മണിപ്പൂർ: ഇനിയും ദൂരെയോ നീതി?
മണിപ്പൂരിൽ കലാപത്തിനിടെ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു പെൺകുട്ടികളെ മെയ്ത്തി ആൾക്കൂട്ടം നഗ്നരാക്കി വയലിലേക്ക് നടത്തിക്കുകയും കൂട്ടബലാത്സംഗത്തിരയാക്കുകയും ചെയ്ത സംഭവം രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രിംകോടതി, മണിപ്പൂർ സർക്കാരിന് കടുത്ത മുന്നറിയിപ്പും നൽകി. നിങ്ങൾ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ നടപടിയെടുക്കുമെന്നാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മണിപ്പൂർ സർക്കാരിനെതിരേ താക്കീത് ചെയ്തത്. ആഴത്തിൽ അസ്വസ്ഥമാക്കുന്ന സംഭവമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞത്.
മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് സുപ്രിംകോടതി പലതവണ മണിപ്പൂരിലെ ബി.ജെ.പി സർക്കാരിനെ ഓർമിപ്പിച്ചതാണ്. അവിടെ എല്ലാം ശാന്തമാണെന്നായിരുന്നു കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും സുപ്രിംകോടതിയെ തെറ്റായി അറിയിച്ചിരുന്നത്.
എന്നാൽ, മണിപ്പൂർ ഒരിക്കലും ഒട്ടും ശാന്തമായിരുന്നില്ല. ഇപ്പോൾ കേസെടുക്കുക വഴി നേരിട്ടുള്ള ഇടപെടലാണ് സുപ്രിംകോടതി നടത്തിയിരിക്കുന്നത്. മെയ് നാലിന് നടന്ന ക്രൂരമായ സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിഞ്ഞത്.
മെയ് മൂന്നിനാണ് മണിപ്പൂരിൽ കലാപം തുടങ്ങിയത്. അത് ഇപ്പോഴും തുടരുന്നു. മണിപ്പൂരിൽ എന്തുനടക്കുന്നുവെന്നത് പുറത്തറിയിക്കാതെ എല്ലാം മൂടിവച്ചിരിക്കുകയായിരുന്നു മെയ്ത്തി വിഭാഗക്കാരൻ മുഖ്യമന്ത്രി ബിരേൻ സിങും കേന്ദ്രസർക്കാരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗനത്തിലായിരുന്നു. സംഭവം നടന്ന് 77 ദിവസങ്ങൾക്കുശേഷമാണ് വിഡിയോ പുറത്തുവരുന്നത്. തൗബൽ ജില്ലയിൽ പൊലിസിന്റെ കൺമുന്നിൽ നടന്ന സംഭവത്തിൽ മെയ് 18വരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലെന്നത് ലജ്ജിപ്പിക്കുന്നതാണ്.
സംഭവം നടന്നയുടനെ ഇരകളായ പെൺകുട്ടികൾ കാങ്‌പോപി പൊലിസ് സ്റ്റേഷനിലെത്തി തങ്ങൾക്കുണ്ടായ അനുഭവം പറഞ്ഞതാണ്. പൊലിസ് ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ തയാറായില്ല. പകരം പരാതിക്കാരികളെ മെയ്‌ത്തി ശക്തികേന്ദ്രമായ തൗബലിലെ പൊലിസ് സ്റ്റേഷനിലേക്ക് മടക്കിയയച്ചു. മെയ് 18ന് തൗബൽ ജില്ലയിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഇന്നലെയാണ് ആദ്യ അറസ്റ്റ് ഉണ്ടായത്. ആൾക്കൂട്ടത്തിനിടയിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികളെ എല്ലാം കഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത് പൊലിസാണ്.
എന്നിട്ടും എന്തായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നത്. കുറ്റവാളികളുടെ മുഖം വിഡിയോയിൽ വ്യക്തമാണ്. സൈന്യത്തെ വിന്യസിച്ച ഗ്രാമങ്ങളിൽനിന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടാണ് ഇതുവരെ കഴിയാഞ്ഞത്.
കുക്കികളെ കൊല്ലാൻ സർക്കാർ ആയുധപ്പുരയിൽനിന്ന് മെയ്ത്തികൾക്ക് തോക്കുകളും വെടിയുണ്ടകളും ഗ്രനേഡുകളും കടത്തിക്കൊണ്ടുപോകാൻ സഹായം ചെയ്തു കൊടുത്ത മണിപ്പൂരിലെ ബി.ജെ.പി സർക്കാരിൽ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. പുറത്തുവന്ന വിഡിയോ ഒരു മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. മണിപ്പൂരിലെ ഉൾഗ്രാമങ്ങളിൽ എന്തെല്ലാം നടന്നുവെന്ന് ഇതിൽനിന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം രാജ്യത്തിന് നാണക്കേടാണെന്നും കുറ്റവാളികളെ വെറുതെവിടില്ലെന്നും നരേന്ദ്രമോദി പറഞ്ഞിരിക്കുന്നു.
വിഡിയോ കണ്ടപ്പോൾ തന്റെയുള്ളിൽ വ്യസനവും കോപവും നിറഞ്ഞുവെന്നാണ് മോദിയുടെ വാക്കുകൾ. മണിപ്പൂരിൽ കലാപം തുടങ്ങി മൂന്നുമാസം പിന്നിട്ടിരിക്കുന്നു. ആദ്യമായാണ് മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടുന്നത്. മണിപ്പൂരിന്റെ മകൾക്ക് സംഭവിച്ചത് പൊറുക്കാൻ കഴിയില്ലെന്ന് മോദി പറയുന്നു. മണിപ്പൂരിന്റെ മക്കൾ തെരുവിൽ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അമേരിക്കക്കാർക്ക് യു.എസ് കോൺഗ്രസിൽ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് ക്ലാസെടുക്കുകയായിരുന്നു നരേന്ദ്രമോദി.
കലാപം തടയാൻ എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ട് മണിപ്പൂരിൽ നിന്നുള്ള ജനപ്രതിനിധികളായ കുറെ മനുഷ്യർ ഡൽഹിയിൽ മോദിയെ കാണാൻ ദിവസങ്ങൾ കാത്തുകിടന്നതാണ്. അതിൽ മോദിയുടെ പാർട്ടിക്കാരുമുണ്ടായിരുന്നു. മോദി ആരെയും കണ്ടില്ല. ആരെയും കേട്ടുമില്ല. എന്നാലോ അമേരിക്കയിലേക്ക് വിമാനം കയറി. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷവും മോദി മണിപ്പൂരിനെക്കുറിച്ചൊന്നും മിണ്ടിയില്ല. പകരം സംസാരിച്ചത് ഏക സിവിൽകോഡില്ലാത്തതിനാൽ മുസ്‌ലിം സ്ത്രീകൾ അനീതിക്കിരയാകുന്നുവെന്നാണ്. കാപട്യമെന്നല്ലാതെ മറ്റെന്തു പറയാൻ!
എന്താണ് മോദിയുടെ ഇപ്പോഴത്തെ പ്രതികരണത്തിൽ നിന്ന് രാജ്യം മനസ്സിലാക്കേണ്ടത്. മണിപ്പൂരിൽ എന്തു നടക്കുന്നുവെന്ന് നമ്മെപ്പോലെ മോദിയും അറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോയിൽ നിന്നാണെന്നോ! മണിപ്പൂരിന്റെ ഉൾഗ്രാമങ്ങളിൽ എന്തുനടക്കുന്നുവെന്ന് പ്രധാനമന്ത്രിയെ രാജ്യത്തെ ഇന്റലിജൻസ് സംവിധാനങ്ങൾ അറിയിച്ചില്ലെന്നോ! അവിശ്വസനീയം, അങ്ങനെ നടിക്കുന്നത് കാപട്യമാണ്. എല്ലാം എല്ലാവരും അറിഞ്ഞു. ജനം മാത്രമാണ് വൈകി അറിഞ്ഞത്.
വിഷയത്തിൽ പാർലമെന്റിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും പാർലമെന്റ് ചർച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ തള്ളിയിരിക്കുന്നു. ചർച്ചയെല്ലാം സമയം നിശ്ചയിച്ച് ചെയ്യാമെന്നാണ് സർക്കാർ ന്യായം. പാർലമെന്റ് തീയതിയും സമയവും കുറിച്ച് ചർച്ച ചെയ്യേണ്ട അക്കാദമിക വിഷയമല്ല മണിപ്പൂർ. അത് ഇപ്പോഴും കത്തുകയാണ്. കലാപത്തിന്റെ രണ്ടാംനാൾ സാഹചര്യമിതായിരുന്നുവെങ്കിൽ എന്തായിരിക്കും മൂന്നു മാസത്തിലധികമായി തുടരുന്ന കലാപത്തിന്റെ ആഴമെന്ന് കൂടി ഓർക്കണം. മണിപ്പൂരിൽ കൊല്ലപ്പെട്ടവർ 150ൽ താഴെയെന്ന സർക്കാരിന്റെ കണക്കും തള്ളിക്കളയേണ്ടതാണ്. കണ്ടതിലും കേട്ടതിലും ഭീകരമാണ് മണിപ്പൂർ. എത്രയും പെട്ടെന്ന് ഇതിന് അറുതിയുണ്ടാകണം.
മുഖ്യമന്ത്രി ബിരേൻ സിങ്ങിന് അധികാരത്തിൽ തുടരാനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടതാണ്. പുതിയ സാഹചര്യത്തിൽ ഒരു നിമിഷംപോലും അദ്ദേഹം അധികാരത്തിലിരിക്കരുത്. രാജ്യം കത്തിയെരിയുമ്പോൾ, ചാരിത്ര്യധ്വംസനം അരങ്ങേറുമ്പോൾ അധികാരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഇൗ 'അട്ട', ഇന്ത്യക്കുതന്നെ അപമാനമാണ്. മുഴുവൻ കുറ്റവാളികളും അറസ്റ്റ് ചെയ്യപ്പെടണം. അതിജീവിതകളായവർക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാകണം. ഇതൊന്നും ചെയ്യാനാവുന്നില്ലെങ്കിൽ ലോകത്തിനുമുമ്പിൽ തലയിൽ മുണ്ടിടേണ്ടിവരും ഇന്ത്യക്ക്.
Content Highlights:Editorial about manipur 3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."