' എന്ന ആശയം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. രാജ്യത്തുടനീളം വിദ്യാഭ്യാസ മാറ്റത്തിന്റെ ചർച്ചകൾ നടക്കുന്ന വർത്തമാനത്തിൽ ഈ പ്രമേയത്തിന് പ്രസക്തിയേറുന്നു
ഉന്നത വിദ്യാഭ്യാസത്തിലെ വിവിധ പ്രോഗ്രാമുകളിലുള്ള വിദ്യാർഥികളുടെ എണ്ണം ഓൾ ഇന്ത്യ സർവേ 2020-21(AISHE) ലൂടെ വ്യക്തമാക്കുന്നുണ്ട്. ബാച്ചിലർ ഓഫ് ആർട്സിൽ(ബി.എ) ഏകദേശം 104 ലക്ഷം വിദ്യാർഥികളും ബാച്ചിലർ ഓഫ് സയൻസിൽ (ബി.എസ്.സി) 49.12 ലക്ഷം വിദ്യാർഥികളും ചേർന്നു. 43.22 ലക്ഷം വിദ്യാർഥികളാണ് ബി.കോമിന് ചേർന്നത്. അതുപോലെ, ബി.ടെകിന് 23.20 ലക്ഷം വിദ്യാർഥികൾ ഉള്ളപ്പോൾ ബാച്ചിലർ ഓഫ് എൻജിനീയറങ്ങിൽൽ (ബി.ഇ.) 13.42 ലക്ഷം വിദ്യാർഥികളാണുള്ളത്. വിദ്യാർഥികളുടെ എൻറോൾമെന്റിൽ 2019-20-ൽ 3.85 കോടിയിൽനിന്ന് 2020-21ൽ 4.14 കോടിയായി വർധിച്ചു.
തൊഴിലും ജനസംഖ്യയും
ലോകബാങ്കിന്റെ വികസന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ തൊഴിൽ- ജനസംഖ്യാ അനുപാതം, 45.86 % മാത്രമാണ്. ഇതിനർഥം തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ജനസംഖ്യയിൽ പകുതിയിലധികവും അതിലേക്ക് എത്തിപ്പെടുന്നില്ല എന്നുള്ളതാണ്. വലിയ തൊഴിൽശക്തിയുണ്ടെങ്കിലും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പാടുപെടുകയാണ്. വിദഗ്ധ തൊഴിലാളികളുടെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. നൈപുണ്യവികസനവും സംരംഭകത്വവും സംബന്ധിച്ച ദേശീയ നയം(2015) പ്രകാരം ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 4.7% പേർ മാത്രമേ ഔപചാരിക നൈപുണ്യ പരിശീലനം നേടിയിട്ടുള്ളൂ എന്നാണ്.
അമേരിക്ക (52%), ജപ്പാൻ(80%), ദക്ഷിണ കൊറിയ(96% ) എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ അവസ്ഥ തുലോം പരിതാപകരമാണ് എന്നുവേണം അനുമാനിക്കാൻ.വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2020 അനുസരിച്ച്, വിവിധ തൊഴിൽമേഖലകൾ റോബോട്ടുകൾ കൈയടക്കുന്നതോടുകൂടി അവരുടെ കാര്യക്ഷമതയും കഴിവും കണക്കാക്കിയാൽ 2025-ഓടെ 85 മില്യൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടും.
എന്നിരുന്നാലും, അതേ കണക്ക് പ്രകാരം, വിവിധ മേഖലകളിൽ രൂപപ്പെടുന്ന നവീന രീതിയിലുള്ള വ്യവസായങ്ങളിൽ 97 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാം. ആരോഗ്യസംരക്ഷണം, ഊർജ പുനരുപയോഗം, വിവര സാങ്കേതിക വിദ്യ എന്നിവ ഇവയിൽ ഗണ്യമായതാണ്.
Content Highlights:Today's Article About Young People and job oppertunity's
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."