അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി; റോഡ് മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക്
അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി; റോഡ് മാര്‍ഗം അന്‍വാര്‍ശേരിയിലേക്ക്
കൊല്ലം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബംഗ്ലുരുവില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനി റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. സുപ്രിംകോടതി നേരത്തെ കര്‍ശന ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിരുന്നു.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയ സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണാ കോടതിയില്‍ ഹാജരാക്കിയ ശേഷം വ്യവസ്ഥകളോടെയാണ് മദനിക്ക് യാത്രാനുമതി നല്‍കിയത്. 15 ദിവസത്തിലൊരിക്കല്‍ വീടുള്‍പ്പെടുന്ന പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇക്കാര്യം കേരളാ പൊലീസ് കര്‍ണാടക പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണം. ചികിത്സാര്‍ഥം ജില്ലവിട്ടുപോകാനും അനുമതിയുണ്ട്. അതേസമയം, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മദനി നാട്ടിലെത്തിയ ശേഷം എറണാകുളത്ത് വിദഗ്ധ ചികിത്സ തേടിയേക്കും. ചികിത്സയുടെ കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നാട്ടിലെത്തി പിതാവിനെ കാണുകയാണ് മദനി ഏറ്റവും ആഗ്രഹിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി.
2014 ല്‍ സുപ്രീം കോടതി നല്‍കിയ ജാമ്യ വ്യവസ്ഥയിലാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഇളവ് നല്‍കിയത്. നേരത്തെ ബംഗളൂരു നഗരം വിട്ടുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് മദനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യരുതെന്ന കര്‍ണാടക പൊലീസിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് മദനി അനുകൂലമായി ഉത്തരവുണ്ടായത്. സാക്ഷിവിസ്താരമുള്‍പ്പെടെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ മദനി കോടതിയില്‍ വരേണ്ടതില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം, വിചാരണാ കോടതി ആവശ്യപ്പെടുന്ന പക്ഷം മദനി ഹാജരാകണം. കേരളത്തിലേക്ക് കര്‍ണാടക പൊലീസ് അകമ്പടി പോകണമെന്ന മുന്‍ വ്യവസ്ഥയും കോടതി മാറ്റി. കേസില്‍ വിധി പ്രസ്താവിക്കും വരെ മദനിയെ ബംഗളൂരു വിട്ടുപോകാന്‍ അനുവദിക്കരുതെന്ന കര്‍ണാടകയുടെ വാദം കോടതി അംഗീകരിച്ചില്ല.
ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന മദനി 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ച് ജാമ്യത്തില്‍ കഴിയുകയാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് മദനി നേരിടുന്നത്. തലയിലെ രക്തക്കുഴലുമായി ബന്ധപ്പെട്ട അസുഖത്തിന് വിദഗ്ധ ചികിത്സ തേടിയാണ് കേരള യാത്രയ്ക്ക് മുമ്പ് അനുമതി ചോദിച്ചത്. ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീം കോടതിയെ സമീപിക്കുമ്പോഴെല്ലാം പലവിധത്തിലുള്ള ആരോപണങ്ങളുമായി പ്രൊസിക്യൂഷന്‍ തടസ്സവാദം ഉന്നയിക്കുമായിരുന്നു. കേസില്‍ അന്തിമ വാദം മാത്രം ബാക്കിയെന്നാണ് കര്‍ണാടകം സുപ്രീം കോടതിയില്‍ അറിയിച്ചത്. വിചാരണ പൂര്‍ത്തിയയെങ്കില്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടെയെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് ചോദിച്ചിട്ടും കര്‍ണാടകം നിലപാട് മാറ്റിയില്ല.
2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മദനിയെ 2010 ഓഗസ്റ്റ് 17നാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."