തൃശൂര്‍ സമ്പൂര്‍ണ ശൗചാലയ സൗഹൃദ ജില്ലയാകുന്നു
തൃശൂര്‍: തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം ഇല്ലാത്ത ഓപ്പണ്‍ ഡെഫിക്കേഷന്‍ അഥവാ ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1056 ശൗചാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു. ജില്ലയില്‍ 21 ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ ശൗചാലയങ്ങള്‍ സൗഹൃദ പഞ്ചായത്തുകളായി. തൃശൂര്‍ ജില്ലയെ അടുത്ത മാസം 15 ന് സമ്പൂര്‍ണ്ണ ശൗചാലയ സൗഹൃദ ജില്ലയായി പ്രഖ്യാപിക്കും. തുറസായ ഇടങ്ങളിലെ മലവിസര്‍ജനം ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് തുറസായ ഇടങ്ങളിലെ വിസര്‍ജന സാധ്യതകള്‍ ഇല്ലാതാകുംവിധം എല്ലാവര്‍ക്കും എല്ലാകുടുംബങ്ങള്‍ക്കും ശൗചാലയ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഓപ്പണ്‍ ഡെഫിക്കേഷന്‍ അഥവാ ഒ.ഡി.എഫ് എന്ന പേരിട്ട പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2998 ശൗചാലയങ്ങള്‍ പുതുതായി നിര്‍മിക്കണമെന്നാണ് കണക്ക്. ഇതില്‍ 2567 എണ്ണത്തിന്റെ പണി ആരംഭിച്ചതായും 1056 എണ്ണം പൂര്‍ത്തിയാക്കിയതായും പദ്ധതി നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ശൗചാലയ സൗഹൃദ പഞ്ചൂയത്തായും തെരഞ്ഞെടുത്തു. മാടക്കത്തറയ്ക്ക് പുറമെ കോലഴി, അടാട്ട്, കണ്ടാണശ്ശേരി, അവിണിശ്ശേരി, കുഴൂര്‍, വേളക്കര, പോര്‍ക്കുളം, കാട്ടകാമ്പല്‍, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കാറളം, നടത്തറ, മാള, ചൂണ്ടല്‍, അരിമ്പൂര്‍, പറപ്പൂക്കര, ഒരുമനയൂര്‍, മുളങ്കുന്നത്ത്കാവ്, അമണ്ടൂര്‍, കൈപറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ശൗചാലയ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."